ബസ് സ്റ്റോപ്പിനു വേണ്ടി കുഴിച്ചു; കണ്ടെത്തിയത് മണ്ണിനടിയിലൊരു റോമൻ കോട്ട!
റോമൻ ചക്രവർത്തി ജൂലിയസ് സീസറെപ്പറ്റി കൂട്ടുകാർ ചരിത്രപുസ്തകത്തിൽ വായിച്ചിട്ടുണ്ടാകും. ബിസി 55ൽ അദ്ദേഹം മുതൽ പലരും പല കാലങ്ങളിലായി ബ്രിട്ടനെ ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എഡി 43–47 കാലഘട്ടങ്ങളിൽ അതു വിജയം കാണുകയും ചെയ്തു. ബ്രിട്ടണിലെ തെംസ് നദി കേന്ദ്രീകരിച്ച് ഒരു കേന്ദ്രം നിർമിക്കുകയായിരുന്നു റോമാക്കാരുടെ ലക്ഷ്യം. അതുവഴി ലോകവ്യാപാരം നിയന്ത്രിക്കുകയെന്നതു തന്നെ കാര്യം. ഇതിന്റെ ഭാഗമായി ലണ്ടനിലും മറ്റു പ്രധാന നഗരങ്ങളിലും റോഡുകളും കെട്ടിടങ്ങളും കോട്ടകളുമൊക്കെ കെട്ടിപ്പൊക്കിയിരുന്നു റോമാക്കാർ. പക്ഷേ കാലക്രമേണ അവയെല്ലാം മണ്ണടിഞ്ഞു പോയി. അവയ്ക്കു മുകളിൽ വമ്പൻ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നുവന്നു. അപ്പോഴും ഇടയ്ക്കിടെ മണ്ണിനടിയിൽ നിന്ന് റോമൻ അവശിഷ്ടങ്ങൾ തല പൊക്കാറുണ്ട്. അത്തരമൊരു കണ്ടെത്തലാണ് ഇപ്പോൾ ബ്രിട്ടിഷ് പുരാവസ്തു ഗവേഷകരെ അമ്പരപ്പിച്ചു സംഭവിച്ചിരിക്കുന്നത്.
അവിടത്തെ എക്സിറ്റെർ നഗരത്തിൽ ഒരു ബസ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങളുമായി കുഴിയെടുത്തു കൊണ്ടിരിക്കുകയായിരുന്നു തൊഴിലാളികൾ. അപ്പോഴാണ് പഴയകാലത്തെ ഓവു ചാലു പോലൊരു ഭാഗം കണ്ടെത്തുന്നത്. വേറെ ചിലയിടത്തും കുഴിച്ചു നോക്കി, അവിടെയും സമാനമായ കാഴ്ച തന്നെ. ചില തൊഴിലാളികൾക്കു പലതരം മണ്‍പാത്രങ്ങളുടെ കഷ്ണങ്ങളും നാണയങ്ങളും മറ്റു കൗതുകവസ്തുക്കളും ലഭിച്ചു. അതോടെ പുരാവസ്തു വകുപ്പിനെ വിവരമറിയിച്ചു. അവർ വന്നു പരിശോധിച്ചപ്പോൾ കണ്ടെത്തിയതാകട്ടെ ഒരു കോട്ടയുടെ അവശിഷ്ടവും. കോട്ടയോടു ചേർന്നുള്ള ഓവുചാലുകളുടെ നിർമാണം റോമൻ രീതിയിലായിരുന്നു. റോമാക്കാർ ആയുധം സൂക്ഷിക്കാനായി നിർമിച്ച കോട്ടയുടെ അവശിഷ്ടങ്ങളാണു കണ്ടെത്തിയതെന്നാണു ഗവേഷകരുടെ പ്രാഥമിക നിഗമനം.
ഒട്ടും താമസിയാതെ മേഖലയാകെ കെട്ടിത്തിരിച്ചു കൂടുതൽ പരിശോധനയും തുടങ്ങി. 1960ൽ നിർമിച്ച ബസ് സ്റ്റേഷന്റെ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു സിറ്റി കൗൺസിൽ. കൂടുതൽ ഭാഗത്തേക്ക് സ്റ്റേഷൻ വ്യാപിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഒഴിഞ്ഞുകിടന്ന സ്ഥലത്താണ് കോട്ടയുടെ അവശിഷ്ടം കണ്ടെത്തിയതെന്നതിനാൽ ബസ് സ്റ്റേഷന്റെ പ്രവർത്തനവും തടസ്സപ്പെടില്ല. 1960ൽ സ്റ്റേഷന്റെ നിർമാണ സമയത്തും പലതരം പാത്രങ്ങളും മറ്റും ലഭിച്ചിരുന്നതായി പറയപ്പെടുന്നു. അന്നതാരും ശ്രദ്ധിച്ചില്ല. പിന്നീട് അരനൂറ്റാണ്ട് കഴിയേണ്ടി വന്നു കോട്ടയ്ക്കു ‘ശാപമോക്ഷം’ ലഭിക്കാൻ. ഇത്തരമൊരു കോട്ട ഇവിടെയുണ്ടായിരുന്നതായി ചരിത്ര രേഖകളിലൊന്നുമുണ്ടായിരുന്നില്ല. അതിനാൽത്തന്നെ ഇതിന് എത്ര പഴക്കമുണ്ടെന്നും വ്യക്തമല്ല.
രൂപഘടനയിൽ ആയുധപ്പുരയാണെന്നു തോന്നുമെങ്കിലും മറ്റേതെങ്കിലും ആവശ്യത്തിനു വേണ്ടിയാണോ നിർമിച്ചതെന്നും പരിശോധിക്കുന്നുണ്ട്. സൈന്യത്തിനു പരിശീലനം നൽകാന്‍ വേണ്ടി നിർമിച്ചതാണെന്നും കരുതുന്നവരുണ്ട്. ഫ്രാൻസിൽ നിർമിച്ച പാത്രങ്ങളുടെയും മറ്റും അവശിഷ്ടങ്ങളാണ് ഇതിനു തെളിവാകുന്നത്. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന പാത്രങ്ങളുടെ അവശിഷ്ടങ്ങൾ ഏറെ കണ്ടെത്തിയതും ഇതു സൈനിക കേന്ദ്രമായിരുന്നുവെന്നതിന്റെ തെളിവ് നൽകുന്നു. ലോകമഹായുദ്ധങ്ങൾക്കു ശേഷം ഒട്ടേറെ മാറ്റങ്ങളാണ് എക്സിറ്റെർ സിറ്റിയിൽ സംഭവിച്ചത്. യുദ്ധകാലത്ത് ഒട്ടേറെ കെട്ടിടങ്ങൾക്കു ബോംബിങ്ങിലും മറ്റും കേടുസംഭവിച്ചിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നഗരത്തിലെ നിർമാണ പ്രവർത്തനങ്ങളും ശക്തമാക്കി. കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞു. ചരിത്രപരമായ പല അടയാളങ്ങളും വിസ്മൃതിയിലേക്ക് ആഴ്ന്നു പോയി. അതിനാൽത്തന്നെ പുതിയ കണ്ടെത്തലിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട് സിറ്റി കൗൺസിൽ. എഡി 55ൽ എക്സിറ്റെറില്‍ നിർമിച്ച മറ്റൊരു റോമൻ കോട്ടയുടെ അവശിഷ്ടം 1970കളിൽ കണ്ടെത്തിയിരുന്നു. പിന്നീടു പലപ്പോഴും നഗരത്തിലെ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ പഴയകാല കെട്ടിടങ്ങളുടെയും കോട്ടകളുടെയും ആയുധപ്പുരകളുടെയും അവശിഷ്ടങ്ങളും കണ്ടെത്തി. അക്കൂട്ടത്തിലേക്കാണിപ്പോൾ പുതിയ കോട്ടയുടെ വരവ്.