തിയറ്റർ പൊളിച്ചു പണിയാൻ മണ്ണെടുത്തു; കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന സ്വർണ നിധി
മണ്ണിൽ പുതഞ്ഞു കിടക്കുന്ന പഴയൊരു മൺപാത്രം. ഒറ്റക്കാഴ്ചയിൽ അത്രയേയുണ്ടായിരുന്നുള്ളൂ. എന്നാൽ തുറന്നപ്പോഴാണു ഞെട്ടിപ്പോയത്. നിറയെ പളപളാ മിന്നുന്ന സ്വർണനാണയങ്ങൾ! കണ്ണഞ്ചിപ്പോയ അവസ്ഥയിലായിരുന്നു പുരാവസ്തു ഗവേഷകർ, വടക്കൻ ഇറ്റലിയിലാണു സംഭവം. സ്വിറ്റ്സർലൻഡുമായി അതിർത്തി പങ്കിടുന്ന കോമോ എന്ന പ്രദേശത്ത് പഴയൊരു തിയറ്ററുണ്ട്. ക്രെസോനി തിയേറ്റർ എന്നു പേര്. പത്തൊൻപതാം നൂറ്റാണ്ടിൽ നിർമിച്ച ആ തിയറ്ററിൽ ആദ്യകാലത്ത് നൃത്ത–സംഗീത പരിപാടികളായിരുന്നു നടന്നിരുന്നത്. എന്നാൽ ഇരുപതാം നൂറ്റാണ്ടോടെ തിയറ്റർ സിനിമയുടെ പിടിയിലായി. പക്ഷേ മറ്റുള്ള തിയറ്ററുകൾക്കൊപ്പം പിടിച്ചു നിൽക്കാൻ സാധിക്കാത്തതു കൊണ്ടോ എന്തോ 1997ൽ തിയറ്റർ അടയ്ക്കേണ്ടി വന്നു.
ഇറ്റാലിയൻ സാംസ്കാരിക വകുപ്പിനെ സംബന്ധിച്ചിടത്തോളം പക്ഷേ ഏറെ വിലപിടിച്ചതായിരുന്നു ഇത്തരമൊരു സ്മാരകം. അക്കാര്യം തെളിയിക്കുന്നതായിരുന്നു ഇപ്പോൾ ലഭിച്ചിരിക്കുന്ന സ്വർണ നിധിയും. തിയറ്റർ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായുള്ള നിർമാണ പ്രവൃത്തികളിലായിരുന്നു സർക്കാർ. അതിനു മുൻപ് തിയറ്ററും പരിസരവും പരിശോധിക്കാനായി പുരാവസ്തു ഗവേഷകരെയും നിയോഗിച്ചു. അവർ മൊത്തം കുഴിച്ചു മറിച്ചു പരിശോധിക്കുന്നതിനിടെയാണ് ആംഫോറ എന്നറിയപ്പെടുന്ന പഴയതരം പാത്രം കണ്ടെത്തിയത്.
നീളത്തിലുള്ള ഒരു തരം മൺപാത്രമാണിത്. ഇരുവശത്തും രണ്ടു പിടികളുമുണ്ടാകും. പഴയ കാലത്ത് റോമിൽ ധാന്യങ്ങളും വെള്ളവുമെല്ലാം സംഭരിച്ചു വയ്ക്കാൻ ഉപയോഗിച്ചതായിരുന്നു ഇത്. എന്നാൽ കോമോയിൽ നിന്നു പുരാവസ്തു ഗവേഷകർക്കു ലഭിച്ച ആംഫോറയ്ക്കുള്ളിൽ നൂറുകണക്കിനു സ്വർണനാണയങ്ങളായിരുന്നു. റോമൻ ഇംപീരീയൽ കാലഘട്ടത്തിലെ നാണയങ്ങളായിരിക്കും ഇവയെന്നാണു കരുതുന്നത്. അതായത് അഞ്ചാം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്നവ! പാത്രത്തിലായതിനാൽത്തന്നെ കാലമിത്രയായിട്ടും നാണയങ്ങൾക്കു കാര്യമായ കേടുപാടും പറ്റിയിരുന്നില്ല.
നാണയങ്ങളുടെ ചരിത്രപരമായ പ്രത്യേകത ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഇറ്റാലിയൻ സാംസ്കാരിക വകുപ്പ് പറയുന്നു. ഇവയുടെ മൂല്യവും നിർണയിക്കാനായിട്ടില്ല. പക്ഷേ സാംസ്കാരിക വകുപ്പിന് ഒരു കാര്യത്തില്‍ ഉറപ്പുണ്ട്– സ്വർണനാണയം ലഭിച്ച പ്രദേശത്തു മുഴുവന്‍ കൂടുതൽ ഗവേഷണം അനിവാര്യമാണ്. ഒളിച്ചിരിക്കുന്ന നിധികൾ ഇനിയും ഏറെ കണ്ടെത്തേണ്ടതുണ്ട്. ഇതാദ്യമായല്ല ഇറ്റലിയിൽ നിന്ന് അമ്പരപ്പിക്കുന്ന ഇത്തരം വാർത്തകളെത്തുന്നത്. ഏതാനും വർഷം മുൻപ് ഒരു മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു. പാറ വീണു മരിച്ച നിലയിലായിരുന്നു അത്. ഇന്നത്തെ നേപ്പിൾസിനു സമീപമുള്ള പുരാതന നഗരം പോംപെയ്‌യുടെ അവശിഷ്ടങ്ങൾ ഗവേഷകർ പരിശോധിക്കുന്നതിനിടെയായിരുന്നു കണ്ടെത്തൽ.
വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചാണ് പോംപെയ് നഗരം തകർന്നടിഞ്ഞതെന്നാണു കരുതുന്നത്. എഡി 79ൽ നടന്ന ആ സംഭവത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പാറ വീണു മരിച്ചയാളുടെ അസ്ഥികൂടമാണു കണ്ടെത്തിയതെന്നാണു പുരാവസ്തു ഗവേഷകർ പറയുന്നത്. പോംപെയ്‌യിൽ നിന്ന് അടുത്തിടെ ഒരു പഴയകാല പടക്കുതിരയുടെ അസ്ഥികൂടവും ഗവേഷകർ കണ്ടെത്തിയിരുന്നു. മൂന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ഒരു കെട്ടിടവും മണ്ണിനടിയിൽ നേരത്തെ കണ്ടെത്തിയിരുന്നു. റോമിൽ പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നതിനു മണ്ണെടുക്കുന്നതിനിടെയായിരുന്നു അത്.