കഴുതയെന്നു പറഞ്ഞ് എല്ലാവരും കളിയാക്കി; മണ്ണു കുഴിച്ചപ്പോൾ ‘ലോട്ടറിയടിച്ചു’
ജീവിതത്തിലാദ്യമായി ലോട്ടറിയെടുത്ത് അതിനു തന്നെ ഒന്നാം സമ്മാനം അടിച്ചയാളുടെ അവസ്ഥയിലായിരുന്നു ഇംഗ്ലണ്ടിലുള്ള റോൺ സിൽവസ്റ്റർ. അറുപത്തിയൊൻപതുകാരനായ ഇദ്ദേഹം ജീവിതത്തിലാദ്യമായാണ് ഒരു മെറ്റൽ ഡിറ്റക്ടറുമായി നിധിവേട്ടയ്ക്കിറങ്ങിയത്. ഇംഗ്ലണ്ടിലെ ബക്കിങ്ങാംഷയറിലായിരുന്നു കറക്കം. അവിടമാകട്ടെ പണ്ടുകാലത്തെ നാണയങ്ങളും ആഭരണങ്ങളുമൊക്കെ മണ്ണിനടിയിൽ നിന്നു ലഭിക്കുന്നതിനു പ്രശസ്തവും. ഡിറ്റക്ടറുമായി ചുമ്മാ പാടത്തും പറമ്പിലുമൊക്കെ അലഞ്ഞു തിരിയുന്ന നിധിവേട്ടക്കാരെ പലപ്പോഴും കാണാം. റോണിന്റെ സുഹൃത്ത് മൈക്ക് അത്തരത്തിലൊരാളായിരുന്നു. കക്ഷിക്കൊപ്പം ഒരു കൗതുകത്തിന്റെ പുറത്ത് മെറ്റൽ ഡിറ്റക്ടറുമായി ഇറങ്ങിയതായിരുന്നു റോൺ.
നടന്ന് ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും, ഡിറ്റക്ടർ ‘ബീപ് ബീപ്’ അടിച്ചു. മണ്ണു കുഴിച്ചു നോക്കുമ്പോഴാകട്ടെ ലോട്ടറിയടിച്ച അവസ്ഥയും. ഇരുമ്പുയുഗത്തിലെ, അതായത് ഏകദേശം 2000 വർഷം പഴക്കമുള്ള നാണയമായിരുന്നു മണ്ണിനടിയിൽ. ഒരു കുതിരയുടെ അവ്യക്തരൂപം കൊത്തിയ നാണയം അപൂർവങ്ങളിൽ അപൂർവമായിരുന്നു. Tasciovnos Ver എന്നു വിശേഷിപ്പിക്കപ്പെടുന്ന നാണയത്തിന്റെ മറ്റു രൂപങ്ങൾ നേരത്തെയും ലഭിച്ചിട്ടുണ്ട്. അന്ന് ഏകദേശം 35,000 രൂപയ്ക്കാണതിലൊന്ന് ലേലത്തിൽ പോയത്.
പരസ്പരം പോരടിച്ചിരുന്ന ഗോത്രവിഭാഗക്കാർ ബ്രിട്ടനിൽ സജീവമായിരുന്ന കാലത്ത് ഉപയോഗത്തിലുണ്ടായിരുന്നതായിരുന്നു നാണയം. അതായത് ബിസി 800 മുതൽ റോമാക്കാർ അധിനിവേശത്തിനെത്തിയ എഡി 43 വരെയുള്ള കാലഘട്ടത്തിൽ. വെങ്കലയുഗത്തിനു പിന്നാലെ സ്വർണം ഉപയോഗിച്ച് ഉപകരണങ്ങളും ആയുധങ്ങളും നിർമിക്കാൻ ആരംഭിച്ച സമയം കൂടിയായിരുന്നു അത്. പുരാവസ്തു ഗവേഷകരെ സംബന്ധിച്ച് ബ്രിട്ടനിലെ ഇരുമ്പുയുഗത്തെപ്പറ്റി കാര്യമായ അറിവുമില്ല. അക്കാലത്തെക്കുറിച്ച് കൃത്യമായി അടയാളപ്പെടുത്തിയ രേഖകളൊന്നും അത്രയേറെ കണ്ടെത്താനാകാത്തതാണു കാരണം. അതിനാൽത്തന്നെ ചരിത്രപരമായി ഏറെ മൂല്യമുള്ളതുമാണ് ഈ നാണയം.
നാണയം മണ്ണിൽ നിന്നെടുത്തപ്പോൾ പക്ഷേ എല്ലാവരും റോണിനെ കളിയാക്കി ചിരിക്കുകയായിരുന്നു. കാരണം, എല്ലാവരും കരുതിയത് അതിന്മേൽ ഒരു കഴുതയുടെ പടമാണെന്നായിരുന്നു. ആദ്യമായി കണ്ടെത്തിയതു നല്ലസ്സൽ സംഗതിയാണെന്നു പറഞ്ഞായിരുന്നു പലരുടെയും കളിയാക്കൽ. കുട്ടികളുടെ ചിത്രമായ ഷ്റെക്കിലെ കഴുതയോടാണ് പലരും ആ നാണയത്തിലെ രൂപത്തെ ഉപമിച്ചത്. എന്നാൽ പിന്നീട് സൂക്ഷ്മപരിശോധനയിൽ നാണയത്തിലുള്ളത് കുതിരയുടെ ചിത്രമാണെന്നും ഇത്രയും കാലം മണ്ണിൽ കിടന്ന് മുഖത്തിന്റെ ഭാഗം ദ്രവിച്ചു പോയതാണെന്നും വ്യക്തമാവുകയായിരുന്നു. നാണയത്തെ ബാക്കിയെല്ലാവരും കഴുതയെന്നു വിളിച്ചു കളിയാക്കിയപ്പോൾ സംഘത്തലവൻ മാർക്ക് ബെച്ചെറിനു സംശയം തോന്നി പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
ജാവലിൻ ത്രോ വിദഗ്ധനായ റോൺ കോച്ചായി വിരമിച്ചതിനു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. നാട്ടിലുള്ള പലരും മെറ്റൽ ഡിറ്റക്ടറുമായി ഭാഗ്യപരീക്ഷണത്തിനിറങ്ങിയിരുന്നെങ്കിലും റോൺ ഇന്നേവരെ അതിനു മുതിർന്നിരുന്നില്ല. അതിനിടെയാണ് 40 പേരടങ്ങുന്ന സംഘം നിധിവേട്ടക്കിറങ്ങുന്ന വിവരം മൈക്ക് പറയുന്നത്. അദ്ദേഹമാണെങ്കിൽ എല്ലാ ദിവസവും നിധി തേടി കറങ്ങുന്നയാളും. എന്നാലൊന്നു കൂട്ടുപോയേക്കാം എന്നു കരുതി ഒപ്പമിറങ്ങിയതായിരുന്നു റോൺ. സംഘത്തിലുള്ള ബാക്കിയെല്ലാവരും പ്രഫഷണലായി നിധിവേട്ടയെ കാണുന്നവരായിരുന്നു. പക്ഷേ ആർക്കും ഒന്നും കിട്ടിയില്ലെന്നു മാത്രം. മൈക്കിനോടു കാര്യം പറഞ്ഞപ്പോഴും ‘അവിശ്വസനീയം’ എന്നായിരുന്നു മറുപടി. എന്തായാലും തനിക്ക് ആദ്യമായി കിട്ടിയ ‘നിധി’യെന്ന നിലയ്ക്ക് നാണയം വിൽക്കാതെ സൂക്ഷിക്കാനാണു റോണിന്റെ തീരുമാനം.