കണ്മുന്നിൽ ആനയും കുതിരയും ഭീമൻ മത്സ്യവും; ഈ സർക്കസ് നിങ്ങളെ ഞെട്ടിക്കും! (വിഡിയോ)
രണ്ടു കാലിൽ നിൽക്കുന്ന ആന, പന്തുകള്‍ അമ്മാനമാടുന്ന കുരങ്ങന്മാർ, തീവളയത്തിനിടയിലൂടെ ചാടുന്ന സിംഹവും കടുവയും, സാഹസിക പ്രകടനങ്ങളുമായി കുതിരകൾ... ഹൊ, ഒരു സർക്കസ് കാണാൻ പോയാൽ എന്തൊക്കെ രസികൻ കാഴ്ചകളാണ്. പക്ഷേ മൃഗങ്ങളെ കഠിനമായി പരിശീലിപ്പിച്ചാണ് ഈ അഭ്യാസപ്രകടനങ്ങളെല്ലാം പഠിപ്പിക്കുന്നത്. ചില സർക്കസുകളിൽ ഇവയെ ഏറെ വേദനിപ്പിക്കുന്ന പരിശീലന രീതികളുമുണ്ട്. അങ്ങനെയാണു സർക്കസുകളിൽ മൃഗങ്ങളെ ഉപയോഗിക്കരുതെന്ന് ഇന്ത്യയും ഇറ്റലിയും അയർലൻഡും പോലുള്ള രാജ്യങ്ങൾ തീരുമാനിച്ചത്.
പക്ഷേ അടുത്തിടെ ജർമനിയിൽ ഒരു സർക്കസ് നടന്നു. സർക്കസ് റിങ്ങിനു ചുറ്റും കാണികൾ. അങ്ങനെയിരിക്കുമ്പോഴുണ്ട് അതാ റിങ്ങിന്റെ ചുറ്റിലും കുതിരകൾ ഓടുന്നു. പെട്ടെന്ന് അവയെ കാണാതായി. പകരം വന്നത് ഒരു വമ്പൻ ആഫ്രിക്കൻ ആന. അതിങ്ങനെ രണ്ടു കാലിൽ നിൽക്കുമ്പോഴേക്കും ചുറ്റിലും കയ്യടികൾ. തൊട്ടടുത്ത നിമിഷമതാ റിങ്ങിനു നടുവിൽ ഒരു വമ്പൻ സ്വർണമീൻ നീന്തുന്നു. പിന്നാലെ പാരച്യൂട്ടിൽ നീങ്ങുന്ന കുരങ്ങച്ചൻ... മൃഗങ്ങൾ തൊട്ടുമുന്നിൽ നിന്നിട്ടും ചുറ്റിലുമിരിക്കുന്ന ആർക്കും പക്ഷേ യാതൊരു പേടിയുമില്ല. ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നായിരിക്കും കൊച്ചുകൂട്ടുകാരിപ്പോൾ ചിന്തിക്കുന്നത്.
ജര്‍മനിയിലെ പ്രശസ്ത ട്രൂപ്പായ സർക്കസ് റൊംകാലിയാണ് ഈ പുത്തൻ തന്ത്രത്തിനു പിന്നിൽ. റിങ്ങിലേക്ക് ഒരൊറ്റ മൃഗം പോലും വരില്ല, എന്നാൽ സർക്കസ് കാണാൻ വന്നവർക്കു മുന്നിൽ മൃഗങ്ങളുടെ വമ്പൻ പ്രകടനങ്ങളായിരിക്കും നടക്കുക. ലേസർ ബീമുകൾ ഉപയോഗിച്ച് മൃഗങ്ങളുടെ ഹോളോഗ്രാം രൂപങ്ങളുണ്ടാക്കിയാണ് സർക്കസ് റൊംകാലിയുടെ പരീക്ഷണം. സംഗതി വൻ വിജയമാവുകയും ചെയ്തു. വിവിധ അഭ്യാസ പ്രകടനങ്ങളും മൃഗങ്ങളുടെ പ്രദർശനവുമെല്ലാമായി 1976 മുതൽ യൂറോപ്യൻ രാജ്യങ്ങളെ അമ്പരപ്പിക്കുന്ന സംഘമാണ് സർക്കസ് റൊംകാലി. അതിനിടെയാണ് മൃഗങ്ങളെ സർക്കസിൽ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നത്. അവരെ തടയാനൊന്നും സർക്കസ് റൊംകാലി സംഘം നിന്നില്ല. മൃഗങ്ങൾക്കു പകരം മറ്റെന്തു വെറൈറ്റി കൊണ്ടു വരാമെന്ന് ആലോചിച്ചു. അങ്ങനെയാണ് രണ്ടു വർഷം മുൻപ് ഹോളോഗ്രാം മൃഗങ്ങളെ പരീക്ഷിക്കുന്നത്. 2018 മുതൽ യഥാർഥ മൃഗങ്ങളെ സർക്കസിന് ഉപയോഗിക്കേണ്ടെന്നും കമ്പനി തീരുമാനിച്ചു.
ഇക്കാലമത്രയും ഹോളോഗ്രാം പരീക്ഷണം നടത്തുന്നുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൊന്നിൽ വന്ന വിഡിയോയാണ് സംഗതി ലോകപ്രശസ്തമാക്കിയത്. അതിലായിരുന്നു കുതിരകളുടെയും ആനയുടെയുമെല്ലാം ഹോളോഗ്രാം പ്രകടനം. അതോടെ ലോകമെമ്പാടുമുള്ള മൃഗസ്നേഹികളും പറഞ്ഞു– ‘ഇനി സന്തോഷത്തോടെ റൊംകാലി സർക്കസിനു പോകാം’. 3ഡി ഹോളോഗ്രാമുകൾ പ്രൊജക്ട് ചെയ്താണ് റൊംകാലി സംഘം ലോകത്തെ അമ്പരപ്പിച്ചത്. ഇതിനു വേണ്ടി 15 സോഫ്റ്റ്‌വെയർ എൻജിനീയർമാരെയും 3 ഡി ഡിസൈനർമാരെയും നിയോഗിച്ചു. 11 ലേസർ ബീമുകളും തയാറാക്കി. ഒപ്റ്റോമ കമ്പനിയാണ് വേണ്ട സൗകര്യങ്ങളൊരുക്കി നൽകിയത്.
ഏറെ റിഹേഴ്സലുകൾക്കു ശേഷമാണ് ലോകത്തിനു മുന്നിലേക്ക് 3ഡി മൃഗങ്ങളെ എത്തിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കമ്പനിയിലേക്ക് അഭിനന്ദനമറിയിച്ചുള്ള മെയിലുകളും എത്തുന്നു. ഇതാദ്യമായിട്ടല്ല സാങ്കേതിക വിദ്യ ഉപയോഗിച്ച് റൊംകാലി ലോകത്തെ അമ്പരപ്പിക്കുന്നത്. അടുത്തിടെ അക്രോബാറ്റിക് പ്രകടനങ്ങൾക്കായി സർക്കസ് സംഘം റിങ്ങിലെത്തിച്ചത് ഒരു റോബട്ടിനെയായിരുന്നു. മനുഷ്യനൊപ്പമുള്ള റോബട്ടിന്റെ പ്രകടനത്തെയും കയ്യടികളോടെയാണ് കാണികൾ സ്വീകരിച്ചത്.