സ്വർണത്തിൽ മുക്കിയെടുത്ത തങ്കത്താറാവ്! ; വിഡിയോ. Ruddy Shelduck, PAdhippura, Manorama Online

സ്വർണത്തിൽ മുക്കിയെടുത്ത തങ്കത്താറാവ്! ; വിഡിയോ

ഡോ. അബ്ദുല്ല പാലേരി

ഇംഗ്ലീഷ്‌പേര്‌: Ruddy Shelduck / Brahminy Shelduck
ശാസ്ത്രനാമം :Tadorna ferruginea കുടുംബം: Anatidae

സ്വർണത്തിൽ മുക്കിയെടുത്തതുപോലെ അഴകാർന്ന പക്ഷിയാണ്‌ തങ്കത്താറാവ് (Ruddy Shelduck). ചിറകടിക്കുമ്പോൾ സ്വർണവിശറികൾ വീശുന്നത് പോലെ തോന്നും. കേരളത്തിൽ പുറത്തൂർ, ആലപ്പുഴ, എനാമാവ്, കാട്ടാമ്പള്ളി, കടമക്കുടി തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ പക്ഷിയെ മുൻപ് പലതവണയായി കണ്ടത്. വർഷത്തിൽ ഒരു പ്രത്യേക കാലത്ത് ഒരു സ്ഥലത്തു വന്ന് തങ്ങി പിന്നെ സ്വദേശത്തേക്കു തിരികെ പോകുന്ന പക്ഷികളാണ് ദേശാടനപ്പക്ഷികൾ. എന്നാൽ അപ്രതീക്ഷമായി കേരളത്തിൽ എത്തുന്ന ചില പക്ഷികൾ ഉണ്ട്. ചിലതു മറ്റിടങ്ങളിലേക്ക് ദേശാടനത്തിനു പോകുമ്പോൾ വിശ്രമത്തിനായി ഇവിടെ ഇത്തിരിക്കാലം തങ്ങുന്നവയാണ്. കാറ്റിലും കോളിലും പെട്ട് ചില പക്ഷികൾ ഇവിടെ കരയണയാറുണ്ട്. വിരളമായി വഴിതെറ്റി എത്തുന്ന പക്ഷികളുമുണ്ട്. ഇത്തരം പക്ഷികളെ ആകസ്മിക സന്ദർശകർ (Vagrants). എന്നാണ് വിളിക്കുക. തങ്കത്താറാവ് ഒരു ആകസ്മിക സന്ദർശകനാണെന്ന് കരുതാം.

ദേശാടനക്കാലം
യൂറോപ്പ്, ആഫ്രിക്ക, വടക്കു കിഴക്കൻ ഏഷ്യ എന്നിവടങ്ങളാണ് ജന്മദേശം. ഇതു സന്താനോത്പാദനം നടത്തുന്ന ഏറ്റവും അടുത്ത പ്രദേശങ്ങൾ സിക്കിമും ലഡാക്കുമാണ്. ശിശിരകാലത്ത് തെക്കേ ഇന്ത്യയിലേക്ക് ദേശാടനം നടത്തും. ഒക്ടോബർ, നവംബർ മാസങ്ങളിൽ ദേശാടനത്തിനു വന്ന് ഏപ്രിൽ മെയ് മാസത്തിൽ സ്വദേശത്തേക്കു തിരികെ പോവുകയാണ് പതിവ്.

ഇഷ്ടം തീരം
വിശാലമായ പുഴകളും തടാകങ്ങളുമാണ് ഇതിന്റെ ഇഷ്ടപ്പെട്ട താവളങ്ങൾ. മിക്കപ്പോഴും തീരത്തു കഴിയാനാണ് താൽപര്യം. പൊതുവെ നീന്താൻ മടിയാണ്. പകൽ ഏറെ നേരവും വിശ്രമിച്ചും ചിറകു മിനുക്കിയും ഇരിക്കും. മുഖ്യമായും രാത്രിയാണ് ഇരതേടുന്നത്. പൊതുവെ ഇണയായിട്ടാണ് കാണുന്നതെങ്കിലും ഇണപിരിഞ്ഞു വ്യത്യസ്ത ഇടങ്ങളിലാണ് ഇരതേടുന്നത്. സമീപത്തു മറ്റു പക്ഷികൾ ഇരതേടുന്നത് ഒട്ടും ഇഷ്ടമല്ല. തൊട്ടടുത്ത് ഇരതേടുന്ന സ്വജാതിയിലെ പക്ഷികളെ പോലും വിരട്ടിയകറ്റും. പിട തല താഴ്ത്തിപ്പിടിച്ച് അപരിചിതരെ പിന്തുടർന്ന് തുരത്തും. തുടർന്നു പൂവനു ചുറ്റും ഓടി അതിക്രമിച്ചു കയറിയവരെ തുരത്താൻ പ്രേരിപ്പിക്കും.

ജലസസ്യങ്ങളും ചെടിത്തണ്ടുകളും ധാന്യങ്ങളുമാണ് ഇഷ്ടാഹാരം. പ്രാണി, കക്ക, ചെമ്മീൻ ഇവയും അകത്താക്കും. പൊതുവെ ജോടി ആയിട്ടാണ് കാണപ്പെടുന്നത്. ചിലപ്പോൾ ചെറുകൂട്ടങ്ങളായും കാണാം. അപൂർവമായി ആയിരക്കണക്കിനു പക്ഷികളുള്ള വൻ കൂട്ടങ്ങളെയും കാണാം.

മെയ്, ജൂൺ മാസങ്ങളിൽ കൂടുകൂട്ടും. ജലാശയങ്ങളിൽ നിന്ന് ഏറെ അകലയെയാണ് കൂടുണ്ടാക്കുക. ജീവിതകാലത്ത് ഒരു ഇണയെ മാത്രമേ സ്വീകരിക്കൂ. മരപ്പൊത്തുകളിൽ തൂവലുകൾ വിരിച്ചാണു കൂടൊരുക്കുക. പെൺ താറാവാണ് കൂട് നിർമിക്കുന്നത്. ഒരുകൂട്ടിൽ 10 വരെ മുട്ടയിടും. ആനക്കൊമ്പിന്റെ നിറമാണ് മുട്ടകൾക്ക്. പെൺപക്ഷി അടയിരിക്കും. ‌28-30 ദിവസമാണ് അടയിരിപ്പു കാലം. കുഞ്ഞുങ്ങൾ പറക്കമുറ്റാൻ എട്ടാഴ്ച എടുക്കും. പൂവനും പിടയും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റും. ദേഹത്തിനു മിക്കവാറും സുവർണത്തവിട്ടു നിറമാണ്. വാൽ കറുത്തിട്ടാണ്. പറക്കുമ്പോൾ ചിറകോരത്തെ കറുപ്പ് നിറം തെളിഞ്ഞു കാണാം പെണ്ണിന്റെ ശിരസ്സും മുഖവും ആണിന്റേതിനേക്കാൾ വെളുത്തിരിക്കും. പ്രജനന കാലത്ത് ആൺ പക്ഷിയുടെ കഴുത്തിൽ ഒരു കറുത്ത വലയം പ്രത്യക്ഷപ്പെടാറുണ്ട്.