ഇറാനിൽ‍‍‍ നിന്ന് പരുന്ത് എസ്എംഎസ് അയച്ചു, ചെലവ് എത്രയെന്നോ?, Russian eagles, Roaming sms, Cellular bill, Padhippura, Manorama Online

ഇറാനിൽ‍‍‍ നിന്ന് പരുന്ത് എസ്എംഎസ് അയച്ചു, ചെലവ് എത്രയെന്നോ?

നവീൻ മോഹൻ

ദേശാടന പക്ഷികളുടെ ദേഹത്തു പലതരം ഉപകരണങ്ങൾ ഘടിപ്പിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറത്തി വിടാറുണ്ട്. പറന്നുപറന്നു പോകുന്നതിനിടെ അവയുടെ ദേശാടനപാത അറിയുന്നതിനു വേണ്ടിയാണത്. റഷ്യയിലെ ഒരുകൂട്ടം ഗവേഷകർ ഒരിനം പരുന്തിന്റെ ദേഹത്തു പ്രത്യേക ഉപകരണം ഘടിപ്പിച്ച് പറത്തിവിട്ടു. പക്ഷേ അതു പറന്നു പോയതോടെ ഉഗ്രൻ പണി കിട്ടിയത് ഗവേഷകർക്കു തന്നെയായിരുന്നു. പഠനത്തിനു വേണ്ടി അനുവദിച്ചിരുന്ന പണം മുഴുവനും പരുന്ത് ‘പറന്നു’ തീർത്തു. എങ്ങനെയാണെന്നല്ലേ? അക്കഥയാണ് ഇനി പറയാൻ പോകുന്നത്.

സൈബീരിയയിൽ നിന്നുള്ള റഷ്യൻ റാപ്റ്റര്‍ റിസർച് ആൻഡ് കൺസർവേഷൻ നെറ്റ്‌വർക്ക് (ആർആര്‍ആർസിഎൻ) എന്ന ഗവേഷക കൂട്ടായ്മയായിരുന്നു ദേശാടന പക്ഷികളെപ്പറ്റി പഠിക്കാൻ പദ്ധതിയൊരുക്കിയത്. പല രാജ്യങ്ങൾ താണ്ടി ദേശാടനത്തിനു കഴിവുള്ള സ്റ്റേപ്പ് പരുന്തുകളിലായിരുന്നു ഇവരുടെ പരീക്ഷണം. അക്വില നിപാലെൻസിസ് എന്നു ശാസ്ത്രീയ നാമമുള്ള 13 സ്റ്റേപ്പ് പരുന്തുകളെ ഗവേഷകർ ദൗത്യത്തിനു വേണ്ടി തിരഞ്ഞെടുത്തു. ഓരോന്നിനും ഓരോ പേരുമിട്ട്, എല്ലാറ്റിന്റെയും ദേഹത്ത് ഒരോ ജിപിഎസ്–ജിഎസ്എം ട്രാക്കറുകളും ഘടിപ്പിച്ചു. പരുന്ത് എവിടെയൊക്കെ പറക്കുന്നോ അപ്പോഴെല്ലാം കൃത്യമായ ഇടവേളകളിൽ സാറ്റലൈറ്റുകളുമായി ഈ ഉപകരണം ബന്ധപ്പെടും. എന്നിട്ടു സ്ഥലത്തെപ്പറ്റിയുള്ള ശാസ്ത്രീയ വിവരങ്ങൾ ഉപകരണത്തിലെ ഇന്റേണൽ മെമറിയിൽ സൂക്ഷിക്കും. മൊബൈൽ നെറ്റ്‌വർക്കുള്ള ഏതെങ്കിലും പ്രദേശത്തെത്തുമ്പോൾ ജിഎസ്എം വഴി ഉപകരണം റഷ്യയിലേക്ക് എസ്എംഎസ് അയയ്ക്കും.

ദിവസത്തിൽ നാലു തവണയാണ് എസ്എംഎസ് അയയ്ക്കുക. ഇനിയിപ്പോൾ ഒരു ദിവസം മുഴുവൻ മൊബൈൽ നെറ്റ്‌വർക്കില്ലാത്ത സ്ഥലത്തു കൂടിയാണ് പരുന്ത് പറന്നതെന്നിരിക്കട്ടെ. നാലു സന്ദേശങ്ങൾ ഇത് അയയ്ക്കാതെ സൂക്ഷിച്ചു വയ്ക്കും. നെറ്റ്‌‌വർക്ക് വരുന്നതോടെ സൂക്ഷിച്ചു വച്ച മെസേജുകളും റഷ്യയിലേക്കു പറക്കും. പതിനായിരക്കണക്കിനു കിലോമീറ്റർ ദൂരം എത്ര ദിവസമെടുത്തു പറന്നാലും ആ വിവരമെല്ലാം ഗവേഷകര്‍ക്കു കൃത്യമായി ലഭിക്കുമെന്നു ചുരുക്കം. പക്ഷേ കൂട്ടത്തിൽ മിൻ എന്ന പരുന്താണ് വില്ലനായത്. കസഖ്സ്ഥാനിലെത്തിയ മിന്നിന് ഒരിടത്തു പോലും മൊബൈൽ നെറ്റ്‌വർക്ക് കണ്ടെത്താനായില്ല. ഒരു വേനൽക്കാലം മുഴുവനും നെറ്റ്‌വർക്കില്ലാത്ത ഭാഗത്തു കൂടിയായിരുന്നു യാത്ര. അങ്ങനെ ദിവസവും നാല് എസ്എംഎസുകൾ വീതം ഇതു ശേഖരിച്ചു വച്ചു. മിന്നിന് എന്തുപറ്റിയെന്ന് ആലോചിച്ചു കൊണ്ടിരുന്ന ഗവേഷകരെ അമ്പരപ്പിച്ച് ഒക്ടോബറിൽ ഒരു ദിവസം ദാ വരുന്നു ചറപറ സന്ദേശങ്ങൾ.

മിൻ പറന്ന് ഇറാനിലെത്തിയപ്പോഴായിരുന്നു നാളുകൾക്കു ശേഷം ഒരു മൊബൈൽ ടവർ തന്നെ കാണാൻ സാധിച്ചത്. ഒരു എസ്എംഎസിന് മൂന്ന് യുഎസ് സെന്റായിരുന്നു ഗവേഷകർ നിശ്ചയിച്ചിരുന്നത്. കസഖ്സ്ഥാനിൽ നിന്ന് റഷ്യയിലേക്ക് സന്ദേശം അയയ്ക്കാൻ റോമിങ് ചാർജും കുറവാണ്. പക്ഷേ ഇറാനിലെത്തിയപ്പോൾ ആ തുക ഇരട്ടിയ്ക്കിരട്ടിയായി. അതായത്, ഒരു എസ്എംഎസിന് ചെലവ് 77 സെന്റ്! മാസങ്ങളോളം കെട്ടിക്കിടന്ന മെസേജ് എത്തിയതോടെ മിന്നിന്റെ എസ്എംഎസുകൾക്കു മാത്രം ചെലവു വന്നത് ഒരു ദിവസം 100 ഡോളറിനും മേലെ (ഏകദേശം 7000 രൂപ). കുറച്ചേറെ നാളത്തേക്ക് ഇതുതന്നെയായിരുന്നു സ്ഥിതി.