ഉഗാണ്ടയിലെ കൂട്ടുകാർക്ക് കിണർ നിർമിച്ചു നൽകിയ ബാലൻ

ശ്രീപ്രസാദ്

റയാൻ റെൽജെക്ക് എന്ന ബാലനെ കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ? മനുഷ്യന് ഒഴിച്ചുകൂടാനാകാത്ത കുടിവെള്ളം എല്ലാവരിലേക്കും എത്തണമെന്ന് ചെറുപ്പംമുതൽ ആഗ്രഹിക്കുകയും അതിനുവേണ്ടി ഇന്നും ജീവിക്കുകയും ചെയ്യുന്നു നമ്മുടെ പ്രിയപ്പെട്ട റയാൻ. ആറാം വയസിൽ നഴ്സറി ക്ലാസിൽ വച്ച് ടീച്ചർ പറഞ്ഞ ഒരു സംഭവമാണ് അവന്റെ ജീവിതം മാറ്റിമറിച്ചത്.

അന്നാണ് കാനഡക്കാരനായ റയാൻ ആദ്യമായി ആഫ്രിക്കയിലെ കുടിവെള്ള പ്രശ്നത്തെക്കുറിച്ച് കേൾക്കുന്നത്. അവിടെ തന്റെ പ്രായമുള്ള കുട്ടികൾ ഒത്തിരി ദൂരം നടന്നാണ് കുടിവെള്ളം എടുക്കാൻ പോകുന്നതെന്ന് ടീച്ചർ പറഞ്ഞപ്പോൾ അവന് വിഷമമായി. അവൻ വീട്ടിൽ വന്ന് അക്കാര്യം അമ്മ സൂസനോടു പറഞ്ഞു. ‘എനിക്ക് ആഫ്രിക്കയിലെ എന്റെ കൊച്ചുകൂട്ടുകാർക്ക് നല്ല വെള്ളം കുടിക്കാൻ ഒരു കിണർ നിർമിച്ചുകൊടുക്കണം’. അമ്മയ്ക്ക് അത് തമാശയായിട്ടാണ് ആദ്യം തോന്നിയത്. 72 ഡോളറുണ്ടെങ്കിൽ കിണർ നിർമിക്കാമെന്നായിരുന്നു അവന്റെ ചിന്ത. എന്നാൽ വീട്ടിലെ ചില്ലറ ജോലികൾ ചെയ്താൽ 72 ഡോളർ തരാമെന്നായി അമ്മ. പക്ഷേ, ‘അത്യധ്വാനം’ ചെയ്തു കിട്ടിയ ആ ചെറിയ തുക ഒന്നിനും മതിയാകില്ലെന്ന് അവനു താമസിയാതെ മനസിലായി. 2000 ഡോളറെങ്കിലും വേണം ആഫ്രിക്കയിലെ ഉഗാണ്ടയിൽ ഒരു കിണർ നിർമിക്കാൻ. കുഞ്ഞു റയാന് അതു സാധിക്കുമോ? പക്ഷേ അവൻ പിന്തിരിഞ്ഞില്ല.

നാട്ടിൽ പരിചയമുള്ള ആളുകൾക്കും ക്ലബുകൾക്കും അടുത്തേക്ക് ഉഗാണ്ടയിൽ കിണർ നിർമിക്കാൻ സഹായം തേടി അവൻ ചെന്നു. ആ കുഞ്ഞുമനസിന്റെ നന്മയിൽ അങ്ങനെ നാട്ടുകാരും പങ്കാളികളായി. 1999ൽ റയാന്റെ സ്വപ്നം പൂവണിഞ്ഞു. ഉഗാണ്ടയിലെ ആഗ്ലോ പ്രൈമറി സ്കൂൾ വളപ്പിൽ അവന്റെ നേതൃത്വത്തിൽ ആദ്യ കിണർ‌ കുത്തി. ജീവിതം ശുദ്ധജലത്തിനായി സമർപ്പിക്കപ്പെട്ട ആ ബാലന്റെ കരുത്തുള്ള ജീവിതം അവിടെനിന്നു തുടങ്ങുകയായിരുന്നു. അധികം താമസിയാതെ റയാന്റെ പേരിൽ വികസ്വര രാജ്യങ്ങളിലെ കുടിവെള്ള സംരക്ഷണ ദൗത്യവുമായി കിണർ ഫൗണ്ടേഷൻ രൂപീകരിക്കപ്പെട്ടു. റയാന്റെ നേതൃത്വത്തിലുള്ള ആയിരാമത്തെ കിണർ 2015ൽ സ്ഥാപിക്കപ്പെട്ടതും ഉഗാണ്ടയിൽ തന്നെയാണ്. 16 രാജ്യങ്ങളിൽ കുടിവെള്ളം എത്തിക്കാൻ എട്ടു ലക്ഷം ഡോളറിലേറെ റയാന്റെ നേതൃത്വത്തിൽ ചെലവാക്കിയിട്ടുണ്ട്.