സ്കൂളിൽ ഉണ്ടായേക്കാവുന്ന അപകട സാധ്യതകള്‍ ; മുരളി തുമ്മാരുകുടി,  Safety at school, Muralee Thummarukudy, UN, Padhippura, Manorama Online

സ്കൂളിൽ ഉണ്ടായേക്കാവുന്ന അപകട സാധ്യതകള്‍ ; മുരളി തുമ്മാരുകുടി

ഒരു വിദ്യാർഥി ദിവസത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കുന്നത് സ്കൂളുമായി ബന്ധപ്പെട്ടാണ്. സ്കൂളിലെ സുരക്ഷയിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരു പോലെ ഉത്തരവാദിത്തമുണ്ട്. സ്കൂളിൽ ഉണ്ടായേക്കാവുന്ന ചില അപകട സാധ്യതകളെക്കുറിച്ച് യുഎൻ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി പറഞ്ഞുതരുന്നു.

1. ക്ലാസ്മുറികൾ: തുറന്നുകിടക്കുന്ന സ്വിച്ച്ബോർ‍‍ഡുകൾ, ബലക്ഷയമുള്ള ബെഞ്ച്, ‍ഡെസ്ക് എന്നിവ അപകടങ്ങൾ ഉണ്ടാക്കാം. ഇത്തരം പ്രശ്നങ്ങൾ നിങ്ങളുടെ ക്ലാസ്മുറിയിലുണ്ടെങ്കിൽ ഉടൻ അധ്യാപകരെ വിവരമറിയിക്കുക.

2. സ്കൂൾ ലാബുകൾ: രാസവസ്തുക്കൾ നിറഞ്ഞ രസതന്ത്ര ലാബുകളിലും വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന വസ്തുക്കളുള്ള ഫിസിക്സ് ലാബുകളിലും പ്രവർത്തിക്കുമ്പോൾ അധ്യാപകരുടെ മേൽനോട്ടം ആവശ്യമാണ്. തീ, വൈദ്യുതി, രാസവസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ വേണ്ട മുൻകരുതലുകൾ എടുക്കുക.

3. സ്കൂൾ വരാന്തകൾ: ബഹുനിലക്കെട്ടിടങ്ങളുള്ള സ്കൂളുകളിൽ മുകൾനിലകളിലെ അടച്ചുറപ്പില്ലാത്ത വരാന്തകളിൽ നിൽക്കുമ്പോഴും നടക്കുമ്പോഴും കൂട്ടുകാർ ശ്രദ്ധിക്കേണ്ടതുണ്ട്.

4. കോണിപ്പടികൾ: സ്കൂളിലെ കോണിപ്പടികൾ പതുക്കെ കയറുകയും ഇറങ്ങുകയും ചെയ്യുക. കോണിപ്പടികളിലൂടെ ഓടിക്കളിക്കുന്നത് അപകടങ്ങൾക്കു കാരണമാകും.

5. കളിസ്ഥലങ്ങൾ: കളിക്കിടെ വീഴുന്നതും മുറിവു പറ്റുന്നതുമൊക്കെ സാധാരണമാണല്ലോ. മുറിവു പറ്റിയാൽ പോലും അധ്യാപകരെ കാണുകയും ഫസ്റ്റ് എയ്‍ഡ് നൽകാൻ ആവശ്യപ്പെടുകയും ചെയ്യുക. കായിക മത്സരങ്ങൾക്കിടയിൽ വലിയ അപകടസാധ്യതകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. ‍ജാവലിൻ ത്രോ, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ മത്സരങ്ങൾക്കിടയിൽ ഫീൽഡിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടതുണ്ട്.

6. ജലാശയങ്ങൾ: നീന്തൽ പരിശീലനമുള്ള സ്കൂളുകളിൽ അധ്യാപകരുടെ മേൽനോട്ടത്തിൽ മാത്രമേ പരിശീലനത്തിനിറങ്ങാവൂ. സ്കൂളിനു സമീപം മറയില്ലാത്ത കിണറുകൾ ഉണ്ടെങ്കിൽ അവിടേയ്ക്കു പോകാതിരിക്കുക. മഴക്കാലത്ത് തോടുകൾ, കിണറുകൾ, കുളങ്ങൾ ഒക്കെ നിറഞ്ഞൊഴുകുകയായിരിക്കും. അതിനടുത്തു പോകാതിരിക്കുക എന്നതാണു യുക്തി.

7. ലൈബ്രറി: മറിഞ്ഞുവീഴാൻ സാധ്യതയുണ്ട് എന്നതിനാൽ അലമാരകളിൽ നിന്നും പുസ്തകങ്ങൾ ശ്രദ്ധയോടെ എടുക്കണം.

8. സ്കൂളിലേക്കുള്ള യാത്രകൾ: റോഡുകളും റെയിൽവേപാളങ്ങളും മുറിച്ചുകടക്കുന്നതു ശ്രദ്ധയോടെ വേണം. പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾക്കു റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനങ്ങളുടെ വേഗം മനസ്സിലാക്കാൻ കഴിയാത്തതിനാൽ മുതിർന്നവർ അവരെ സഹായിക്കേണ്ടതും അത്യാവശ്യമാണ്. ഓടുന്ന വാഹനത്തിൽ നിന്നു ചാടിയിറങ്ങുന്നതോ വാഹനത്തിലേക്കു ചാടിക്കയറുന്നതോ അപകടം വിളിച്ചു വരുത്തും.

9. ചേർത്തുനിർത്താം ഇവരെ;ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പ്രത്യേക പരിഗണന അർഹിക്കുന്നവരാണ്. അപകടസാഹചര്യങ്ങൾ തിരിച്ചറിയാനോ തിരിച്ചറിഞ്ഞാൽ പെട്ടെന്നു പ്രതികരിക്കാനോ അവർക്കു സാധിച്ചെന്നു വരില്ല. അധ്യാപകരുടെയും മറ്റു വിദ്യാർഥികളുടെയും സഹായം അവർക്ക് വേണ്ടിവരും.