കണ്ണെത്താദൂരത്തോളം മണൽക്കൂനകള്‍; ആരാണ് സഹാറയെ വമ്പൻ മരുഭൂമിയാക്കിയത്?
‘ഏതാണ് ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി...?’ ചോദ്യത്തിന് ഉത്തരമായി ആരും കണ്ണുംപൂട്ടി പറയും ‘സഹാറ’യെന്ന്. ഏകദേശം 92 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശം നിറയെ മണലുമായി ഈ മരുഭൂമിയിങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. പക്ഷേ പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് സഹാറ ഇങ്ങനെയൊന്നും ആയിരുന്നില്ല. അവിടെയും പുല്ലും ചെടികളും കുളങ്ങളുമൊക്കെയുണ്ടായിരുന്നു. മനുഷ്യന്മാരും മൃഗങ്ങളും സുഖമായി ജീവിക്കുകയും ചെയ്തിരുന്നു. ഇത്രയേറെ പരന്നു കിടക്കുന്ന സ്ഥലത്തിനു പിന്നെ ഒറ്റയടിക്ക് എന്തു സംഭവിച്ചു? അവിടെയുള്ള ചെടികളൊക്കെ ആരു തിന്നു തീർത്തു?
ആടുകളും മറ്റുമായി ചുറ്റിക്കറങ്ങുന്ന നാടോടികളാണ് ഇതിനു പിന്നിലെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. അവയ്ക്കൊപ്പമുള്ള മൃഗങ്ങൾ പ്രദേശത്തെ ചെടികളെല്ലാം തിന്നു തീർത്തെന്നായിരുന്നു ഗവേഷകരും കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ അതിലൊരു ചെറിയ തിരുത്തു വന്നിരിക്കുകയാണ്. ഒരിക്കൽ ‘പച്ചപ്പും ഹരിതാഭയും’ പുതച്ചു കിടന്നിരുന്ന സഹാറ നശിച്ചു പോകാതെ 500 വർഷത്തേക്കെങ്കിലും കാത്തുരക്ഷിച്ചത് ഈ നാടോടികളാണെന്നതാണ് ആ തിരുത്ത്.
‘ആഫ്രിക്കൻ ഹ്യുമിഡ് പിരീഡ്’ എന്നറിയപ്പെടുന്ന കാലഘട്ടത്തിലാണ് സഹാറയിൽ ജീവജാലങ്ങളൊക്കെ സുഖമായി കഴിഞ്ഞിരുന്നത്. അക്കാലത്ത് പലപ്പോഴും മൺസൂൺ മഴ ഇവിടെ പതിവായിരുന്നു. അതോടെ വരണ്ടു പോകാത്ത വിധം മേഖല തണുത്തുകുളിച്ചു നിന്നു. പക്ഷേ ഭൂമിയുടെ ഭ്രമണപഥത്തിൽ മാറ്റംവന്നതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ഓരോ 20,000 വർഷം കൂടുമ്പോഴും വരുന്ന ഈ മാറ്റമാണ് സഹാറ മരുഭൂമിയെ ഇന്നത്തെ രൂപത്തിലേക്കു മാറ്റിയത്. മഴയില്ലാതായി, സസ്യജാലങ്ങളെല്ലാം കരിഞ്ഞുണങ്ങി, ഏകദേശം 5500 വർഷം മുൻപ് സഹാറ ഇന്നത്തെ രൂപത്തിലേക്കു മാറി.
ഇതോടൊപ്പം മനുഷ്യന്റെ ഇടപെടലും മേഖലയിലെ സസ്യ–ജന്തു ജാലങ്ങൾ നശിക്കാൻ കാരണമായി കണക്കാക്കിയിരുന്നു. അക്കാലത്ത് പ്രകൃതിയെ മനുഷ്യൻ ഏറെ ആശ്രയിച്ചിരുന്നുവെന്നതു തന്നെ അത്തരമൊരു നിഗമനത്തിനു കാരണം. എന്നാൽ സഹാറയിൽ സംഗതി നേരെ മറിച്ചായിരുന്നു. വടക്കേ ആഫ്രിക്കയാണു തങ്ങളുടെ ജന്മസ്ഥലം എന്നു വിശ്വസിച്ചിരുന്ന വിഭാഗക്കാരായിരുന്നു ഇവിടത്തെ നാടോടികൾ. ഏകദേശം 8000 വർഷം മുൻപായിരുന്നു ഈ വിഭാഗക്കാർ ജീവിച്ചിരുന്നത്. നാടോടികളായതിനാൽ തന്നെ കറങ്ങിയടിച്ചു തിരികെയെത്തുമ്പോൾ സഹാറയിലുണ്ടായിരുന്ന മാറ്റം കൃത്യമായി മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് സഹാറ കരിഞ്ഞുണങ്ങുകയാണെന്നും അവർ തിരിച്ചറിഞ്ഞത്.
അതോടെ പ്രദേശത്തു മൃഗങ്ങളെ മേയ്ക്കുന്നതിൽ നിയന്ത്രണം വരുത്തി. ആടുമേയ്ക്കലിനായി പ്രത്യേക സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുത്തു, അവിടെ ചെടികൾ വളർത്തി. ചെടികൾ ധാരാളമുള്ള മറ്റിടങ്ങളിലേക്ക് മൃഗങ്ങളുമായി ദേശാടനം നടത്തുകയും ചെയ്തു. ജീവിതരീതികളിലും മാറ്റം വരുത്തി. അമിതമായി പ്രകൃതി വിഭവങ്ങൾ ധൂർത്തടിക്കുന്നതും നിർത്തി. ഫലത്തിൽ ജനസംഖ്യ കൂടിയതും മൃഗങ്ങളെ വളർത്തുന്നതുമൊന്നും സഹാറയിലെ ചെടികളുടെ വളർച്ചയെ ബാധിച്ചില്ല. മാത്രവുമല്ല, സസ്യജാലം പ്രതീക്ഷിച്ചതിലും ഏറെക്കാലം കൂടി സമൃദ്ധിയോടെ വളരാനും നാടോടികളുടെ ഇടപെടൽ സഹായിച്ചു. അതായത്, നശിച്ചു പോകുമെന്നു കരുതിയതിനേക്കാളും ഏകദേശം 500 വർഷം കൂടി!
സഹാറയിലെ പാറകളിൽ കണ്ടെത്തിയ ചിത്രങ്ങളിൽ നിന്നാണ് മേഖലയിലെ പഴയകാല വിവരങ്ങൾ ഗവേഷകർക്കു ലഭിച്ചത്. എന്തായാലും ആരാണ് സഹാറയെ മരുഭൂമിയാക്കിയത് എന്നതിന് ‘മനുഷ്യനല്ല’ എന്നാണ് ഏറ്റവും പുതിയ ഉത്തരം. പകരം കാലാവസ്ഥാ വ്യതിയാനമാണെന്ന് ഉറപ്പിച്ചു പറയാമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.