ചിരിച്ച് പഠിച്ച് തുടങ്ങാം
എൻ.വി. കൃഷ്ണദാസ്
പ്രളയകാലത്തിന് ശേഷം കുട്ടികൾ സ്കൂളിലെത്തുമ്പോൾ അതിജീവനത്തിന്റെയും കരുത്തിന്റെയും പാഠങ്ങളുമായി
അവരെ വരവേൽക്കാം, എല്ലാം മറന്ന് അവർ ചിരിക്കട്ടെ... അവരുടെ കളിചിരികൾസ്കൂളിൽ മുഴങ്ങട്ടെ..
ഒരുമയുടെയും സ്നേഹത്തിന്റെയും കഥകൾ അവർ പങ്കുവയ്ക്കട്ടെ....
ഇന്നു പാഠമാല ചൊല്ലാനോ, ഗണിതം വശമാക്കാനോ കുട്ടികളെ നിർബന്ധിക്കാതിരിക്കാം. അവരെ കുട്ടിക്കാലത്തിന്റെ മധുരമായ ആലസ്യങ്ങളിലേക്ക് ആനയിക്കാം. ആ ആലസ്യങ്ങളിലിരുന്ന് അവർ പാട്ടുകൾ പാടട്ടെ, കഥകൾ പറയട്ടെ. മറ്റൊന്നിനെക്കുറിച്ചും ആവലാതിപ്പെടാതിരിക്കാം.
രണ്ടാഴ്ചത്തെ പ്രളയകാല അനുഭവങ്ങൾ പിന്നിട്ടു കുട്ടികൾ ഇന്നു വീണ്ടുമെത്തുമ്പോൾ അവരെ വരവേൽക്കാൻ പുതിയൊരു സ്കൂൾ തന്നെയാണ് ഒരുങ്ങിയിരിക്കുന്നത്. വെള്ളത്തെ നേരിടാൻ നാം കോർത്ത കരങ്ങൾക്കു മുന്നിൽ ഇതൊന്നും അത്ര വലിയ പ്രശ്നമല്ലെന്നു തിരിച്ചറിയുക.
വീണ്ടുമെത്തുന്ന പലർക്കും പഠിക്കാൻ പുസ്തകമില്ലെന്ന ആശങ്കയുണ്ടാകും. അതു വേണ്ട. കാരണം പാഠപുസ്തകം നഷ്ടപ്പെട്ടവർക്ക് അതു നൽകാൻ സൗകര്യവുമൊരുക്കിക്കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. നഷ്ടപ്പെട്ട നോട്ട് ബുക്കോ, ഇൻസ്ട്രുമെന്റ് ബോക്സോ നിങ്ങൾക്കു പ്രശ്നമാവില്ല, അതെല്ലാം ഉടൻ ലഭ്യമാക്കുമെന്ന ഉറപ്പുണ്ട്. എല്ലാം മറന്നു മുന്നേറുമെന്നു മനസ്സിലുറപ്പിച്ചു വീണ്ടുമൊരു അധ്യയനത്തിലേക്കാവട്ടെ കുഞ്ഞുങ്ങളുടെ കാൽവയ്പ്. നമുക്ക് അവരെ കൈപിടിച്ചു ക്ലാസിലിരുത്താം.
ജില്ലയിൽ പ്രളയബാധിതമായ 117 സ്കൂളുകളും, ദുരിതാശ്വാസ ക്യാംപുകളായി 140 സ്കൂളുകളുമാണ് ഉണ്ടായിരുന്നത്. ഇവയിൽ ഏഴെണ്ണം ഒഴികെ ബാക്കി എല്ലാ സ്കൂളും ഇന്നു തുറക്കുമെന്നു ഡിഡിഇ സി.എ. സന്തോഷ് പറഞ്ഞു. ചില സ്കൂളുകളിൽ അസൗകര്യങ്ങളുണ്ടാകുമെങ്കിലും വൈകാതെ അവയും പൂർവസ്ഥിതിയിലാക്കും. സന്നദ്ധസംഘടനകളുടെയും, സ്കൂൾ–പിടിഎ അധികൃതരുടെയും സഹകരണത്തോടെയാണ് ഈ സ്കൂളുകൾ പഴയ നിലയിലേക്ക് തിരിച്ചെത്തിയത്.
പല സ്കൂളുകളിലും പല രീതിയിലുള്ള നഷ്ടങ്ങളുണ്ട്. നഷ്ടം സ്കൂൾ തുറന്നു രണ്ടു ദിവസത്തിനകം ശേഖരിക്കും. ഐടി ഉപകരണങ്ങൾ, കംപ്യൂട്ടർ, സ്മാർട് ക്ലാസ് മുറികളിലെ സ്ക്രീനുകൾ, പ്രൊജക്ടറുകൾ എന്നിവ നശിച്ചുപോയതിലുൾപ്പെടും.
ഓഫിസ് രേഖകളിൽ വീണ്ടും തയാറാക്കാൻ സാധിക്കുന്നവ ആ രീതിയിൽ പുനഃസൃഷ്ടിക്കും. അല്ലാത്തവയുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും.
തരാട്ടോ, പുസ്തകങ്ങളും ഇൻസ്ട്രുമെന്റ് ബോക്സും
ജില്ലയിൽ ടെക്സ്റ്റ്ബുക്കുകൾ നഷ്ടപ്പെട്ടവർക്ക് അതു വിതരണം ചെയ്യും. യൂണിഫോമിന്റെ കാര്യത്തിലും ആവശ്യമായവരുടെ കണക്കെടുത്തു വിതരണം ഉടൻ നടത്തും. കൈത്തറി യൂണിഫോം ആവശ്യമായവർക്ക് കൈത്തറി വകുപ്പ് വിതരണം ചെയ്യും. അഞ്ചു മുതൽ എട്ടു വരെ ക്ലാസുകാർക്ക് ആവശ്യമായ യൂണിഫോമിന്റെ പണം നൽകും. തുണി വാങ്ങി തയ്പിച്ചെടുക്കാം. നോട്ട് ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്സ്, സ്കൂൾബാഗ് എന്നിവ ആവശ്യമായ കുട്ടികൾക്കു സൗജന്യമായി നൽകാൻ സംവിധാനം തയാറാണ്. ഡയറക്ടറേറ്റ് ആണു മുൻകയ്യെടുക്കുന്നത്. ചില കമ്പനികളും സന്നദ്ധസംഘടനകളും സൗജന്യമായി കൈമാറിയ പഠനോപകരണങ്ങളും വിദ്യാഭ്യാസ ഡയറക്ടറേറ്റ് വഴി ആവശ്യക്കാരായ കുട്ടികൾക്കു സ്കൂളിലെത്തിക്കും.
ഇന്ന് ടൈംടേബിൾ അടിസ്ഥാനമാക്കിയ ക്ലാസുകളല്ല സ്കൂളിൽ നടത്തേണ്ടത്. പ്രളയം കടന്നു സ്കൂളിലെത്തിയ കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന, ധൈര്യം പകരുന്ന അന്തരീക്ഷമൊരുക്കലാണു പ്രധാനം. കൂടെയുണ്ട് ഞങ്ങളെല്ലാവരും എന്ന ആത്മവിശ്വാസം പകരുന്നതാവട്ടെ ആദ്യനാളുകൾ.
കൗൺസലിങ് ആവശ്യമായ കുട്ടികൾക്ക് അതിനു സൗകര്യമൊരുക്കാൻ സാമൂഹികനീതി, ആരോഗ്യ വകുപ്പുകൾ പദ്ധതി തയാറാക്കുന്നുണ്ട്. സ്കൂൾ കൗൺസലേഴ്സിനു പുറമെ ആവശ്യമെങ്കിൽ പുറത്തുനിന്നും കൗൺസലർമാരുടെ സേവനം പ്രയോജനപ്പെടുത്തും.
ഏഴു സ്കൂളുകൾ മാത്രം 31ന്
ജില്ലയിൽ ഏഴു സ്കൂളുകൾ വെള്ളിയാഴ്ചയായിരിക്കും തുറക്കുക. സാങ്കേതിക കാരണങ്ങളാൽ മുളവൂർ ഗവ. ലോവർ പ്രൈമറി സ്‌കൂൾ, പാനായിക്കുളം ലിറ്റിൽ ഫ്ലവർ ലോവർ പ്രൈമറി സ്‌കൂൾ, ഏഴിക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഏഴിക്കര ഗവ. ലോവർ പ്രൈമറി സ്‌കൂൾ, കെടാമംഗലം ഗവ. ലോവർ പ്രൈമറി സ്‌കൂൾ, നന്ത്യാട്ടുകുന്നം ഗവ. ലോവർ പ്രൈമറി സ്‌കൂൾ, കുന്നുകര ഗവ. ജൂനിയർ ബേസിക് സ്‌കൂൾ എന്നീ സ്കൂളുകളാണു 31നു തുറക്കുക.
ചെറുതല്ല, അന്നത്തെ കുട്ടി സഹായം
വിദ്യാർഥികളെ വാനോളം പുകഴ്ത്തി 1925ലെ തിരുവിതാംകൂർ സെൻട്രൽ ഫ്ലഡ് റിലീഫ് കമ്മിറ്റി റിപ്പോർട്ട് ഇങ്ങനെയാണ്.–
കോളജ് ഓഫ് സയൻസ്–40 ബാഗ് അരി, അരിക്കു പകരമായി നൽകിയ പണം–468 രൂപ, പഴയ വസ്ത്രങ്ങൾ–1106. സംസ്കൃത കോളജ്–അഞ്ചു ബാഗ് അരി, 150 രൂപ, 143 പഴയ വസ്ത്രങ്ങൾ, നാഗർകോവിൽ കോളജ് ആൻഡ് സ്കൂൾ–രണ്ട് ബാഗ് അരി, 327 രൂപ, 152 പഴയ വസ്ത്രങ്ങൾ. ചാല സ്കൂൾ–ഒരു ബാഗ് അരി, 60 രൂപ, 22 പഴയ വസ്ത്രങ്ങൾ. വൈഎംസിഎ ഹോസ്റ്റൽ–അരി, 30 രൂപ, 30 പഴയ വസ്ത്രങ്ങൾ. എസ്എംവി സ്കൂളും ഇംഗ്ലിഷ് സ്കൂളുകളിലെ ഇൻസ്പെക്ടർമാരും ചേർന്ന്–1518 രൂപ...(തിരുവിതാംകൂർ സെൻട്രൽ ഫ്ലഡ് റിലീഫ് കമ്മിറ്റി റിപ്പോർട്ട്–1925)
1924ലെ പ്രളയത്തിൽ ദുരിതബാധിതരായ ജനങ്ങളെ സഹായിക്കാൻ രംഗത്തിറങ്ങിയ സ്കൂൾ–കോളജ് വിദ്യാർഥികൾ ചെയ്ത സഹായം ചെറുതല്ലെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. വീടുവീടാന്തരം ചെന്ന് അവർ ശേഖരിച്ച അരിയും മറ്റു വസ്തുക്കളും അന്നത്തെ കണക്കിൽ വളരെ വലുതായിരുന്നു. ദുരന്തം നേരിട്ട ഉടൻ വിദ്യാർഥികൾ ദുരിതബാധിത പ്രദേശങ്ങളിൽ നടത്തിയ ഇടപെടലും ആശ്വാസപ്രദമായിരുന്നുവെന്നു പഴയ രേഖകൾ വ്യക്തമാക്കുന്നു.
പ്രളയത്തിനുശേഷം 1925ൽ പ്രസിദ്ധീകരിച്ച തിരുവിതാംകൂർ സെൻട്രൽ ഫ്ലഡ് റിലീഫ് കമ്മിറ്റി റിപ്പോർട്ടിൽ വിദ്യാർഥികളുടെ സേവനങ്ങളെ വാനോളം പുകഴ്ത്തുന്നുണ്ട്. ഓരോ മേഖലയിലും വിവിധ സ്കൂളുകളുടെയും കോളജുകളുടെയും സേവനപ്രവർത്തനങ്ങൾ പണമായും വസ്ത്രമായും അരിയായും എത്രയുണ്ടായിരുന്നുവെന്ന് ഈ റിപ്പോർട്ടിലുണ്ട്.
ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി, കുട്ടനാട്, റാന്നി, ചങ്ങനാശേരി, കുട്ടനാട്, പറവൂർ, കോട്ടയം, പന്തളം, ചെങ്ങന്നൂർ, ഈസ്റ്റ് കല്ലട എന്നിവിടങ്ങളിലെ സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നുമായി അരി, വസ്ത്രം, പണം എന്നിവ ഉടനടി എത്തിച്ചതു ദുരിതബാധിതർക്ക് സഹായകരമായെന്ന് അന്നത്തെ രേഖകൾ വ്യക്തമാക്കുന്നു.
ഓരോ പ്രദേശത്തും അതതു സ്കൂളുകളിൽ നിന്ന് എത്ര വിദ്യാർഥികൾ ഏതെല്ലാം ദിവസങ്ങളിൽ സഹായിച്ചുവെന്നും പഴയ രേഖകൾ കൃത്യമായി പറയുന്നു.