ഭൂമിയിലിടിച്ചാൽ കിലോമീറ്ററുകൾ നീളത്തിൽ വിള്ളൽ; അതിവേഗം പാഞ്ഞെത്തുന്നു ഛിന്നഗ്രഹം 99942 (വിഡിയോ), Asteroid, Hit earth, Nasa, Padhippura, Manorama Online

ഭൂമിയിലിടിച്ചാൽ കിലോമീറ്ററുകൾ നീളത്തിൽ വിള്ളൽ; അതിവേഗം പാഞ്ഞെത്തുന്നു ഛിന്നഗ്രഹം 99942 (വിഡിയോ)

ആകാശത്തിലൂടെ കുതിച്ചു പാഞ്ഞു പോകുന്ന വെളിച്ചത്തിന്റെ ഒരു പൊട്ട്. മുന്നോട്ടു പോകും തോറും അതിന്റെ വെളിച്ചവും വേഗതയും കൂടിക്കൂടി വരുന്നു. ഭൂമിയിൽ കാത്തിരുന്ന ടെലസ്കോപ്പുകളെല്ലാം അതിനെ നിരീക്ഷിക്കാന്‍ തുടങ്ങി. തൊട്ടുപിന്നാലെ അതിനെ ലക്ഷ്യമിട്ട് ചില പേടകങ്ങളും നീങ്ങി... കൂട്ടുകാർക്ക് ഹോളിവുഡ് സിനിമാക്കഥ പറഞ്ഞു തരികയൊന്നുമല്ല കേട്ടോ. ഭൂമിയിൽ നടക്കാൻ പോകുന്ന യഥാർഥ സംഭവത്തെപ്പറ്റിയാണു പറയുന്നത്. അതിനു പക്ഷേ പത്തു വർഷം കൂടി കാത്തിരിക്കണമെന്നു മാത്രം. മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ സാധിക്കുന്ന അപൂർവം ഛിന്നഗ്രഹങ്ങളിലൊന്ന് ഭൂമിക്കു നേരെ വരികയാണ് –2029 ഏപ്രിൽ 13ന്.

അപൂർവങ്ങളില്‍ അപൂർവമായി മാത്രമേ ഇതു സംഭവിക്കാറുള്ളൂ. 99942 ആപോഫീസ് എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കു നേരെ വരുന്നത്. 2004 ജൂണിലാണ് ഒരു കൂട്ടം വാനനിരീക്ഷകർ ആപോഫീസിനെ കണ്ടെത്തുന്നത്. അതിനു പിന്നാലെ ശാസ്ത്രലോകത്തെ ഞെട്ടിച്ചു കൊണ്ട് ഒരു റിപ്പോർട്ടും വന്നു. ഭൂമിയിലേക്ക് ഇടിച്ചു കയറാൻ സാധ്യതയുള്ള ഛിന്നഗ്രഹമാണത്രേ കണ്ടെത്തിയത്– ‘ഇടി’ക്ക് ഏകദേശം 2.7 ശതമാനമായിരുന്നു സാധ്യത. എന്നാൽ ഗവേഷകർ പ്രതീക്ഷ കൈവിട്ടില്ല, ആപോഫീസിന്റെ ഭ്രമണപഥം നല്ല പോലെ പരിശോധിച്ചു. അതിന്റെ യാത്രയുടെ കംപ്യൂട്ടർ മോഡലും തയാറാക്കി. ഹാവൂ, ആശ്വാസമായി. ഭൂമിയുടെ അടുത്തേക്ക് എത്തുമെങ്കിലും നമ്മുടെ ഗ്രഹത്തെ ഒന്നു തൊട്ടുനോവിക്കുക പോലും ചെയ്യാതെ അതു പൊയ്ക്കോളും.

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 31,000 കി.മീ. ഉയരത്തിലൂടെയായിരിക്കും 2029ൽ ആപോഫീസ് സഞ്ചരിക്കുക. പക്ഷേ അപ്പോഴും പൂർണമായും ഈ ഛിന്നഗ്രഹത്തെ വിശ്വാസത്തിലെടുത്തിട്ടില്ല ഗവേഷകർ. എന്നെങ്കിലുമൊരിക്കൽ ഇതു ഭൂമിയിൽ വന്നിടിക്കാൻ ലക്ഷത്തിലൊന്ന് എന്ന കണക്കിനു സാധ്യതയുണ്ടെന്നാണു പറയപ്പെടുന്നത്. 2029ൽ ഭൂമിക്ക് ഏറ്റവുമടുത്തു വരുമ്പോൾ ചെറുതായൊന്ന് ഇതിന്റെ ഭ്രമണപഥം മാറിയാലും പ്രശ്നമാണ്. ഏകദേശം 340 മീറ്റര്‍ വീതിയുള്ള ഈ നിയർ എർത്ത് ആസ്റ്ററോയ്ഡിനെ അതിനാൽത്തന്നെ ‘ഭൂമിക്ക് ദോഷമുണ്ടാക്കാൻ തക്ക മാരകം’ എന്നാണ് നാസ അടയാളപ്പെടുത്തിയിരിക്കുന്നത്.

ഭൂമിയിൽ വന്നിടിച്ചാൽ ദശലക്ഷക്കണക്കിനു പേരുടെ മരണത്തിനിടയാക്കും ഈ ഛിന്നഗ്രഹം. ഇടിയുടെ ആഘാതത്തിൽ ഏകദേശം അഞ്ചു കിലോമീറ്റർ വീതിയിൽ ഭൂമിയിൽ വിള്ളലുമുണ്ടാകും. ഓർക്കണം, അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഭൂരിഭാഗവും കത്തിത്തീർന്നതിനു ശേഷമാണ് ഇത്രയും ദുരന്തങ്ങളുണ്ടാക്കാൻ ഇതിനു ശേഷിയുള്ളതെന്ന്! ആപോഫീസിനെപ്പോലെ ‘ഭൂമിയിൽ നാശനഷ്ടങ്ങളുണ്ടാക്കാൻ ശേഷിയുള്ളത്’ (Potentially Hazardous Asteroids (PHAs) എന്ന് രേഖപ്പെടുത്തിയ രണ്ടായിരത്തോളം ഛിന്നഗ്രഹങ്ങളെ നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ട് ഗവേഷകർ.

നിലവിൽ ഭൂമിക്കു ചുറ്റും കറങ്ങുന്ന ചില പേടകങ്ങളുടെ അതേ ഉയരത്തിൽ തന്നെയായിരിക്കും ആപോഫീസും കറങ്ങുക. ദക്ഷിണാർധ ഗോളത്തിലുള്ളവർക്ക് രാത്രിയിൽ ആകാശത്തിലൂടെ തിളക്കമുള്ള ഒരു നക്ഷത്രത്തെപ്പോലെ ഈ ഛിന്നഗ്രഹം പാഞ്ഞു പോകുന്നത് നഗ്നനേത്രങ്ങൾ കൊണ്ടു കാണാം. ഓസ്ട്രേലിയയുടെ കിഴക്കു നിന്ന് പടിഞ്ഞാറൻ തീരത്തേക്കുള്ള യാത്രയ്ക്കിടെയായിരിക്കും ഇത്. ഛിന്നഗ്രഹം ഇന്ത്യൻ മഹാസമുദ്രവും കടക്കും. വൈകിട്ടോടെ ഭൂമധ്യരേഖയും മറികടക്കും. പിന്നീട് ആഫ്രിക്കയുടെ മുകളിലൂടെയാകും യാത്ര. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോൾ അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലായിരിക്കും ആപോഫീസ്. അറ്റ്‌ലാന്റിക് സമുദ്രത്തെ ഒരൊറ്റ മണിക്കൂർ കൊണ്ട് മറികടക്കും ഈ കൂറ്റൻ ഛിന്നഗ്രഹം.

അടുത്തിടെ യുഎസിൽ നടന്ന പ്ലാനറ്ററി ഡിഫൻസ് കോൺഫറൻസിലും പ്രധാന ചർച്ചകളിലൊന്ന് ഈ ഛിന്നഗ്രഹമായിരുന്നു. പത്തു കൊല്ലം കഴിഞ്ഞിട്ടേ വരികയുള്ളൂവെങ്കിലും അപ്പോൾ അതിനെ എങ്ങനെ നിരീക്ഷിക്കണമെന്നും അതിലേക്ക് ഏതെങ്കിലും പേടകം അയയ്ക്കണമോയെന്നുമെല്ലാം കൊണ്ടുപിടിച്ച ചർച്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ഇപ്പോൾ ആപോഫീസ് എത്തുന്ന അതേ ഉയരത്തിൽ മിക്കപ്പോഴും ചെറു ഛിന്നഗ്രഹങ്ങൾ എത്താറുണ്ട്. എന്നാൽ ഇത്രയും വലുപ്പത്തിൽ ഒരെണ്ണത്തെ അപൂർവമായേ കിട്ടൂ. പ്രത്യേക സംവിധാനങ്ങളൊന്നും ഉപയോഗിക്കാതെ ഭൂമിയിലെ റഡാർ ടെലസ്കോപ്പും ഒപ്റ്റിക്കൽ ടെലസ്കോപ്പുമൊക്കെ ഉപയോഗിച്ചു തന്നെ ഇതിനെ നിരീക്ഷിക്കാം. റഡാർ ടെലസ്കോപ്പിലൂടെ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിലുള്ള കാഴ്ചകൾ വ്യക്തമായി കാണാം. വെറുതെയാണോ ഗവേഷകർ പറയുന്നത് ആപോഫീസിന്റെ വരവ് ശാസ്ത്രത്തിനു വൻ നേട്ടമാണെന്ന്!