ലോകത്ത് ഇന്നേവരെ ആരും കാണാത്ത അദ്ഭുതം; യുഎസിലെ കാട്ടിൽ ‘രാക്ഷസ വൈറസുകള്‍’
യുഎസിലെ മാസച്യുസിറ്റ്സിൽ ഒരു പ്രത്യേക തരം കാടുണ്ട്. ഹാർവഡ് ഫോറസ്റ്റ് എന്നാണു പേര്. കാട് മാത്രമല്ല, അതൊരു ലാബറട്ടറി കൂടിയാണ്. മാസച്യുസിറ്റ്സ് സർവകലാശാലയിലെ ഗവേഷകർ ഉൾപ്പെടെ അവിടെ പല പരീക്ഷണങ്ങളും നടത്തുന്നുണ്ട്. മണ്ണിലെ സൂക്ഷ്മ ജീവികളെപ്പറ്റിയാണു പ്രത്യേക ഗവേഷണം. ഇതിന്റെ ഭാഗമായി കാട്ടിൽ പലയിടത്തും മണ്ണിനടിയിൽ ‘ഹീറ്റിങ് കേബിളുകൾ’ എന്നൊരു സംഗതി ഒളിപ്പിച്ചു വച്ചിട്ടുണ്ട്. പേരുപോലെത്തന്നെ മണ്ണിനെ ചൂടുപിടിപ്പിക്കുന്നതാണ് ഈ കേബിളുകൾ. ഫുട്ബോൾ ഗ്രൗണ്ടുകളിലും ഇത്തരം കേബിളുകൾ ഉപയോഗിക്കാറുണ്ട്. മഞ്ഞു വീണ് മൈതാനം മരവിച്ചു പോകാതിരിക്കാനാണ് ഇത്. ഈ കേബിളെന്തിനാ കാട്ടിൽ കൊണ്ടു വയ്ക്കുന്നത്?
മറ്റൊന്നിനുമല്ല, അന്തരീക്ഷത്തിന്റെ താപനില വർധിക്കുന്ന ആഗോളതാപനം എത്രമാത്രം മണ്ണിനെയും അതിലെ സൂക്ഷ്മ ജീവികളെയും ബാധിക്കുന്നുവെന്ന് അറിയാൻ വേണ്ടിയായിരുന്നു പരീക്ഷണം അടുത്തിടെ അത്തരത്തിൽ നടത്തിയ ഒരു ഗവേഷണത്തിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ഞെട്ടിക്കുന്ന ഒരു കാര്യമായിരുന്നു. ലോകത്ത് ഇന്നേവരെ കണ്ടെത്തിയിട്ടില്ലാത്ത ‘കൂറ്റൻ’ വൈറസുകളായിരുന്നു യുഎസിലെ ആ കാട്ടിൽ ഒളിച്ചിരുന്നിരുന്നത്. കൂറ്റൻ വൈറസുകളോ, അതെന്താ സംഗതി? കണ്ണിൽപ്പോലും കാണാനാകാത്ത ബാക്ടീരിയകളേക്കാൾ ചെറിയ ജീവികളാണ് വൈറസുകൾ. അതായത് ബാക്ടീരിയങ്ങളേക്കാൾ നൂറുമടങ്ങ് ചെറുത്. ജീവലോകത്തെ തന്നെ ഏറ്റവും സൂക്ഷ്മജീവികളിലൊന്ന്! അവയെ എങ്ങനെ ‘കൂറ്റൻ’ എന്നു വിശേഷിപ്പിക്കാനാകും?
ഗവേഷകർക്ക് അതിനും ഉത്തരമുണ്ട്. വൈറസുകളിലെ ജീനുകളുടെ വലുപ്പം നോക്കിയാണ് അവയെ തരംതിരിക്കുന്നത്. ജീനുകളുടെ വലുപ്പത്തിൽ ബാക്ടീരിയങ്ങളേക്കാൾ മുൻപിൽ നില്‍ക്കുന്നതു കൊണ്ടായിരുന്നു ഈ പുതിയ തരം വൈറസുകളെ ‘കൂറ്റൻ’ എന്നു വിശേഷിപ്പിച്ചത്. ‘രാക്ഷസ വൈറസുകൾ’ എന്നാണു നേച്ചർ കമ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മാസച്യുസിറ്റ്സ് സർവകലാശാലയിലെ ബയോളജിസ്റ്റുകൾ ഇവയെ വിശേഷിപ്പിച്ചത്. പുതിയ തരം 16 ‘രാക്ഷസ വൈറസുകളെയാണ്’ കാട്ടിൽ നിന്നു കണ്ടെത്തിയത്. പുതിയ സൂക്ഷ്മജീവികളെ തിരഞ്ഞുള്ള ഗവേഷണമൊന്നുമായിരുന്നില്ല ഗവേഷകർ നടത്തിയിരുന്നത്. മറിച്ച്, നിലവിലെ സൂക്ഷ്മജീവികളെ എങ്ങനെ മണ്ണിന്റെ ‘ചൂട്’ ബാധിക്കുന്നുവെന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എന്തായാലും സംഭവിച്ചത് ജീവലോകത്തെ വമ്പൻ കണ്ടെത്തലുകളിലൊന്നായിരുന്നെന്നു മാത്രം.
ഇത്തരം വമ്പൻ വൈറസുകളെ നേരത്തേ ജലാംശമുള്ള മേഖലകളിൽ വൻതോതിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചൂടേറിയ മേഖലയിൽ ഇവയെ കണ്ടെത്തിയതോടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പ്രതിഭാസത്തിനു സാധ്യതയുണ്ടെന്നാണു ഗവേഷകര്‍ പറയുന്നത്. മാത്രവുമല്ല, മറ്റു സൂക്ഷ്മജീവികളുടെ ജീനുകളിൽ നിന്നു തികച്ചും വ്യത്യസ്തമാണ് ഇവയുടെ ശരീരത്തിലുള്ളത്. സൂക്ഷ്മജീവികളെ പൊതുവെ ആർക്കിയ, ബാക്ടീരിയ, യുകാറിയ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഇവയ്ക്കൊപ്പം നാലാമതൊരു വിഭാഗമായി ഈ വൈറസുകളെയും കണക്കാക്കണമെന്നാണ് ഒരു വിഭാഗം ഗവേഷകർ പറയുന്നത്. അതായത് ഒരു ‘സൂപ്പർ ഗ്രൂപ്പ്’. എന്നാല്‍ ഈ വാദം പലരും തള്ളിക്കളയുന്നു.
മിനി–മെറ്റാജീനോമിക്സ് എന്ന സാങ്കേതികതയാണ് ഇവിടെ ഗവേഷകർക്കു തുണയായത്. ഒരു സ്പൂൺ മണ്ണിൽ നിന്ന് രണ്ടായിരത്തോളം സൂക്ഷ്മജീവികളുടെ വിവരങ്ങൾ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്ന രീതിയാണിത്. 16 രാക്ഷസ വൈറസുകളെയും അങ്ങനെയാണു കണ്ടെത്തിയത്. ഓരോന്നും മറ്റൊന്നിൽ നിന്നു തികച്ചും വ്യത്യസ്തവുമാണ്. ഇതൊന്നുമല്ല, ഇതിനേക്കാളുമേറെ അദ്ഭുതങ്ങൾ ഇനിയും മണ്ണിൽ ഒളിച്ചിരിപ്പുണ്ടെന്നാണു ഗവേഷകർ പറയുന്നത്. അതിനായി ഹാർവഡ് കാട്ടിൽ ഗവേഷണവും ശക്തമാക്കാനൊരുങ്ങുകയാണവർ!