ലോകത്ത് ഇന്നേവരെയില്ലാതിരുന്ന ഒരു മീനിന്റെ വിശേഷങ്ങൾ...!
നവീന്‍ മോഹൻ
ഇതെന്തു മീനാണ്? ലയൺ ഫിഷല്ലേ? അതോ ഏഞ്ചൽ ഫിഷിന്റെ ബന്ധുവോ? ഇനി ഗപ്പിക്ക് വല്ല രൂപമാറ്റവും വന്നതായിരിക്കുമോ? അതുമല്ലെങ്കിൽ ഗവേഷകർ കണ്ടെത്തിയ ഏറ്റവും പുതിയ ഇനം മീനായിരിക്കും...! ഉത്തരങ്ങൾ ഇനിയുമേറെ. പക്ഷേ യാഥാർഥ്യം ഇതൊന്നുമല്ല. ഈ മീനിനു ജീവനില്ല. പക്ഷേ മണിക്കൂറുകളോളം നീന്താനുള്ള കഴിവുണ്ട്. കോർണെൽ, പെൻസിൽവാനിയ സർവകലാശാലകളിലെ ഗവേഷകർ രൂപം നൽകിയ റോബട്ടിക് ഫിഷാണ് ഈ താരം.
റോബട്ടിക്സ് മേഖലയിൽ പ്രവർത്തിക്കുന്നവർ വർഷങ്ങളായി ആലോചിക്കുന്ന ഒരു കാര്യമാണ് എങ്ങനെ അവയുടെ ബാറ്ററി കപ്പാസിറ്റി കൂട്ടാമെന്നത്. ആണവ സ്ഫോടനമുണ്ടാകുമ്പോഴും കടലിനടിയിലും ബഹിരാകാശത്തും ഗവേഷണത്തിനു പോകുമ്പോഴെല്ലാം റോബട്ടുകൾക്ക് ദീർഘനേരം തുടർച്ചയായി പ്രവർത്തിക്കേണ്ടി വരും. അതിന് ഏറെ ബാറ്ററി ചാർജും വേണം. അത്തരമൊരു ബാറ്ററി നിർമിച്ചാൽത്തന്നെ അതിന്റെ ഭാഗമായുള്ള വയറുകളും മോട്ടറും കൂളിങ് ഫാനുറ്റുമെല്ലാമായി റോബട്ടിന്റെ ഭാരവും കൂടും. ഊർജശേഷി കൂടുതലുള്ള ലിഥിയം അയൺ ബാറ്ററികൾ വിപണിയിലുണ്ടെങ്കിലും അവയുടെ വലുപ്പവും ഭാരവുമാണ് ഗവേഷകരെ വലയ്ക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം മനസ്സിൽ വച്ചായിരുന്നു സർവകലാശാലയിലെ ഓർഗാനിക് റോബട്ടിക്സ് വിദഗ്ധർ പുതിയൊരു ബാറ്ററിയെപ്പറ്റി ആലോചിച്ചത്. അവിടെ സഹായത്തിനെത്തിയതാകട്ടെ മനുഷ്യശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയുടെ ഡിസൈനും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തവും ഓക്സിജനും ആവശ്യത്തിനു പോഷകങ്ങളുമെല്ലാം എത്തിക്കുന്നത് ഇതിലൂടെയാണ്. ശരീരതാപനില നിയന്ത്രിക്കുന്നതും രോഗം വരുമ്പോൾ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതുമെല്ലാം ഈ സംവിധാനത്തിലൂടെയാണ്. അത്തരമൊരെണ്ണം റോബട്ടിലും പരീക്ഷിക്കാവുന്നതല്ലേ?
ആദ്യപടിയായി ഏയ്ഞ്ചൽ ഫിഷിന്റെ ആകൃതിയിൽ ഒരു കുഞ്ഞൻ റോബട്ടിക് ഫിഷിനെ നിർമിക്കുകയാണ് ഗവേഷകർ ചെയ്തത്. സോഫ്റ്റ് സിലിക്കൺ കൊണ്ടായിരുന്നു നിർമാണം, അതിനാൽത്തന്നെ മീനിന് നീന്തലിനിടെ ശരീരം വളയ്ക്കാൻ പോലും സാധിക്കും.
മീനിനകത്ത് ഒരു കൃത്രിമ രക്തചംക്രമണ സംവിധാനവുമൊരുക്കി. ആ ‘സിന്തറ്റിക് ഞരമ്പുകളിലൂടെ’ റോബട്ട് ബ്ലഡും കടത്തി വിട്ടു. ഊർജം നിറഞ്ഞ ആ ബാറ്ററി ഫ്ലൂയിഡാണ് മീനിന്റെ രക്തമായി പ്രവർത്തിച്ച് അതിനു പ്രവർത്തിക്കാൻ വേണ്ട ശക്തി നൽകിയത്. ഊർജം നിറഞ്ഞ രക്തം നേരിട്ട് ചിറകുകളിലേക്കെത്തും. ലിഥിയം അയൺ ബാറ്ററിയേക്കാൾ ഊർജം ഇത്തരത്തിൽ ദ്രവരൂപത്തിൽ ശേഖരിച്ചു വയ്ക്കാനും സാധിക്കും. സ്വന്തം ഇഷ്ടപ്രകാരം ഊർജം ഉപയോഗപ്പെടുത്തി നീന്താമെന്നതാണ് ഇതിന്റെ നേട്ടം. ഒരു പ്രത്യേക മേഖലയിൽ കേന്ദ്രീകരിക്കാത്തതിനാൽ ബാറ്ററിയുടെ ഭാരത്തിന്റെ പ്രശ്നവുമില്ല. വയറുകളെല്ലാം മീനിന്റെ ശരീരത്തിന്റെ തന്നെ ഭാഗവുമാണ്.
ആദ്യപരീക്ഷണത്തിൽ ഈ ഫ്ലൂയിഡിന്റെ ഊർജമുപയോഗിച്ച് 36 മണിക്കൂർ വരെ തുടർച്ചയായി റോബട്ട് മീൻ നീന്തി. പക്ഷേ ഒച്ചിനോളം വേഗത മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകാതെ തന്നെ റോബട്ടിക്സിൽ വിപ്ലവമുണ്ടാക്കുന്നതായി മാറും തങ്ങളുടെ കണ്ടെത്തലെന്നാണ് ഗവേഷകർ പറയുന്നത്. അതിനുള്ള തയാറെടുപ്പിന്റെ വിശേഷങ്ങൾ ഉൾപ്പെടെ ‘നേച്ചർ’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.