ആകൃതിയിലൊരു വികൃതി
നവീൻ മോഹൻ
ചതുരം, ദീർഘചതുരം, വൃത്തം, ത്രികോണം, ക്യൂബ്, ഓവൽ... ഇങ്ങനെ പല തരത്തിലുള്ള ആകൃതികളെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. ഇവയെപ്പറ്റിയെല്ലാം പഠിക്കുന്നുമുണ്ടാകും. പല വിചിത്ര ആകൃതികളെക്കുറിച്ചും മിക്കവർക്കും അറിവുമുണ്ടാകും. എന്നാൽ എല്ലാവർക്കും അറിയാവുന്ന ആകൃതിയെപ്പറ്റിയല്ല ഇനി പറയാൻ പോകുന്നത്. മറിച്ച്, ഗവേഷകർ കണ്ടുപിടിച്ച പുതിയൊരു ആകൃതിയെപ്പറ്റിയാണ്. എന്നാലും ഇതെവിടെപ്പോയിട്ടായിരിക്കും ഇവർ പുതിയ ആകൃതി കണ്ടുപിടിച്ചത് എന്നൊന്നും ആലോചിക്കേണ്ട. ഒന്നു സൂക്ഷ്മമായി പരിശോധിച്ചാൽ നമ്മുടെ ശരീരത്തിൽ തന്നെയാണ് ഇതിന്റെ സ്ഥാനമെന്നു തിരിച്ചറിയാനാകും. ‘സ്ക്യുട്ടോയ്ഡ്’ എന്നാണ് ഈ പുതിയ ആകൃതിക്കു ഗവേഷകർ നൽകിയിരിക്കുന്ന പേര്.
ഈ ആകൃതിയിലുള്ള വസ്തുക്കൾ കാണപ്പെടുന്നതാകട്ടെ നമ്മുടെ ചർമത്തിനു തൊട്ടുതാഴെയും! അവിടെയുള്ള കുഞ്ഞൻ കോശങ്ങള്‍ക്ക് സ്ക്യുട്ടോയ്ഡ് ആകൃതിയാണെന്നാണു കണ്ടെത്തൽ. ചർമവും വിവിധ ആന്തരാവയവങ്ങളുടെ പാളികളും രക്തക്കുഴലുമെല്ലാം എന്തു കൊണ്ടെല്ലാമാണു നിർമിച്ചിരിക്കുന്നതെന്നു കണ്ടെത്താൻ കൊണ്ടുപിടിച്ച ഗവേഷണത്തിലായിരുന്നു ശാസ്ത്രജ്ഞർ. അതിനിടെയാണ് ഈ പുത്തൻ ആകൃതിക്കാരനെ കണ്ടെത്തുന്നത്. ഒരു പ്രിസം പിടിച്ചു പിരിച്ചു വളച്ചൊടിച്ചാൽ എങ്ങനെയുണ്ടാകും? ആ ആകൃതിയാണ് സ്ക്യുട്ടോയ്ഡിനെന്നാണു കണ്ടെത്തൽ നടത്തിയ സ്പെയിനിലെ ഐബിസ് സർവകലാശാല വിദഗ്ധർ പറയുന്നത്. ശരീരത്തിലെ ചില പ്രത്യേക കോശങ്ങളുടെ (Epithelial cells) പ്രവർത്തനത്തിനു വേണ്ടി പ്രകൃതി തന്നെ അറിഞ്ഞു സമ്മാനിച്ചതാണ് ഈ ആകൃതിയെന്നും അവരുടെ വാക്കുകൾ. സ്ക്യുട്ടോയ്ഡിന് ഒരറ്റത്ത് ആറു വശങ്ങളുണ്ട് , മറ്റേ അറ്റത്ത് അഞ്ചും. ഇവയുടെ നീളമേറിയ അറ്റങ്ങളിലൊന്നിന്റെ ഉപരിതലത്തിന് ത്രികോണാകൃതിയുമുണ്ട്. (ചിത്രം കാണുക) ഇതാണു ശരീരകലകളെ (tissues) വളയാൻ സഹായിക്കുന്നത്.
അതുവഴി ഏത് ആകൃതിയിലേക്കു വരെ മാറാനും അവയവങ്ങൾക്കു സാധിക്കും. ശരീരാവയവങ്ങള്‍ മനുഷ്യന്റെ കുട്ടിക്കാലം തൊട്ടു വളർന്നു വരുമ്പോൾ അവയ്ക്കു കൃത്യമായ ആകൃതി ലഭിക്കാനും ‘സ്ക്യുട്ടോയ്ഡ്’ കോശങ്ങളാണു സഹായിക്കുന്നത്. കയ്യും കാലുമൊക്കെ വളഞ്ഞും നീണ്ടുമൊക്കെ വരാൻ ഉൾപ്പെടെ സഹായിക്കുന്നത് സ്ക്യുട്ടോയ്ഡ് ആകൃതിയിലുള്ള കോശങ്ങളാണെന്നർഥം. നേരത്തേ ഇവയ്ക്കു പ്രിസത്തിന്റെയോ പിരമിഡിന്റെയോ ഒക്കെ ആകൃതിയാണെന്നാണു കരുതിയിരുന്നത്. സൂക്ഷിച്ചു പരിശോധിച്ചപ്പോഴല്ലേ മനസ്സിലായത് സംഗതി സ്ക്യുട്ടോയ്ഡാണെന്ന്. കംപ്യൂട്ടർ മോഡലിങ്ങും മൈക്രോസ്കോപ്പിയുമൊക്കെയാണ് ഈ പരിശോധനയ്ക്ക് ഉപയോഗിച്ചത്.
ഇങ്ങനെയൊരു പുതിയ കണ്ടെത്തൽ കൊണ്ട് എന്താണു ഗുണം? അവിടെയാണ് സ്ക്യുട്ടോയ്ഡ് കിടിലമാകുന്നത്. ലാബുകളിൽ പുതിയ തരം അവയവങ്ങളും മറ്റും വളർത്തിയെടുക്കുന്ന രീതി അടുത്ത കാലത്തായി ശക്തി പ്രാപിച്ചു വരുന്നുണ്ട്. ഒട്ടേറെ പേർക്ക് നഷ്ടപ്പെട്ട അവയവങ്ങൾക്കു പകരം, അല്ലെങ്കിൽ രോഗം ബാധിച്ചവയ്ക്കു പകരം പുതിയതു നൽകാൻ സഹായിക്കുന്ന പദ്ധതികളാണിത്.
അവിടെയാണ് സ്ക്യുട്ടോയ്ഡിന്റെ ഗുണം. കൃത്രിമ അവയവങ്ങൾ നിർമിക്കുമ്പോൾ ആകൃതിയാണല്ലോ അതിൽ പ്രധാനം. ഇനി കാര്യങ്ങളെല്ലാം കൂടുതൽ എളുപ്പമാകുമെന്നു ചുരുക്കം. ഒരുതരം വണ്ടിന്റെ ദേഹത്തുള്ള ‘പടച്ചട്ട’(സ്ക്യുട്ടെല്ലം)യ്ക്കു സമാനമാണ് ഈ ആകൃതിയെന്നാണു ഗവേഷകർ പറയുന്നത്. അതാണ് സ്ക്യുട്ടോയ്ഡ് എന്നു പേരിട്ടതും നേച്ചർ കമ്യൂണിക്കേഷൻസ് എന്ന ജേണലിൽ ഇതിന്റെ മുഴുവൻ പഠനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കാര്യം കൂടി– അധികം വൈകാതെ കണക്കു പാഠപുസ്തകത്തിലേക്കും ഈ പുതിയ ആകൃതിയുടെ വിശേഷങ്ങൾ എത്തും. അതിനു മുൻപ് കുറച്ചു ഗവേഷണം കൂടി പൂർത്തിയാക്കാനുണ്ടെന്നു മാത്രം!