ചാരത്തിൽ നിന്നുയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ കണ്ടെത്തിയോ?
വലിയ പരാജയങ്ങളിൽപ്പെട്ടവരെപ്പറ്റി പലരും വിശേഷിപ്പിക്കാറുണ്ട്– നോക്കിക്കോ അവനൊരു ഫീനിക്സ് പക്ഷിയെപ്പോലെ തിരികെ വരും..! അതെന്താണീ ഫീനിക്സ് പക്ഷിക്കിത്ര പ്രത്യേകത. പേരൊക്കെ കിടിലമാണെങ്കിലും ഫീനിക്സ് എന്നൊരു പക്ഷി ലോകത്തില്ല. ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിക്കുന്ന ഒരു തരം പക്ഷിയാണത്. പലതരം നിറങ്ങളിൽ (പ്രധാനമായും പർപ്പിൾ) കുളിച്ചു നിൽക്കുന്ന ഏറെ ഭംഗിയുള്ള പക്ഷിയാണ് ഫീനിക്സ്. പുരാണങ്ങൾ പ്രകാരം ഏകദേശം 500 വർഷം വരെ ഒരു പക്ഷിക്കു ജീവിക്കാനാകും. പിന്നീട് അത് സ്വയം ഒരു ചിതയൊരുക്കും. സുഗന്ധമുള്ള പലതരം മരങ്ങളുടെ ശാഖകൾ കൊണ്ടാണു ചിത തീർക്കുക. അതിൽ കത്തിത്തീരുമെങ്കിലും തൊട്ടുപിന്നാലെ ചാരത്തിൽ നിന്ന് പുതിയ ഫീനിക്സ് പക്ഷി ഉയിർത്തെഴുന്നേൽക്കും. അങ്ങനെ ആർക്കും തോൽപിക്കാനോ കൊല്ലാനോ ആകാത്ത പക്ഷിയായിട്ടാണ് ഫീനിക്സിനെ ലോകം കാണുന്നത്.
പരാജയത്തിൽ നിന്നു വൻവിജയത്തോടെ തിരികെ വരുന്നവരെയും ലോകം ഫീനിക്സ് പക്ഷികളോടുപമിക്കുന്നു. അടുത്തിടെ ഒരു ‘ഫീനിക്സ്’ പക്ഷിയെ ഇംഗ്ലണ്ടിൽ കണ്ടെത്തിയത് പരിസ്ഥിതി പ്രേമികൾക്കിടയിൽ വൻ വാർത്തയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബക്കിങ്ങാംഷയറിലെ ഒരു കൂട്ടം ആളുകൾ ഹൈവേയ്ക്കു സമീപം ഈ പക്ഷിയെ കണ്ടെത്തിയത്. ദേഹമെല്ലാം നല്ല ഉഗ്രൻ മഞ്ഞയും ഓറഞ്ചും കലർന്ന നിറമായിരുന്നു. പറക്കാൻ സാധിക്കാതെ അവശനിലയിലും. ഇതിനെ കണ്ടെത്തിയവർ ഒട്ടും സമയം കളയാതെ സമീപത്തെ ആനിമൽ റെസ്ക്യൂ സെന്ററിലേക്കെത്തിച്ചു.
‘ഞങ്ങൾക്ക് ഒരു ഓറഞ്ച് പക്ഷിയെ കിട്ടിയിട്ടുണ്ട്, അതിനെ രക്ഷിക്കണം’ എന്നായിരുന്നു സെന്ററിലേക്കു വന്ന ഫോൺ സന്ദേശം. ഇതുകേട്ട അവിടെയുള്ളവരും അന്തംവിട്ടു പോയി– ഓറഞ്ചു നിറമുള്ള പക്ഷിയോ?! എന്തായാലും ടിഗ്ഗിവിംഗിൾസ് വൈൽഡ്‌ലൈഫ് ഹോസ്പിറ്റലിലെ ഡോക്ടർമാർ വിശദമായി പക്ഷിയെ പരിശോധിച്ചു. രൂക്ഷഗന്ധം വരുന്നുണ്ടായിരുന്നു അതിന്റെ ശരീരത്തിൽ നിന്ന്. പരിശോധനയിൽ ഒരു കാര്യം ഉറപ്പായി. ഓറഞ്ച് നിറത്തിലുള്ള പക്ഷിയൊന്നുമല്ല അത്. ഏതോ കറിപ്പാത്രത്തിലേക്കു വീണതാണ്. മസാലകൾ ധാരാളമുള്ള കറിയായതിനാലാകണം ആ നിറം ലഭിച്ചത്. കറിയുടെ പശിമ കാരണം ചിറകൊട്ടി പറക്കാനും സാധിച്ചില്ല. എന്തായാലും വെള്ളത്തിലേക്കിറക്കി പക്ഷിയെ വൃത്തിയായൊന്നു കുളിപ്പിച്ചെടുത്തു. അപ്പോഴതാ നല്ല തൂവെള്ള മഞ്ഞിന്റെ നിറം. പക്ഷിയാകട്ടെ ഫീനിക്സൊന്നുമായിരുന്നില്ല, ഇംഗ്ലണ്ടിൽ പലയിടത്തും കാണാറുള്ള തരം ഒരു കടൽപ്പക്ഷി (Sea Gull).
ആശുപത്രിയിലെ ചികിത്സയിൽ ഈ ആൺപക്ഷി ഭേദപ്പെട്ടു വരികയാണ്. പക്ഷേ ഇപ്പോഴും പറക്കാറായിട്ടില്ല. അധികം വൈകാതെ തന്നെ ഇതിനെ തുറന്നുവിടുമെന്നും അധികൃതർ ഫെയ്സ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. പക്ഷിക്ക് ഒരു പേരും ഇട്ടിട്ടുണ്ട്–വിന്നി. അതിനു പിന്നിലുമുണ്ട് രസകരമായൊരു കഥ. ബ്രിട്ടനിലെ പല റസ്റ്ററന്റുകളിലെയും ഹിറ്റ് കറികളിലൊന്നാണ് വിന്താലു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കറിയുമാണത്. ഉത്തരേന്ത്യക്കാരാണ് പ്രധാനമായും വിന്താലുവിന്റെ ആരാധകരെങ്കിലും കേരളത്തിലെ ബീഫ് വിന്താലു പോലുള്ള കറികളും പ്രശസ്തമാണ്. വിദേശത്ത് നിറമൽപം കൂട്ടിയാണു വിന്താലു തയാറാക്കാറുള്ളത്. മഞ്ഞ നിറത്തിലുള്ള ഈ കറി പക്ഷിയുടെ ദേഹത്തു വീണതാകാമെന്നാണ് ആശുപത്രി അധികൃതർ കരുതുന്നത്–അതിനാൽത്തന്നെ വിന്താലുവിൽ നിന്ന് വിന്നിയെന്നൊരു പേരുമിട്ടു പക്ഷിക്ക്. പക്ഷേ എവിടെവച്ചാണ് ഇതു കറിയിലേക്ക് വീണതെന്നു മാത്രം ഇപ്പോഴും ആർക്കും അറിയില്ല!