ലോകത്തിലെ ഏറ്റവും നിഗൂഢത നിറഞ്ഞ ദ്വീപ്!

വിജയകുമാർ ബ്ലാത്തൂർ

നമുക്ക് ചൊവ്വ ഗ്രഹത്തെക്കുറിച്ചും, വൈറസുകളുടെ സ്വഭാവത്തെക്കുറിച്ചും, സബ് ആറ്റോമിക്ക് കണങ്ങളെക്കുറിച്ചും ഇപ്പോൾ ഒട്ടേറെ കാര്യങ്ങൾ അറിയാം. പക്ഷേ, ഇപ്പോഴും നിഗൂഢതനിറഞ്ഞ ഒരു ദ്വീപും അതിലെ മനുഷ്യരും ഇന്ത്യയുടെ ഭാഗമായ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലുണ്ട്, നോർത്ത് സെന്റിനൽ ദ്വീപ്.

ലോകത്തിലെ ഏറ്റവും നിഗൂഢ പ്രദേശങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. പോർട്ട് ബ്ലെയറിൽനിന്നും 50 കിലോമീറ്റർ ദൂരെ 59 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള, സമചതുരരൂപമുള്ള കുഞ്ഞൻ ദ്വീപ്. ഇവിടേക്ക് ഇതുവരെയും പുറമേനിന്നും ഒരു മനുഷ്യരും എത്തിയിട്ടില്ല. ചുറ്റും പവിഴപ്പുറ്റുകളുള്ളതിനാൽ ബോട്ടുകൾക്കോ കപ്പലുകൾക്കോ ദ്വീപിലേക്ക് അടുക്കാൻ പ്രയാസമാണ്.

1771ൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സർവേ ഉദ്യോഗസ്ഥനായ ജോൺ റിച്ചിയാണ് ദ്വീപിലെ മനുഷ്യ സാന്നിധ്യത്തെക്കുറിച്ച് ആദ്യ സൂചന നൽകിയത്. പിന്നെയും നൂറു വർഷത്തോളം ആരും അങ്ങോട്ട് പോയിട്ടില്ല. 1867ൽ ഒരു ഇന്ത്യൻ കച്ചവടക്കപ്പൽ ഈ തീരത്തിനടുത്ത് മണ്ണിലുറച്ച് തകർന്നിരുന്നു. അതിലെ ജോലിക്കാരും ക്രൂ മെംബർമാരും അടങ്ങിയ 106 പേർ കരയിലേക്ക് നീന്തി. കടുത്ത ആക്രമണമാണ് അവർക്ക് ദ്വീപ് വാസികളിൽ നിന്ന് നേരിടേണ്ടി വന്നത്. ഇതോടെ നാവികരുടെ പേടി സ്വപ്നമായി സെന്റിനൽ ദ്വീപ്.

ആദ്യ സന്ദർശകൻ
എം.വി.പോർട്ട്മാൻ എന്ന ബ്രിട്ടിഷ് ഉദ്യോഗസ്ഥൻ ഗോത്രവർഗക്കാരെയും അവരുടെ ജീവിതത്തേയും പറ്റി പഠിക്കാനായി 1880ൽ ഇവിടെ കപ്പലടുപ്പിച്ചു. പോർട്ട്മാനും സംഘവും ദ്വീപിലിറങ്ങിയപ്പോൾ തന്നെ അവിടെയുള്ള മനുഷ്യരെല്ലാം ഉൾവനത്തിലേക്ക് ഓടി മറഞ്ഞു. ദിവസങ്ങളോളം ദ്വീപിൽ ചെലവഴിച്ച പോർട്മാന്റെ സംഘം ദ്വീപിലുണ്ടായിരുന്ന വൃദ്ധ ദമ്പതികളെയും അവരുടെ നാലു മക്കളെയും കപ്പലിൽ കയറ്റി പോർട്ട്ബ്ലെയറിൽ കൊണ്ടുവന്നു. പക്ഷേ, പുറംലോകവുമായി പെരുത്തപ്പെടാനാകാതെ വൃദ്ധ ദമ്പതികൾ അസുഖംബാധിച്ച് മരിച്ചു. തുടർന്ന് കുട്ടികളെ ദ്വീപിൽ തിരികെയെത്തിച്ചു. കൂടെ ഭക്ഷണവും കുറേ സമ്മാനങ്ങളുമൊക്കെ തീരത്ത് വെച്ചു. പക്ഷേ, ആദ്യമായുണ്ടായ ഈ ദുരനുഭവം അവരെ പുറം ലോകത്തുള്ളവരെ മുഴുവൻ ശത്രുക്കളായി കാണുന്ന തീരുമാനത്തിലെത്തിച്ചുകാണണം.

പണ്ഡിറ്റിന്റെ സന്ദർശന വിജയം
ചന്ദ്രനിൽ മനുഷ്യർ കാലുകുത്തീട്ടും ഈ ദ്വീപിനുള്ളിലെ കാടുകളിൽ പുറം ലോക മനുഷ്യന്റെ പാദസ്പർശം ഉണ്ടായില്ല. ആന്ത്രപോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടറായ ത്രിലോക നാഥ് പണ്ഡിറ്റിന്റെ നേതൃത്വത്തിൽ 1967 മുതൽ അവിടം സന്ദർശിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1974 ൽ നാഷനൽ ജിയോഗ്രാഫിക്ക് ചാനലിനു വേണ്ടി ഒരു ഡോക്കുമെന്ററി നിർമിക്കാനായി എത്തിയ ആന്ത്രോപ്പോളജിസ്റ്റുകളും ഫൊട്ടോഗ്രഫറുമടങ്ങിയ സംഘത്തിനു നേരെ ദ്വീപ് വാസികൾ അമ്പെയ്തു.

1977 ൽ ഒരു കാർഗോ കപ്പൽ ഈ തീരത്തോടു ചേർന്നു തകർന്നു. നാവികരെ ഹെലികോപ്ടറുകളിൽ രക്ഷപെടുത്തിയെങ്കിലും കപ്പലിലെ ഇരുമ്പ് സാമഗ്രികൾ സെന്റിനെലി ഗോത്രക്കാർ ചങ്ങാടങ്ങളിലെത്തി കടത്തിക്കൊണ്ടുപോയി. 1981 ഓഗസ്റ്റിൽ പ്രിമ്രോസ് എന്ന കപ്പലും ഇവിടെ പവിഴപ്പുറ്റുകളിൽ ഇടിച്ച് തകർന്നു. അതിലെ 28 നാവികർ ദിവസങ്ങളോളം കപ്പലിൽ സഹായം പ്രതീക്ഷിച്ചു കഴിഞ്ഞു.

കൊടുങ്കാറ്റും കടൽക്ഷോഭവും മൂലം രക്ഷയ്ക്കായി കപ്പലുകൾക്ക് എത്താൻ കഴിഞ്ഞില്ല. സെന്റിനെലി ഗോത്ര മനുഷ്യർക്ക് അവരുടെ ചങ്ങാടം കടലിലിറക്കാനും കഴിഞ്ഞില്ല. ഒരാഴ്ചയ്ക്കു ശേഷം ONGC യുടെ ഹെലിക്കോപ്റ്ററുകൾ ആണ് നാവികന്മാരെ രക്ഷിച്ചത്.

1991 ജനുവരി 4ന് ത്രിലോക നാഥ് പണ്ഡിറ്റും സംഘവും നടത്തിയ സന്ദർശനം മാത്രമാണ് സൗഹൃദപരമായ ഒന്ന്. വളരെ അടുത്ത് ഈ മനുഷ്യരെ നിരീക്ഷിക്കാനും അവരുടെ ചിത്രങ്ങൾ പകർത്താനും അവസരം ലഭിച്ചു. സംഘം കൊണ്ടുപോയ തേങ്ങയും മറ്റും അവർ സ്വീകരിച്ചു. 1996ൽ ഇന്ത്യാ ഗവൺമെന്റ് ഇവരുമായി ബന്ധം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും എന്നത്തേക്കുമായി നിർത്തിവെച്ചു. 2004ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നടന്ന ഭൂകമ്പവും സൂനാമിയും ഈ ദ്വീപിനെ പിടിച്ച് കുലുക്കിയിരുന്നു.

2006 ജനുവരിയിൽ അന്തമാൻ മുഖ്യ ദ്വീപിൽ നിന്നുള്ള രണ്ട് മുക്കുവർ കര ഞണ്ടുകളെ പിടിക്കുന്നതിനായി വള്ളങ്ങളിൽ സഞ്ചരിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇവിടെ എത്തി. സെന്റിനെലികൾ അവരെ കൊലപ്പെടുത്തി. പ്രത്യേക സാഹചര്യം പരിഗണിച്ച് ഗവൺമെന്റ് കേസെടുത്തില്ല. നീണ്ട കാലത്തെ ചർച്ചകൾക്ക് ഒടുവിൽ ഈ ഗോത്രത്തെ പൊതു ധാരയിലേക്ക് കൊണ്ടു വരേണ്ട എന്നു തീരുമാനിച്ചു. സർവതന്ത്ര സ്വതന്ത്രരായി ജീവിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കുന്നതും ഇന്ത്യൻ ഭരണഘടനയുടെ ഉത്തരവാദിത്വമാണ് എന്ന തിരിച്ചറിവോടെ ദ്വീപിനു ചുറ്റുമുള്ള മൂന്നു മൈൽ പ്രദേശം നിരോധിത മേഖലയായി സർക്കാർ പ്രഖാപിച്ചു. നിലവിൽ ആൻഡമാൻ നിക്കോബാർ കേന്ദ്ര ഭരണ പ്രദേശത്തിന് കീഴിലാണെങ്കിലും ഉത്തര സെന്റിനെൽ ദ്വീപ് നിവാസികൾ പൂർണ സ്വതന്ത്രരാണ്. ആർക്കും അങ്ങോട്ട് പ്രവേശനം ഇല്ല.

സെന്റിനെലി ഗോത്ര മനുഷ്യർ
ആധുനിക ലോകവുമായി പൂർണമായും അകന്നു ജീവിക്കുന്ന ലോകത്തിലെ അപൂർവ മനുഷ്യ കുലമാണിവരുടേത്. ആഫ്രിക്കയിൽ നിന്ന് ഭൂമിയുടെ പലഭാഗങ്ങളിലേക്ക് ആദിമ മനുഷ്യ സഞ്ചാരം നടന്നപ്പോൾ ഇവിടെ എത്തി ഒറ്റപ്പെട്ടുപോയവരാണ് സെന്റിനെലിലെ നെഗ്രിറ്റോസ് വർഗ്ഗക്കാർ എന്നാണ് കരുതപ്പെടുന്നത്. ഇവരുടെ ഭാഷയെ പറ്റി ഒന്നും മനസിലാക്കാൻ ആയിട്ടില്ല.

ഇവരുടെ ആകെ എണ്ണം 40നും 500നും ഇടക്ക് ആയിരിക്കും എന്നാണ് കരുതുന്നത്. 2011ലെ സെൻസസ് ഉദ്യോഗസ്ഥന്മാർ ആകശത്ത് നിന്ന് എടുത്ത കണക്ക് പ്രകാരം 12 പുരുഷന്മാരേയും 3 സ്ത്രീകളെയും മാത്രമാണ് കണ്ടെത്തിയത്. കൃഷി രീതികളോ, തീയുണ്ടാക്കാനുള്ള വിദ്യയോ ഇവർക്ക് അറിയില്ല. വേട്ടയാടി കൂട്ടമായി ജീവിക്കുന്ന സ്വഭാവമാണിവരുടേത്. ലോഹ വിദ്യകൾ അറിയില്ലെങ്കിലും കടലിൽ ഒലിച്ചു വന്ന് കിട്ടിയ സാധനങ്ങളെയും ലോഹ ഭാഗങ്ങളേയും ആയുധങ്ങളാക്കി ഉപയോഗിക്കുന്നുണ്ട്.

പഴങ്ങളും കാട്ട് തേനും പ്രധാന ഭക്ഷണം ആയിരിക്കാം. മീനും പന്നിയും ആമകളും കക്കയും ചില ഉരഗങ്ങളും ആണ് മാംസാവശ്യങ്ങൾ നിറവേറ്റുന്നത്. ഗുഹകളിലും ചുമരുകളില്ലാത്ത, ഓലയും കാട്ടിലകളുംകൊണ്ട് മറച്ച പന്തലുകളിലും ആണിവർ താമസിക്കുന്നത്. സാമാന്യ ഉയരവും കറുത്ത ശരീരവും സ്പ്രിങ്ങ് പോലുള്ള കുഞ്ഞ് ചുരുളൻ മുടിയും ഉള്ളവരാണ് ഈ വർഗ്ഗക്കാർ.



സ്നോവൈറ്റും ഏഴു ചെറിയ മനുഷ്യരും