മാനത്തെ വേട്ടക്കാരൻ; കുട്ടികളുടെ കൂട്ടുകാരൻ

എൻ. സാനു

വാനനിരീക്ഷണം തുടങ്ങുന്നതിന്

പറ്റിയ സമയമാണ് ഡിസംബർ– ജനുവരി മാസങ്ങൾ. എളുപ്പത്തിൽ തിരിച്ചറിയാവുന്നതും പേരുകൊണ്ട് പരിചിതവുമായ ഒട്ടേറെ ആകാശവസ്തുക്കളെ ഇക്കാലത്തു സന്ധ്യാ മാനത്തു കാണാം

ആയിരക്കണക്കിനു നക്ഷത്രങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു നക്ഷത്രത്തെ തിരിച്ചറിയുന്നത് എങ്ങനെയാണ്? ഒറ്റ നക്ഷത്രങ്ങളിൽ പ്രകാശം കൂടിയവ, വലുപ്പം കൂടിയവ, പ്രത്യേക നിറത്തിൽ കാണുന്നവ എന്നിവയൊക്കെ തിരിച്ചറിയാൻ എളുപ്പമാണ്. പക്ഷേ, അങ്ങനെയുള്ള നക്ഷത്രങ്ങൾ വളരെ കുറച്ചു മാത്രമേ ഉള്ളൂ. മാത്രമല്ല, നക്ഷത്രമാണെന്നു നാം ധരിക്കുന്ന ചില വസ്തുക്കൾ യഥാർഥത്തിൽ ഗ്രഹങ്ങളാകാം. അതിനാൽ നക്ഷത്രങ്ങളെ ഒറ്റയൊറ്റയായി തിരിച്ചറിയാൻ കഴിയുന്നതിലും എളുപ്പം അവയുടെ കൂട്ടങ്ങളെ തിരിച്ചറിയുകയാണ്.

വേട്ടക്കാരനെ കാണാൻ

ഡിസംബർ, ജനുവരി മാസങ്ങളിൽ കാണാൻ കഴിയുന്ന പ്രധാന നക്ഷത്രസമൂഹമാണു വേട്ടക്കാരൻ അഥവാ ഒറിയോൺ (Orion). ഡിസംബറിൽ സന്ധ്യയ്ക്കുതന്നെ ഒറിയോൺ കിഴക്കുദിക്കുമെങ്കിലും വൃക്ഷങ്ങളുടെ മറവും ചുറ്റുമുള്ള പ്രകാശവും കാരണം ആ സമയം നിരീക്ഷണം പ്രയാസമാകും. ചക്രവാളത്തിൽ നിന്ന് ഏകദേശം 45ഡിഗ്രി ഉയരത്തിലെത്തുമ്പോൾ ഓറിയോണിനെ നിരീക്ഷിക്കുന്നതാണ് ഉചിതം. അപ്പോൾ ഒറിയോണിനെ ഉപയോഗിച്ച് സമീപത്തുള്ള മറ്റു പ്രധാന നക്ഷത്ര സമൂഹങ്ങളെ തിരിച്ചറിയാനും സാധിക്കും. ഡിസംബർ പകുതി ആകുമ്പോൾ രാത്രി ഒൻപതോടെ ഒറിയോൺ കിഴക്കൻ ചക്രവാളത്തിൽ നിന്നും 45 ഡിഗ്രി ഉയരത്തിലെത്തും. തുടർന്നുള്ള ദിവസങ്ങളിൽ അതിനും മുൻപേ തന്നെ ആ സ്ഥാനത്ത് എത്തും. ജനുവരി പകുതിയാകുമ്പോഴേക്കും സന്ധ്യയ്ക്ക് ഏഴരയോടെ തന്നെ ഒറിയോണിനെ കിഴക്കു ചക്രവാളത്തിൽ 45ഡിഗ്രി മുകളിലായി കാണാൻ കഴിയും. സൂര്യനെപ്പോലെ തന്നെ ചന്ദ്രൻ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ തുടങ്ങിയ ആകാശ വസ്തുക്കളും ഒരു സ്ഥലത്തു നിശ്ചലമായി കാണപ്പെടുന്നില്ല. ഭൂമിയുടെ ഭ്രമണത്തിനും പരിക്രമണത്തിനും അനുസരിച്ച് ആകാശത്തുള്ള അവയുടെ സ്ഥാനവും മാറിക്കൊണ്ടിരിക്കും.

പേര് വന്ന വഴി

നക്ഷത്രക്കൂട്ടങ്ങൾക്ക് ഏതെങ്കിലും രൂപം നൽകി പേരിടുന്ന രീതി പുരാതന കാലംതൊട്ടേയുള്ളതാണ്. ഒറിയോണിലെ നക്ഷത്രങ്ങളെയെല്ലാം ചേർത്ത് ഒരു രൂപം സങ്കൽപിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടാൽ മിക്കവരും ഒരു ചിത്രശലഭത്തെയാണ് സങ്കൽപിക്കുക. (ചിത്രം നോക്കുക) എന്നാൽ ഒറിയോണിലെ നക്ഷത്രങ്ങൾ കൂടാതെ മറ്റുചില പ്രധാന നക്ഷത്രങ്ങളെക്കൂടി ഈ ഭാഗത്തു കാണാം. ഉദാഹരണത്തിന് മധ്യത്തിലെ 3 നക്ഷത്രങ്ങളുടെ വലതു ഭാഗത്തായി ഒരു കൂട്ടം ചെറിയ നക്ഷത്രങ്ങൾ. ചുറ്റും പ്രഭയുള്ള കുറെ നക്ഷത്രങ്ങൾ. ഇങ്ങനെ പ്രധാന നക്ഷത്രങ്ങളെയെല്ലാം ചേർത്തു ചിത്രത്തിൽ കാണുന്നപോലെ മാപ്പ് വരയ്ക്കാം. മാപ്പിൽ വടക്കു ദിശ മുകളിലായാണു വരയ്ക്കുന്നതെന്ന് അറിയാമല്ലോ. ആകാശത്തിന്റെ മാപ്പാകുമ്പോൾ കിഴക്കു ദിശ ഇടത്തും പടിഞ്ഞാറു ദിശ വലത്തുമായി വരും. ഇങ്ങനെയുള്ള ഈ ആകാശചിത്രം ഒരു വേട്ടക്കാരന്റേതാണ് എന്നു പുരാതന ജ്യോതിഷികൾ സങ്കൽപിച്ചു. ഗ്രീക്ക് ഇതിഹാസ കഥാപാത്രമായ ഒറിയോൺ എന്ന വേട്ടക്കാരന്റെ പേര് ഇതിന് നൽകി. ഈ വേട്ടക്കാരനോടൊപ്പം ബൃഹത്ശ്വാനൻ (Canis Major), ലഘുശ്വാനൻ (Canis Minor) എന്നീ രണ്ട് നായ്ക്കളെയും സങ്കൽപിച്ചിട്ടുണ്ട്. പ്രധാന നക്ഷത്രങ്ങളെ സാങ്കൽപിക രേഖകൾ കൊണ്ടു ബന്ധിപ്പിച്ചാൽ അവയെ തിരിച്ചറിയാൻ എളുപ്പമാണ്.

വഴികാട്ടുന്ന വേട്ടക്കാരൻ

ഒറിയോൺ നമുക്ക് ഒരു വഴികാട്ടിയാണ്. ഇതിലെ വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്തു വരച്ചാൽ ശരിയായ തെക്കു വടക്കു ദിശ കിട്ടും. കപ്പൽ സഞ്ചാരികളും മറ്റും പുരാതന കാലത്തു രാത്രിയിൽ ദിക്കു മനസ്സിലാക്കുന്നതിന് ഏറ്റവും അധികം ആശ്രയിച്ചിരുന്നതു വേട്ടക്കാരനെയാണ്. ഒറിയോൺ മറ്റ് നക്ഷത്രസമൂഹങ്ങളെ തിരിച്ചറിയാനുള്ള ഒരു സഹായി കൂടിയാണ്. വേട്ടക്കാരന്റെ ബെൽറ്റിലെ നക്ഷത്രങ്ങളിൽ കൂടി ഒരു രേഖ സങ്കൽപിച്ച് വടക്ക് പടിഞ്ഞാറേക്കു നീട്ടിയാൽ അതു തിളക്കമുള്ള ചുവന്ന ഒരു നക്ഷത്രത്തിലെത്തും. ഈ നക്ഷത്രത്തിന്റെ പേര് ബ്രഹ്മഹൃദയം (Aldebaran) എന്നാണ്. ബ്രഹ്മഹൃദയം ഉൾപ്പെടുന്ന, V ആകൃതിയിലുള്ള നക്ഷത്രക്കൂട്ടമാണ് രോഹിണി. രോഹിണിയും അതിന്റെ താഴെയുള്ള തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ചേർന്നാൽ ഇടവം (Taurus) എന്ന നക്ഷത്രസമൂഹമായി. ഇതേ സങ്കൽപരേഖ വീണ്ടും വടക്കു പടിഞ്ഞാറ് ദിശയിൽ നീട്ടിയാൽ കാണുന്ന മുന്തിരിക്കുലപോലെയുള്ള നക്ഷത്രക്കൂട്ടമാണ് കാർത്തിക (Pleiades). വേട്ടക്കാരനു തെക്കു കിഴക്കായി കാണുന്ന തിളക്കമേറിയ നക്ഷത്രമാണു സിറിയസ് (Sirius). സൂര്യൻ കഴിഞ്ഞാൽ നാം കാണുന്ന നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണിത്. രോഹിണിയിലെ ചുവന്ന നക്ഷത്രം, വേട്ടക്കാരന്റെ ബെൽറ്റ് ഇവ ചേർത്ത് ഒരു രേഖ സങ്കൽപിച്ചു തെക്ക‌ു കിഴക്കു ഭാഗത്തേക്കു നീട്ടിയാൽ സിറിയസിനെ കണ്ടെത്താം. മകരവിളക്ക് ദിവസം സന്ധ്യയ്ക്കു കിഴക്ക് ഉദിച്ചുയരുന്നതായി കാണുന്ന നക്ഷത്രം സിറിയസ്സാണ്. സിറിയസ് ഉൾപ്പെടുന്ന നക്ഷത്രസമൂഹമാണ് ബൃഹത്ശ്വാനൻ.

ചൊവ്വയെ കാണാൻ

ചൊവ്വയെ (Mars) നേരിട്ടു കണ്ടിട്ടില്ലാത്തവർക്ക് ഇപ്പോൾ അവസരമുണ്ട്. സന്ധ്യയ്ക്ക് തലയ്ക്കൂ മുകളിൽ അൽപം തെക്ക്-പടിഞ്ഞാറായി ഇളം ചുവപ്പു നിറത്തിൽ പ്രഭയോടെ കാണുന്ന ആകാശ ഗോളം ചൊവ്വയാണ്. ഡിസംബർ 14, 15 തീയതികളിൽ ചന്ദ്രന് സമീപത്തായി എളുപ്പത്തിൽ ചൊവ്വയെ കണ്ടെത്താം.