ഹാരി പോട്ടറിലെ പറക്കും യൂണിക്കോണ്‍ ഭൂമിയില്‍ ജീവിച്ചിരുന്നോ...?
ഹാരി പോട്ടര്‍ വായിച്ചിട്ടുള്ള കുട്ടിക്കൂട്ടുകാര്‍ ഒരിക്കലും മറക്കില്ല വില്ലന്‍ വോള്‍ഡമോര്‍ട്ടിനെ. ഹോഗ്‌വാര്‍ട്‌സ് സ്‌കൂളിനു സമീപത്തെ വനത്തില്‍ കയറി അവിടത്തെ യൂണികോണ്‍ കുതിരകളുടെ ചോര കുടിച്ചാണ് വോള്‍ഡമോര്‍ട്ട് ജീവൻ തിരിച്ചുപിടിക്കുന്നത്. മൂക്കിനു മുകളിൽ ഒറ്റക്കൊമ്പുള്ള ജീവികളാണ് യുണിക്കോണുകള്‍. ഇവയുടെ രക്തത്തിനു വെള്ളി നിറമാണെന്നാണു വിശ്വാസം. ഗ്രീക്ക് കഥകളിലും യൂണിക്കോണുകളെപ്പറ്റി പരാമര്‍ശമുണ്ട്. ചിറകുകളുപയോഗിച്ചു പറന്നാണു യാത്ര. ഇങ്ങനെ കഥകളിലും വിശ്വാസങ്ങളിലും മാത്രമേ നമ്മളിതുവരെ യൂണിക്കോണുകളെപ്പറ്റി കേട്ടിട്ടുള്ളൂ. എന്നാലിപ്പോള്‍ ശാസ്ത്രം പറയുന്നു- യൂണിക്കോണുകള്‍ ഭൂമിയില്‍ ജീവിച്ചിരുന്നു!
പക്ഷേ കഥകളില്‍ കാണുന്ന തരത്തിലുള്ളവയല്ലെന്നു മാത്രം. അതു മാത്രമല്ല, ഇവ ഭൂമിയില്‍ നിന്ന് ഇല്ലാതായി അധികകാലമായിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. സൈബീരിയന്‍ യൂണിക്കോണ്‍ എന്ന ഓമനപ്പേരിലാണ് ഇവ അറിയപ്പെടുന്നത്. കാഴ്ചയില്‍ യൂണിക്കോണിനെപ്പോലെയാണെങ്കിലും ഇവയ്ക്ക് കൂടുതല്‍ അടുപ്പം കാണ്ടാമൃഗങ്ങളോടാണ്. എന്നു കരുതി പൂര്‍ണമായും കാണ്ടാമൃഗം എന്നു വിളിക്കാനും സാധിക്കില്ല. കുതിരയ്ക്കും കാണ്ടാമൃഗത്തിനും ഇടയിലുള്ള ഇവയ്ക്ക് സൈബീരിയന്‍ യൂണിക്കോണ്‍ എന്ന പേരു നല്‍കിയത് അതിന്റെ മൂക്കിനു സമീപത്തെ ഒറ്റക്കൊമ്പാണ്. ഇന്നത്തെക്കാലത്തെ കാണ്ടാമൃഗങ്ങളുടെ മൂക്കിനു മുകളിൽ കാണുന്ന തരം ചെറിയ കൊമ്പല്ല സംഗതി, ഇതിനല്‍പം നീളം കൂടുതലാണ്.
Elasmotherium sibiricum എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവ 3.5 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നന്നേക്കുമായി ഭൂമിയില്‍ നിന്ന് ഇല്ലാതായെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ പിന്നെയും കുറേ വര്‍ഷം കൂടി ഇവയില്‍ ചിലത് ഭൂമിയില്‍ ജീവിച്ചിരുന്നുവെന്നതിന്റെ തെളിവാണിപ്പോൾ ഗവേഷകര്‍ക്കു ലഭിച്ചത്. സസ്തനി വിഭാഗത്തില്‍പ്പെട്ട സൈബീരിയന്‍ യൂണിക്കോണിന്റെ തലയോട്ടിയാണ് ഇത്തരമൊരു കണ്ടെത്തലിലേക്കു ഗവേഷകരെ നയിച്ചത്. കസാഖിസ്ഥാനില്‍ നിന്നാണു 2016ല്‍ ഇത്തരത്തിലൊരു തലയോട്ടി ലഭിച്ചത്. യാതൊരു കുഴപ്പവും പറ്റാതെ സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു അത്. കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ അതിന്റെ പഴക്കം കണ്ടെത്തിയപ്പോൾ കസാഖിസ്ഥാനിലെ തലയോട്ടിക്ക് വെറും 29,000 വര്‍ഷത്തെ പഴക്കമേ ഉണ്ടായിരുന്നുള്ളൂ. മാത്രവുമല്ല ഈ യൂണിക്കോണിന് ഏകദേശം 6.6 അടി ഉയരമുണ്ടായിരുന്നു. 14.7 അടിയായിരുന്നു നീളം. ഭാരമാകട്ടെ നാലു ടണ്ണോളവും. കാഴ്ചയില്‍ ആളു ഭീകരനായിരുന്നെങ്കിലും ഭക്ഷണം പുല്ലും ചെടികളും തന്നെ. കാണ്ടാമൃഗത്തില്‍ നിന്നു വ്യത്യസ്തമായി ദേഹത്തു രോമങ്ങളുമുണ്ടായിരുന്നു.
എന്നാല്‍ ഗവേഷകരെ കുഴപ്പിക്കുന്നത് ഇതൊന്നുമല്ല. എങ്ങനെയാണ് ഇത്രയും കാലം ഇവ ജീവിച്ചിരുന്നതെന്നതായിരുന്നു അത്. ബാക്കി എല്ലാ സൈബീരിയന്‍ യൂണിക്കോണുകളും മൂന്നര ലക്ഷം വര്‍ഷം മുന്‍പത്തെ കാലാവസ്ഥാ വ്യതിയാനത്തില്‍ ഇല്ലാതായെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ചിലവ മാത്രം സുരക്ഷിതസ്ഥാനത്തേക്കു ദേശാടനം നടത്തിയിരുന്നതായാണു പുതിയ സൂചന. പടിഞ്ഞാറന്‍ സൈബീരിയയില്‍ നിന്നാണ് യൂണിക്കോണിന്റെ ഫോസില്‍ ലഭിച്ചത്. ആ പ്രദേശം യഥാര്‍ഥത്തില്‍ അവയ്‌ക്കൊരു അഭയസ്ഥാനം ഒരുക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍, നേരത്തേ കരുതി വച്ചിരുന്ന പല കാര്യങ്ങളിലും വീണ്ടുമൊരു ആലോചനയ്‌ക്കൊരുങ്ങുകയാണ് ജീവശാസ്ത്ര ലോകം. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ മൃഗങ്ങളുടെ ദേശാടനത്തെപ്പറ്റി കൂടുതല്‍ പഠിക്കേണ്ടിയും വരും ഇനി. സൈബീരിയന്‍ യൂണിക്കോണിനെപ്പറ്റിയുള്ള മുഴുവന്‍ പഠനം ‘അപ്ലൈഡ് സയന്‍സ്’ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്നോവൈറ്റും ഏഴു ചെറിയ മനുഷ്യരും