ഓടും വീട്, ചാടും വീട്, പറക്കും വീട്! വിഡിയോ
നവീൻ മോഹൻ
കൊടുങ്കാറ്റ്, അതിനൊപ്പം കനത്ത പേമാരി, പിന്നാലെ വെള്ളപ്പൊക്കം... വീടെല്ലാം തകർന്നു തരിപ്പണമായിരിക്കുന്നു. ചുറ്റിലും തകർന്നുകിടക്കുന്ന കെട്ടിടങ്ങൾ, മരങ്ങൾ, വാഹനങ്ങൾ...എവിടെപ്പോയി അഭയം തേടുമെന്ന് ഒരു പിടിയുമില്ല. പെട്ടെന്നാണു തലയ്ക്കു മുകളിലൂടെ ഏതാനും ഹെലികോപ്ടറുകൾ പാഞ്ഞുപോയത്. അവയിൽ ഒരു വലിയ പെട്ടിയും തൂങ്ങിക്കിടക്കുന്നു. ഏതാനും സമയം കഴിഞ്ഞേയുള്ളൂ, അൽപം ദൂരെ ഒരു കൂറ്റൻ സ്തംഭം. വെളുത്തനിറത്തിലുള്ള ആ സ്തംഭത്തിലേക്ക് ഓരോരുത്തരായി നടന്നു തുടങ്ങി. അവർക്കറിയാം, തങ്ങൾക്കുള്ള അഭയസ്ഥാനമാണ് അവിടെ കാത്തിരിക്കുന്നതെന്ന്. സയൻസ് ഫിക്‌ഷൻ സിനിമാക്കഥയൊന്നുമല്ല.
വൈകാതെ തന്നെ ലോകം കാണാനിരിക്കുന്ന സംഭവമാണ്. പ്രകൃതിദുരന്തങ്ങളിലും മറ്റും പെട്ട് ഒരു പ്രദേശം തന്നെ തകർന്നിരിക്കുമ്പോൾ വീടുകൾ നഷ്ടപ്പെട്ടവർക്കായി നിർമിക്കാൻ പോകുന്ന പുതിയ തരം ‘കെട്ടിട’മാണ് ആ വെളുത്ത സ്തംഭം. കാഴ്ചയിൽ കടലാസുകെട്ടിടം പോലിരിക്കും. കടലാസുകൾ കൊണ്ടു വിവിധ വസ്തുക്കൾ നിർമിക്കുന്ന ‘ഒറിഗാമി’ രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പോളണ്ടിൽ നിന്നുള്ള ഒരു കൂട്ടം ആർക്കിടെക്ടുമാർ ‘സ്കൈഷെൽട്ടർ’ എന്ന ഈ നീളൻ കെട്ടിടം ഡിസൈൻ ചെയ്തെടുത്തത്.
മടക്കി ഒരു വലിയ പെട്ടിക്കകത്തു വച്ച് ഹെലികോപ്ടറിൽ തൂക്കിയിട്ട് എവിടേക്കു വേണമെങ്കിലും കൊണ്ടുപോകാമെന്നതാണ് ഈ ‘കെട്ടിട’ത്തിന്റെ പ്രത്യേകത. ദുരന്ത ബാധിത പ്രദേശത്ത് എത്തിയാലുടൻ ഇത് നിലത്തിറക്കാം. ഹീലിയം ബലൂണിനകത്താണ് ഈ കെട്ടിടത്തിന്റെ ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത്. അതിനാൽത്തന്നെ പെട്ടെന്നു തന്നെ ഹീലിയം നിറച്ച് വലുതാക്കിയെടുക്കാം. ഇത് നിറയ്ക്കുന്നതിന്റെ അളവനുസരിച്ചായിരിക്കും കെട്ടിടത്തിന്റെ ഓരോ നിലയും ‘വീർത്തു’ വരിക. കരുത്തുറ്റ ബലൂണ്‍ വഴി കാറ്റിൽ നിന്നും മഴയിൽ നിന്നുമെല്ലാം സംരക്ഷണവും ലഭിക്കും. സാധാരണ ഇത്തരം ദുരന്ത ഘട്ടങ്ങളിൽ ടെന്റുകളും കണ്ടെയ്നറുകളുമാണ് ഉപയോഗിക്കുക പതിവ്. എന്നാൽ ഇത്തരം അഭയസ്ഥാനങ്ങൾ നിർമിച്ചെടുക്കാൻ ഏറെ സമയമെടുക്കും. നിർമിക്കാൻ പറ്റിയ സ്ഥലം കണ്ടെത്താനും ബുദ്ധിമുട്ടാണ്. എന്നാൽ ഇളകിമറിഞ്ഞു കിടക്കുന്ന മണ്ണിൽ പോലും യാതൊരു കുഴപ്പവുമില്ലാതെ നിൽക്കുമെന്നതാണ് സ്കൈഷെൽട്ടറിന്റെ പ്രത്യേകത.
ജനവാസമുള്ളയിടങ്ങളിൽ വരെ ഇത് നിർമിക്കാനാകും. കൂടാതെ ടെന്റുകളും കണ്ടെയ്നറുകളും സ്ഥാപിക്കാൻ വേണ്ടതിനേക്കാളും വളരെ കുറഞ്ഞ സ്ഥലം മതി. അവയിലേക്കാളുമേറെപ്പേരെ സ്കൈഷെൽട്ടറിൽ താമസിപ്പിക്കാനാകുമാകും. പെട്ടെന്നു തന്നെ എവിടെ വേണമെങ്കിലും എത്തിക്കാമെന്ന പ്രത്യേകതയുമുണ്ട്. ജപ്പാനിൽ കൃഷിഭൂമി ഇല്ലാത്തയിടങ്ങളിൽ കൃഷിക്കായി ഉപയോഗിക്കുന്ന പരമ്പരാഗത രീതിയിൽ അൽപം മാറ്റം വരുത്തിയപ്പോഴാണ് ഈ ആശയം ജനിക്കുന്നത്. സ്കൈഷെൽട്ടറിനു മേൽ പതിക്കുന്ന സൂര്യപ്രകാശം ഉപയോഗിച്ച് സോളർ സെല്ലുകൾ പ്രവർത്തിപ്പിക്കാം. ഇതിലേക്കു വീഴുന്ന മഴവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമായും ഉപയോഗിക്കാം.