‘കണ്ണു തുറിച്ചു നോക്കി’ തലയോട്ടിയുടെ രൂപത്തിൽ ആകാശത്ത് ഛിന്നഗ്രഹം; അത് ഭൂമിയിലേക്ക്...
ഒരൊറ്റയിടിയിടിച്ചാൽ ഭൂമിയെ തവിടുപൊടിയാക്കുന്ന തരം ഛിന്നഗ്രഹങ്ങൾ ബഹിരാകാശത്തു പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ വമ്പനൊരു ഛിന്നഗ്രഹം (ആസ്റ്ററോയ്ഡ്) ഭൂമിക്കു നേരെ പാഞ്ഞു വരുന്നു. വലുപ്പത്തിൽ മാത്രമല്ല കാഴ്ചയിലും ഭീകരനായ ഒരു ഛിന്നഗ്രഹമാണു പാഞ്ഞുവരുന്നതെങ്കിലോ? അതായത്, ഒരു തലയോട്ടിയുടെ രൂപത്തിലുള്ള ആസ്റ്ററോയ്ഡ്? അത്തരമൊരു ഛിന്നഗ്രഹം ഭൂമിക്കു നേരെ വരുന്നുണ്ട്. ഹാലോവീൻ ദിനത്തോടനുബന്ധിച്ച് അതു ഭൂമിക്ക് ഏറ്റവും സമീപത്തു കൂടി കടന്നു പോവുകയും ചെയ്യും. ഇനിയിപ്പോൾ അതുവന്നു ഭൂമിയിൽ ഇടിച്ചാലും കുഴപ്പമൊന്നുമില്ല. സംഗതി അന്തരീക്ഷത്തിലേക്കു കടക്കുന്നതോടെ കത്തിത്തീർന്ന് ഇല്ലാതാകും. പുലി പോലെ വരുന്ന ഛിന്നഗ്രഹം എലിയായിപ്പോകുമെന്നു ചുരുക്കം.
‘ഹാലോവീൻ ഡെത്ത് ആസ്റ്ററോയ്ഡ്’ എന്നാണ് ഈ ഛിന്നഗ്രഹത്തിന് നൽകിയിരിക്കുന്ന വിളിപ്പേര്. 2015 ടിബി 145 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം മൂന്നു വർഷം മുൻപാണ് ആദ്യമായി കണ്ടെത്തുന്നത്. അന്ന് ഒക്ടോബർ അവസാനം ഹാലോവീൻ ദിനത്തോടനുബന്ധിച്ചായിരുന്നു ഇതിന്റെ വരവ്. രണ്ടു കണ്ണുകളും വായുമായി ഒറ്റനോട്ടത്തിൽ ഒരു തലയോട്ടിക്കു സമാനമായിരുന്നു രൂപം. അതിനാലാണ് ഹാലോവീനുമായി ചേർന്ന പേരിട്ടതും. പേടിപ്പിക്കുന്ന വേഷങ്ങൾ കെട്ടി ചുറ്റിത്തിരിയുന്നതാണല്ലോ ഹാലോവീന്റെ ആഘോഷം. ഈ ഛിന്നഗ്രഹവും പേടിപ്പിക്കുന്ന വേഷവുമായി ബഹിരാകാശത്തു ചുറ്റിത്തിരിയുകയായിരുന്നു.
തുടക്കത്തിൽ ഇവനെ പേടിക്കേണ്ടതുണ്ടെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ 2015 ഒക്ടോബർ 31ന് യാതൊരു കുഴപ്പവുമുണ്ടാക്കാതെ ടിബി 145 ഭൂമിക്കു സമീപത്തു കൂടെ പോയി. സമീപത്തെന്നു പറഞ്ഞാൽ ഏകദേശം 3.02 ലക്ഷം മൈൽ ദൂരെക്കൂടെ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 1.3 മടങ്ങ് അധികം വരും ഇത്. ഇനി വർഷങ്ങൾ കഴിഞ്ഞു മാത്രമേ ഇത്രയും അടുത്ത് ഇതിനെ കാണാനാകൂ എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ 2018 നവംബറിൽ ഹാലോവീൻ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സമയം രാത്രി പതിനൊന്നോടെ ഈ ‘തലയോട്ടിയുൽക്ക’യെ കാണാനാകുമെന്നാണ് ഗവേഷകർ അറിയിച്ചിരിക്കുന്നത്. പ്രത്യേക ടെലസ്കോപ്പും മറ്റും ഇതിനായി സജ്ജമാക്കിക്കഴിഞ്ഞു.
‘ഡെഡ് കോമറ്റ്’ ആയാണ് ടിബി 145നെ കണക്കാക്കുന്നത്. അതായത് ഒരു ഛിന്നഗ്രഹത്തിന്റെയോ ഉൽക്കയുടെയോ ഒന്നും സ്വഭാവമില്ല ഇവയ്ക്ക്. പാറകളും പലതരം ലോഹങ്ങളും കൊണ്ടാണു ഛിന്നഗ്രഹങ്ങൾ രൂപപ്പെടുക. ഉൽക്കകളിൽ മഞ്ഞും പാറകളുമൊക്കെയായിരിക്കും ഉണ്ടാവുക. 625 മുതൽ 700 മീറ്റർ വരെ വീതിയുണ്ടെങ്കിലും ഇത് ഭൂമിക്കു കാര്യമായ ഭീഷണിയുണ്ടാക്കാനാകില്ലെന്നതാണു സത്യം. ഒരിക്കൽ സജീവ ഉൽക്കയായിരുന്നു ടിബി 145 എന്നും കരുതുന്നവരുണ്ട്. ദശലക്ഷക്കണക്കിനു വർഷങ്ങളായി ഇത് സൂര്യനെ വലംവയ്ക്കുന്നു. ഒടുവിൽ സൂര്യനിൽ നിന്നു റേഡിയേഷൻ ഏറ്റ് മഞ്ഞുരുകി ‘ഡെഡ്’ ആയെന്നാണു കരുതുന്നത്. ഇതിലേക്കു വന്നുപതിക്കുന്ന സൂര്യപ്രകാശത്തിന്റെ ആറു ശതമാനം മാത്രമേ പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നുള്ളൂ. അതിനാൽത്തന്നെ കറുത്ത് ഭീകരരൂപമാണ് ഈ ‘തലയോട്ടി’ക്ക്.
ഭൂമിയിലേക്കു കടന്നാൽ പക്ഷേ കത്തിത്തീർന്ന് ഒരു കൊള്ളിയാനായി അവസാനിക്കും. 2017ലും ഇതു ഭൂമിക്കു സമീപത്തു കൂടെ പോയിരുന്നു. അത്രയ്ക്ക് അടുത്തു പോലും പക്ഷേ ഇത്തവണ എത്തില്ല. എങ്കിലും ഭൂമിക്കു സമീപത്തെത്തുന്ന ബഹിരാകാശ വസ്തുക്കൾ സംബന്ധിച്ച നിർണായ ഡേറ്റ ശേഖരിക്കാൻ ടിബി 145ന്റെ നിരീക്ഷണത്തിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷ. ഇനി ഈ ഛിന്നഗ്രഹത്തെ അടുത്തു കിട്ടണമെങ്കിൽ 2027 വരെ കാത്തിരിക്കണം. അതു കഴിഞ്ഞാൽ പിന്നെ 2088ലാണ് ഈ ‘തലയോട്ടിയുൽക്ക’ ഭൂമിക്ക് ഏറ്റവും അടുത്തെത്തുക.