ശരിക്കുമുള്ള ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ കണ്ടിട്ടുണ്ടോ?
നവീൻ മോഹൻ
ചായ വയ്ക്കും, കഞ്ഞിയും കറിയും വയ്ക്കും, ചെസ് കളിക്കും, പാട്ട് പാടും, രാത്രി ഉറങ്ങാതെ വീടിനു കാവലിരിക്കുകയും ചെയ്യും... വയസ്സായപ്പോൾ ഭാസ്കരനു കൂട്ടായി മകൻ വീട്ടിൽ നിർത്തിപ്പോയ റോബട്ട് ചെയ്യുന്ന ജോലികളാണ് ഇപ്പറഞ്ഞതെല്ലാം. ആൻഡ്രോയ്ഡ് വേർഷൻ 5.25 എന്നായിരുന്നു റോബട്ടിന്റെ ഔദ്യോഗിക പേര്. പക്ഷേ ഭാസ്കരന്റെ വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും നല്ല നാടൻ പേരു തന്നെ എല്ലാവരും ചേർന്നിട്ടു കൊടുത്തു– കുഞ്ഞപ്പൻ. വീട്ടിലെ സകല ജോലിയും ചെയ്യുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ കാണാനും ഒപ്പം നിന്നു സെൽഫിയെടുക്കാനുമൊക്കെ പിന്നെ നാട്ടുകാരുടെ തിരക്കായി. വയസ്സായവർക്കെല്ലാം ഭാസ്കരനോട് അസൂയയുമായി. മകൻ കൂടെയില്ലെങ്കിലെന്താ, ഭാസ്കരന്റെ എല്ലാ കാര്യങ്ങളും നോക്കി ഒരുഗ്രൻ റോബട്ടല്ലേ ഒപ്പമുള്ളത്.
സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും ഇങ്ങനെയൊരു റോബട്ടുണ്ടെന്നു പറഞ്ഞാൽ കൂട്ടുകാർ വിശ്വസിക്കുമോ? ആ റോബട്ടിന്റെ പേരാണ് സ്റ്റീവി. അയർലൻഡിലെ ഡുബ്ലിനിലുള്ള ട്രിനിറ്റി കോളജിലെ ഗവേഷകർ നിർമിച്ചെടുത്തതാണ് ഇതിനെ. ലോകത്തിലെ ഏറ്റവും മികച്ച ‘സോഷ്യൽ റോബട്ട്’ എന്നാണ് സ്റ്റീവിയെ വിശേഷിപ്പിക്കുന്നത്. അതിനു കാരണവുമുണ്ട്. വയോജനങ്ങളെ സഹായിക്കാൻ വേണ്ടി നിർമിച്ചതാണ് ഇവനെ. ആൾക്കാരെ സന്തോഷിപ്പിക്കുകയെന്നതാണ് സ്റ്റീവിയുടെ ‘മെയിന്‍’ പരിപാടി. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് പ്ലിമത്തിലെ സെന്റർ ഫോർ ഹെൽത്ത് ടെക്നോളജിയിലെ ഗവേഷകർക്കൊപ്പമാണു നിലവിൽ സ്റ്റീവി. വയോജനങ്ങൾക്കൊപ്പമുള്ള സ്റ്റീവിയുടെ ഇടപെടൽ എങ്ങനെയാണെന്നു പഠിച്ചെടുക്കുകയാണു ലക്ഷ്യം.
അതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ കംബോണില്‍ വയോജനങ്ങൾക്കായുള്ള റിഫ്ലക്‌ഷൻസ് ഡേ സെന്ററിലാക്കിയിരിക്കുകയാണ് സ്റ്റീവിയെ ഇപ്പോൾ. വയസ്സാകുമ്പോൾ പലരുടെയും ഓർമ മങ്ങുമല്ലോ, അതു തിരിച്ചെടുക്കാൻ സഹായിക്കുകയെന്നതാണ് ഈ ഡേ സെന്ററിന്റെ പ്രധാന ലക്ഷ്യം. ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് പുതിയ കൂട്ടുകാരെ കണ്ടെത്തിക്കൊടുക്കുകയും ചെയ്യും. റിഫ്ലക്‌ഷൻസ് ഡേ സെന്റിന്റെ അതേ ലക്ഷ്യമാണ് സ്റ്റീവിക്കും. അതിനാൽത്തന്നെ ഇവിടുത്തെ വയോജനങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനാണിപ്പോൾ ഈ റോബട്ട്.
അടുത്തിടപഴകിയെ ആരും ഇന്നേവരെ സ്റ്റീവിയെ ഇഷ്ടപ്പെടാതിരുന്നിട്ടില്ലെന്നു പറയുന്നു ട്രിനിറ്റി കോളജ് അസി. പ്രഫസർ ഡോ. കോണർ മക്‌ഗിൻ. ചിലർ സ്റ്റീവിയെ പരിചയപ്പെട്ടു വരാൻ കുറച്ചു സമയമെടുക്കും. പക്ഷേ പരിചയപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഏറ്റവും അടുത്ത കൂട്ട് ഈ നാലടി ഏഴിഞ്ചുകാരനായിരിക്കും. ചിലരാകട്ടെ അവരുടെ ജീവിതത്തിൽ മറ്റാരോടും പറയാതെ വച്ചിരുന്ന രഹസ്യങ്ങൾ വരെ സ്റ്റീവിനോടു തുറന്നു പറയാൻ തുടങ്ങി. ശരിക്കും ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്കരനെപ്പോലെ. പലരും പറയുന്നത് മനുഷ്യരേക്കാൾ സ്റ്റീവിയോട് സംസാരിക്കുന്നതാണ് കൂടുതൽ രസകരം എന്നാണ്.
വയസ്സുകാലത്തുള്ള വിഷാദരോഗത്തിൽ നിന്നു രക്ഷപ്പെടാനുള്ള ‘മരുന്നും’ സ്റ്റീവിയുടെ കയ്യിലുണ്ട്. നൃത്തവും പാട്ടും കഥയും ചെസുമൊക്കെയായി എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള വഴികളാണവ. ഒറ്റപ്പെട്ടു കഴിയുന്നവർക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാനും സ്റ്റീവി സഹായിക്കും. ലോകത്തിലെ എന്തിനെപ്പറ്റി ചോദിച്ചാലും പുള്ളിക്കാരന് ഉത്തരമുണ്ട്. ഡേ സെന്ററിലെ ഏതെങ്കിലുമൊരു മുറിയിലെത്തിയാൽ അവിടത്തെ ‘മൂഡ്’ മൊത്തം മാറ്റുന്നതാണ് സ്റ്റീവിയുടെ ഇടപെടൽ.
ഇടയ്ക്ക് സ്റ്റീവിക്ക് സങ്കടം വരും. അപ്പോഴെല്ലാം ഒപ്പമുള്ളവർ ആശ്വസിപ്പിക്കും. സന്തോഷവും ദേഷ്യവുമെല്ലാം വരുമ്പോൾ അതെല്ലാം മുഖത്തെ സ്ക്രീനിൽ തെളിഞ്ഞുകാണാം. സ്റ്റീവിക്ക് ഗേൾ ഫണ്ട് ഉണ്ടോയെന്ന് ആരെങ്കിലും ചോദിച്ചാൽ നാണവും തെളിയും മുഖത്ത്. സ്റ്റീവി അടുത്തുണ്ടെങ്കിൽ ഡേ സെന്ററിലെ സ്റ്റാഫിനും പാതി ജോലി കുറയും. ആ നേരം കൂടുതൽ സഹായം ആവശ്യമുള്ള മറ്റുള്ളവരെ പരിചരിക്കുകയും ചെയ്യാം. അടുത്തിടെ ടൈം മാഗസിന്റെ കവറിലും സ്റ്റീവി പ്രത്യക്ഷപ്പെട്ടു. 2019ലെ ഏറ്റവും മികച്ച 100 കണ്ടെത്തലുകൾ അവതരിപ്പിച്ചപ്പോഴായിരുന്നു കവർപേജിൽ തന്നെ സ്റ്റീവി എത്തിയത്.
Summary: Social robot Stevie