ഉപ്പൂറ്റികൊണ്ടു പന്തടിക്കുന്ന സോക്രട്ടീസ്!
അനിൽ ഫിലിപ്പ്
ബ്രസീല്‍ ഫുട്ബോളിൽ പെലെയ്‌ക്കു ശേഷം ആര് എന്ന ചോദ്യത്തിനുത്തരമായിരുന്നു സോക്രട്ടീസ്. ലോകം കണ്ട ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. ഒരു ഫുട്ബോൾ താരം എന്നതിലുപരി ബഹുമുഖ വ്യക്‌തിത്വത്തിന് ഉടമയായിരുന്ന അദ്ദേഹം കളിയിൽ സജീവമായിരിക്കുമ്പോൾതന്നെ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. മികച്ച മിഡ്ഫീൽഡറായിരുന്ന അദ്ദേഹത്തെ മധ്യനിരയിലെ സംഗീതം എന്ന ഇരട്ടപ്പേരിന് അവകാശിയാക്കി.
ആമസോൺ നദിക്കരയിലെ വടക്കൻപട്ടണമായ ബെലെമിൽ 1954 ഫെബ്രുവരി 19 നാണു സോക്രട്ടീസ് ബ്രസിലേരിയോ സമ്പായിയോ ഡിസൂസ വിയേരിയ ഡിഒലിവേരിയയുടെ ജനനം. സർവകലാശാലാ പഠനകാലത്തു ബൊട്ടഫോഗോ- റിബെയ്‌റോ പ്രിട്ടോയിൽ ഫുട്‌ബോൾ ജീവിതം തുടങ്ങിയ സോക്രട്ടീസ് വൈകാതെ അവരുടെ ഏറ്റവും മികച്ച കളിക്കാരനായി. 1974ൽ ബോട്ടാഫോഗോയിലൂടെ പ്രഫഷനൽ കരിയറിനു തുടക്കമിട്ടു. സാവോപോളോ ക്ലബ്ബായ കോറിന്ത്യൻസിൽ 1978 മുതൽ ആറുവർഷം തുടർന്നു. ഫ്ലമെംഗോ, സാന്റോസ്, ഇറ്റലിയിലെ ഫിയോറെന്റിന എന്നീ ക്ലബ്ബുകൾക്കുവേണ്ടിയും സോക്രട്ടീസ് ബൂട്ടണിഞ്ഞു. വിവിധ ക്ലബ്ബുകൾക്കായി 640 മൽസരങ്ങൾ കളിച്ചു. മുന്നൂറോളം ഗോളുകളും നേടി. 1979–86 കാലത്തു ബ്രസീലിനുവേണ്ടി 60 തവണ കളിച്ചു, അതിലൂടെ 22 ഗോളുകൾ.
ഇരുകാലുകളുംകൊണ്ടു ഗോളുകൾ നേടിയ സോക്രട്ടീസ്, ഉപ്പൂറ്റികൊണ്ടു പന്തടിക്കുന്ന അപൂർവരീതിയിലൂടെ ‘ഗോൾഡൻ ഹീൽ’ എന്ന വിളിപ്പേരു സ്വന്തമാക്കി. പിൻകാലുകൊണ്ടുള്ള പാസുകളും ഓടിയെത്താതെയുള്ള പെനൽറ്റി കിക്കുകളും സോക്രട്ടീസിനെ സോക്കർ മൈതാനങ്ങളിൽ വ്യത്യസ്തനാക്കി.
നീണ്ടുമെലിഞ്ഞ ഈ താടിക്കാരൻ 1982 ൽ നായകനായും 1986ൽ താരമായും ലോകകപ്പിനെത്തി. സോക്രട്ടീസിനു പുറമേ സീക്കോ, ഫൽക്കാവോ, ടോണിഞ്ഞോ, സെറീസോ, എഡർ എന്നിവർ ഉൾപ്പെട്ട താരനിബിഡമായ 1982ലെ ബ്രസീൽ, ലോകകപ്പ് നേടാത്ത ഏറ്റവും മികച്ച ടീം എന്നാണ് അറിയപ്പെടുന്നത്. 1986ൽ കളിച്ചപ്പോഴും സോക്രട്ടീസിന്റെ ടീമിനു കപ്പ് നേടാനായില്ല. 1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബ്രസീൽ– ഫ്രാൻസ് മൽസരത്തിൽ സോക്രട്ടീസ് കളഞ്ഞ പെനൽറ്റി ചരിത്രത്തിലെ കറുത്ത രേഖയാണ്. എന്നാൽ ആ കുറവു സഹോദരൻ റെയ് നികത്തി. 1994 ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു റെയ്. വിരമിച്ചശേഷം അദ്ദേഹം വീണ്ടും മൈതാനത്തിറങ്ങി. ഇംഗ്ലണ്ടിലെ ഗർഫോർത്ത് ടൗൺ ടീമിനൊപ്പം. 1994–99ൽ വിവിധ ക്ലബ്ബുകളുടെ പരിശീലകനായി. 2011 ഡിസംബർ 4നു 57–ാം വയസിൽ സാവോ പോളോയിൽവച്ച് മരണം.