പട്ടാപ്പകൽ സൂര്യൻ മറയുന്നു; ആപത്ത് വരികയാണോ? ഗ്രഹണ കഥകൾ
സീമ ശ്രീലയം
ജ്വലിച്ചു നിൽക്കുന്ന സൂര്യൻ പട്ടാപ്പകൽ പെട്ടെന്നങ്ങ് മറയുക, കുറച്ചു നേരത്തേക്ക് ഇരുട്ടു പരക്കുകയോ വെളിച്ചം വല്ലാതെ മങ്ങുകയോ ചെയ്യുക എന്തോ വലിയ ആപത്തു വരുന്നതിന്റെയും ലോകാവസാനത്തിന്റെയും വൻ യുദ്ധങ്ങളുടെയും രക്തച്ചൊരിച്ചിലിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും ഒക്കെ സൂചനയായും ദൈവകോപമായും ഒക്കെയാണ് പണ്ടുകാലത്ത് ലോകമെങ്ങുമുള്ള മനുഷ്യർ സൂര്യഗ്രഹണത്തെ കണ്ടിരുന്നത്. സൂര്യഗ്രഹണത്തിന്റെ ശാസ്ത്രത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാതിരുന്ന, എപ്പോഴൊക്കെ സൂര്യഗ്രഹണം സംഭവിക്കുമെന്ന് പ്രവചിക്കാനുള്ള ശേഷി ഇല്ലാതിരുന്ന പഴയ കാലത്ത് പല രാജ്യങ്ങളിലെയും മനുഷ്യർ അവരവരുടെ ഭാവനയ്ക്കനുസരിച്ച് പല കഥകളും മെനഞ്ഞുണ്ടാക്കി. രസകരമായ അത്തരം ചില കഥകൾ എന്തൊക്കെയെന്നു നോക്കാം. ഇവയൊക്കെ വെറും കഥകൾ മാത്രമാണെന്നു മറക്കല്ലേ...
സൂര്യനെ വിഴുങ്ങുന്ന പാമ്പുകൾ
രാഹുവും കേതുവും സൂര്യനെ വിഴുങ്ങുന്നതാണു സൂര്യഗ്രഹണം എന്ന കഥയ്ക്കാണ് ഇന്ത്യയിൽ ഏറ്റവും പ്രചാരം. പാലാഴി മഥനത്തിലൂടെ ലഭിച്ച അമൃത് ദേവന്മാർ കഴിക്കുന്നതിനിടെ വേഷപ്രച്ഛന്നനായി ദേവരൂപത്തിൽ അകത്തു കടന്ന ഒരസുരനും കഴിച്ചത്രെ. എന്നാൽ ഈ തട്ടിപ്പ് സൂര്യനും ചന്ദ്രനും തിരിച്ചറിഞ്ഞു. അവർ അതു മഹാവിഷ്ണുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും മഹാവിഷ്ണു സുദർശന ചക്രത്താൽ ഈ അസുരന്റെ കഴുത്തറുത്തെന്നുമാണു കഥ. എന്നാൽ അമൃത് കഴിച്ച അസുരൻ മരിച്ചില്ല. അസുരന്റെ ഛേദിക്കപ്പെട്ട ശരീര ഭാഗങ്ങൾ രാഹു എന്നും കേതു എന്നും പേരുള്ള രണ്ടു പാമ്പുകളായി മാറി. അടങ്ങാത്ത പകയുമായി സൂര്യ ചന്ദ്രന്മാരെ പിന്തുടർന്നുകൊണ്ടിരിക്കുന്ന ഇവ തരം കിട്ടുമ്പോൾ സൂര്യനെ പിടിച്ചു വിഴുങ്ങുമ്പോഴാണത്രേ സൂര്യഗ്രഹണമുണ്ടാവുന്നത്
സൂര്യനെ തിന്നുന്നവർ
ഒരു ഭീമൻ തവളയുടെ രൂപത്തിൽ എത്തുന്ന ഏതോ ദുഷ്ട ശക്തി സൂര്യനെ വിഴുങ്ങുന്നതാണു സൂര്യഗ്രഹണം എന്നാണ് വിയറ്റ്നാമുകാർ കരുതിയിരുന്നത്. ആകാശത്ത് അദൃശ്യനായ ഒരു ഭീമൻ വ്യാളി സൂര്യനുമായി യുദ്ധം ചെയ്യുകയും സൂര്യനെ വിഴുങ്ങുകയും ചെയ്യുമ്പോഴാണു പകൽ സൂര്യൻ മറയുന്നതെന്നാണ് ചൈനക്കാർ വിശ്വസിച്ചിരുന്നത്. ഈ വ്യാളിയെ തുരത്തി സൂര്യനെ രക്ഷിക്കാൻ അവർ പെരുമ്പറ മുഴക്കുകയും വലിയ ശബ്ദമുണ്ടാക്കുകയുമൊക്കെ ചെയ്തിരുന്നു. അമേരിക്കയിൽ ചില ഭാഗങ്ങളിൽ പ്രചരിച്ചിരുന്ന വിശ്വാസമനുസരിച്ച് രണ്ട് ചെന്നായ്ക്കളാണു സൂര്യനെ വിഴുങ്ങുന്നത്. വൈക്കിങ്ങുകളുടെ വിശ്വാസമനുസരിച്ചും ആകാശത്തുള്ള ഹാറ്റി, സ്കോൾ എന്നീ ഭീമൻ ചെന്നായ്ക്കളാണ് സൂര്യനെ വിഴുങ്ങുന്നത്. യൂഗോസ്ലാവിയക്കാരുടെ സങ്കൽപമനുസരിച്ച് പാതി മനുഷ്യനും പാതി ചെന്നായയുമായ ഒരു വിചിത്ര ജീവിയാണ് സൂര്യനെ അകത്താക്കുന്നത്. എന്നാൽ ഹംഗറിയിൽ പ്രചാരം നേടിയ കഥയിൽ സൂര്യനെ വിഴുങ്ങുന്നത് ഒരു ഭീമൻ പക്ഷിയാണ്.
സ്വർഭാനുവും അത്രി മഹർഷിയും
സൂര്യന്റെ പ്രകാശം കെടുത്താനുള്ള വിദ്യ അസുരനായ സ്വർഭാനുവിന് അറിയാമായിരുന്നെന്നും ആ സമയത്തൊക്കെ അത്രി മഹർഷി മന്ത്രം ചൊല്ലി സ്വർഭാനുവിനെ നിർവീര്യനാക്കി സൂര്യന്റെ ചൈതന്യം വീണ്ടെടുത്തുകൊടുത്ത് സൂര്യന്റെ രക്ഷകനാവും എന്നു മറ്റൊരു കഥ
കോപാകുലനായ സൂര്യൻ
ദൈവകോപത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും സൂചനയായാണ് പുരാതന ഗ്രീക്കുകാർ സൂര്യഗ്രഹണത്തെ കണ്ടിരുന്നത്. തങ്ങളുടെ പ്രവൃത്തികൾ ഇഷ്ടപ്പെടാതെ സൂര്യൻ കോപാകുലനായി മുഖം തിരിക്കുന്നതാണ് ഗ്രഹണമെന്ന് യൂറോപ്പിലെ ചില ജന വിഭാഗങ്ങളും കരുതിപ്പോന്നു. മെക്സിക്കൻ ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രചരിച്ചിരുന്ന ഒരു കഥയനുസരിച്ച് കോപാകുലനായ സൂര്യൻ ആകാശമുപേക്ഷിച്ച് പോവുന്നതാണ് സൂര്യഗ്രഹണം. തെക്കെ അമേരിക്കയിലെ ഇൻക വിഭാഗക്കാർക്കിടയിൽ പ്രചരിച്ചിരുന്ന വിശ്വാസമനുസരിച്ച് സൂര്യദേവന് ഉഗ്രകോപവും അപ്രീതിയുമൊക്കെ ഉണ്ടാവുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്. മെസപ്പൊട്ടേമിയയിൽ പ്രചരിച്ചിരുന്ന കഥയനുസരിച്ച് സൂര്യഗ്രഹണമെന്നതു അതിശക്തനായ രാജാവിന്റെ മരണത്തിന്റെയും പ്രളയത്തിന്റെയും കൊടുങ്കാറ്റിന്റെ ദേവൻ സംഹാരതാണ്ഡവമാടുന്നതിന്റെയും ഒക്കെ സൂചനയാണ്. സൂര്യഗ്രഹണത്തെ ഭീതിയോടെ കണ്ട പുരാതന ഈജിപ്തിലെ ഫറവോമാർ ഗ്രഹണ സമയത്ത് അവരുടെ സൂര്യദേവനായ അമുൻ റായുടെ ക്ഷേത്രത്തിൽ അഭയം തേടുമായിരുന്നത്രേ.
സൂര്യനു കത്താൻ തീയെറിഞ്ഞവർ
ഗ്രഹണ സമയത്ത് കുന്തത്തിന്റെയും അമ്പിന്റെയുമൊക്കെ അറ്റത്ത് പന്തം കൊളുത്തി മുകളിലേക്ക് എറിഞ്ഞു കൊടുക്കുമായിരുന്നു കാനഡയിലെ ചില ഗോത്ര വർഗക്കാർ. സൂര്യഗ്രഹണം നടക്കുമ്പോൾ സൂര്യന്റെ തീ കെട്ടു പോവുന്നതാണെന്നാണ് ഇവർ കരുതിയിരുന്നത്. കെട്ടുപോയ സൂര്യനെ വീണ്ടും ജ്വലിപ്പിക്കാനാണ് ഇവർ ആകാശത്തേക്ക് തീപ്പന്തങ്ങൾ എറിഞ്ഞിരുന്നത്. സ്വർഗകവാടം സൂര്യനെ വിഴുങ്ങുമ്പോൾ സൂര്യഗ്രഹണമുണ്ടാവുന്നു എന്നാണ് കാനഡയുടെ പടിഞ്ഞാറൻ ഭാഗത്തെ ഗോത്രവർഗക്കാരുടെ കഥ. ഏറെ നാൾ തുടർച്ചയായി ജോലി ചെയ്തു തളർന്ന സൂര്യൻ വിശ്രമിക്കാൻ പോവുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാവുന്നതെന്നായിരുന്നു ബൊഹീമിയയിലെ ആദിമ നിവാസികളുടെ വിശ്വാസം.
കല്ല്യാണം, പിണക്കം
വടക്കേ അമേരിക്കയിലെ ചില ആദിമ ഗോത്ര വർഗക്കാരും ഓസ്ട്രേലിയയിലെ ചില ജനവിഭാഗങ്ങളും സൂര്യഗ്രഹണത്തെ സൂര്യനും ചന്ദ്രനും തമ്മിലുള്ള വിവാഹമായാണു സങ്കൽപിച്ചിരുന്നത്. ഗ്രഹണ സമയത്ത് അൽപനേരം പ്രകാശം മറയുമ്പോൾ പകൽ ആകാശത്ത് സാധാരണ ദൃശ്യമല്ലാത്ത ചില ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ കണ്ടതോടെ ഇവ സൂര്യന്റെയും ചന്ദ്രന്റെയും കുഞ്ഞുങ്ങളാണെന്നും ഇവർ കരുതിക്കളഞ്ഞു! എന്നാൽ ഇന്യൂട്ട് നാടോടിക്കഥകളനുസരിച്ച് സഹോദരീ സഹോദരന്മാരായ സൂര്യദേവതയും ചന്ദ്രദേവനും വഴക്കിടുമ്പോൾ സൂര്യദേവത പിണങ്ങിപ്പോവുമ്പോഴാണ് ഗ്രഹണമുണ്ടാവുന്നത്!
സൂര്യനെ മോഷ്ടിക്കാൻ
ഏതോ ഒരു ഇരുണ്ട നാട്ടിലെ രാജാവ് സൂര്യനെ തന്റെ രാജ്യത്തേക്കു കടത്തിക്കൊണ്ടു വന്ന് അവിടം പ്രകാശപൂരിതമാക്കാൻ ആഗ്രഹിച്ചു. രാജാവിന്റെ ആജ്ഞയനുസരിച്ച് സൂര്യനെ മോഷ്ടിക്കാൻ നായ്ക്കളെ അയച്ചുവെന്നും സൂര്യനെ വിഴുങ്ങി രാജാവിനടുത്തെത്തിക്കാൻ ശ്രമിച്ച നായയുടെ വായ പൊള്ളിയതോടെ സൂര്യൻ രക്ഷപ്പെട്ടു എന്നുമാണ് കൊറിയയിൽ പ്രചാരത്തിലുള്ള കഥ. സൂര്യദേവത ഒരു ഗുഹയിൽ ഏകാന്തവാസത്തിനു പോവുമ്പോഴാണ് ഗ്രഹണം ഉണ്ടാവുന്നതെന്നു ജാപ്പനീസ് നാടോടിക്കഥയിൽ പറയുന്നു.ഒരു ദർപ്പണം കാണിക്കുമ്പോൾ അതിൽ സ്വന്തം മുഖം ദർശിച്ച് സൂര്യ ദേവത പുറത്തു വരുന്നതോടെ ഗ്രഹണം തീരുമത്രേ.
സൂര്യചന്ദ്രന്മാരുടെ പോരാട്ടം
മനുഷ്യർക്കിടയിലെ പകയും ശത്രുതയും ആകാശ ഗോളങ്ങളിലേക്ക് എത്തുന്നതിന്റെ ഫലമായി സൂര്യനും ചന്ദ്രനും തമ്മിൽ യുദ്ധം തുടങ്ങുമ്പോഴാണ് സൂര്യഗ്രഹണമുണ്ടാവുന്നതെന്നാണ് ആഫ്രിക്കയിലെ ചില ഗോത്ര വർഗക്കാർ വിശ്വസിച്ചിരുന്നത്. ഈ യുദ്ധം നിർത്താൻ തങ്ങളുടെ ശത്രുതയും പകയുമൊക്കെ അവസാനിപ്പിക്കുന്നതായും സമാധാനം സ്ഥാപിക്കുന്നതായും അവർ പ്രഖ്യാപിക്കുമായിരുന്നു.
Summary : Solar Eclipse Myths and Superstitions