ഗ്രഹണസമയത്ത് സൂര്യനെ എക്സ്‌റേ ഫിലിമിലൂടെ നോക്കാമോ?
ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോൾ ചന്ദ്രബിംബം സൂര്യബിംബത്തെ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഭൗമ, ചന്ദ്ര പഥങ്ങൾ തമ്മിലുള്ള ചെറിയ ചെരിവു കാരണം ഗ്രഹണങ്ങൾ അപൂർവമായി മാത്രമാണു സംഭവിക്കുന്നത്.
വലയ ഗ്രഹണസമയം
ഡിസംബർ 26 രാവിലെ 8.05 മുതൽ 11.11 വരെ സൂര്യഗ്രഹണം നീണ്ടുനിൽക്കും. ഗ്രഹണം ഏറ്റവും പാരമ്യത്തിലെത്തുന്നത് വിവിധ ഇടങ്ങളിൽ 9.26 മുതൽ 9.30 വരെ.
വടക്കൻ കേരളത്തിൽ
വടക്കൻ കേരളത്തിൽ വലയ സൂര്യഗ്രഹണവും മറ്റിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണവുമാണു ദൃശ്യമാകുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണു വലയ സൂര്യഗ്രഹണം. മറ്റു ജില്ലകളിൽ ഭാഗികഗ്രഹണം. കോഴിക്കോട് ജില്ലയിലെ പുറമേരി നാദാപുരത്ത് രാവിലെ 9.26നു പൂർണവലയം ദൃശ്യമാകും. ഇത് 2.45 മിനിറ്റ് നീണ്ടുനിൽക്കും. ഗ്രഹണസമയത്തു സൂര്യന്റെ 98% മറഞ്ഞിരിക്കും. അവശേഷിക്കുന്ന 2% ആണ് വലയമായി കാണുന്നത്. ഈ കാഴ്ച പുറമേരി നാദാപുരത്തു മാത്രം
ഗ്രഹണം കാണാൻ അവസരം
കേരള ശാസ്ത്രസാങ്കേതിക മ്യൂസിയം– പ്ലാനറ്റേറിയത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ 4 സ്ഥലങ്ങളിൽ സൂര്യഗ്രഹണം സുരക്ഷിതമായി വീക്ഷിക്കാൻ അവസരമുണ്ട്.
(1) സെൻട്രൽ സ്റ്റേഡിയം, തിരുവനന്തപുരം.
(2) ദേവമാതാ കോളജ് മൈതാനം, കുറവിലങ്ങാട്.
(3) പനമ്പിള്ളി മെമ്മോറിയൽ കോളജ് മൈതാനം, ചാലക്കുടി
(4) രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, പുറമേരി നാദാപുരം (ഇവിടെ 10,000 പേർക്കു കാണാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.)
എങ്ങനെ കാണാം?
ഗ്രഹണം സുരക്ഷിതമായി വീക്ഷിക്കാൻ ടെലിസ്കോപ്, പ്രൊജക്‌ഷൻ ഉപകരണങ്ങൾ, സോളർ ഫിൽറ്ററുകൾ, പിൻഹോൾ ക്യാമറ, വെൽഡിങ് ഗ്ലാസുകൾ എന്നിവ ഉപയോഗിക്കാവുന്നതാണ്. സംസ്ഥാനത്തെ 4 കേന്ദ്രങ്ങളിലും സുരക്ഷിതമായി ഗ്രഹണം കാണുന്നതിന് ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
എക്സ്റേ ഫിലിം പാടില്ല
നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹണസമയത്തു സൂര്യനെ വീക്ഷിക്കാൻ പാടില്ല. എക്സ്‌റേ ഫിലിം ഉപയോഗിച്ച് ഗ്രഹണം കാണുന്നതും സുരക്ഷിതമല്ല. അൾട്രാ വയലറ്റ് രശ്മികളേറ്റു കാഴ്ചശേഷി നഷ്ടമാവുകയോ രോഗങ്ങൾക്ക് ഇടവരുത്തുകയോ ചെയ്യും.
ഗ്രഹണസമയത്ത് ആഹാരം കഴിക്കാമോ?
ഗ്രഹണസമയത്ത് ആഹാരം കഴിക്കാൻ പാടില്ലെന്ന പ്രചണത്തിന് അടിസ്ഥാനമില്ല. വീടിനു പുറത്തിറങ്ങി നടക്കുന്നതിനും തടസ്സമില്ല. നഗ്നനേത്രങ്ങൾ കൊണ്ടു സൂര്യനെ നോക്കുന്നതിനു മാത്രമാണു വിലക്കുള്ളത്. ഗ്രഹണസമയത്തു ശാസ്ത്രസാങ്കേതിക മ്യൂസിയം പായസ വിതരണം നടത്തുന്നുണ്ട്.
ഇനി കോട്ടയത്ത് 2031 മേയ് 21ന്
കേരളത്തിൽ ഈ നൂറ്റാണ്ടിൽ 3 വലയ സൂര്യഗ്രഹണങ്ങൾ മാത്രം. ആദ്യത്തേതു 2010 ജനുവരി 15നു തിരുവനന്തപുരം കേന്ദ്രീകരിച്ചു ദൃശ്യമായി. അവസാനത്തെ വലയഗ്രഹണം 2031 മേയ് 21ന് കോട്ടയം കേന്ദ്രമായി മധ്യകേരളത്തിൽ ദൃശ്യമാകും.