ഗ്രഹണം കാണാൻ സൗരക്കണ്ണട സ്വയം നിർമിച്ചാലോ?
ഡിസംബർ 26നു വലയഗ്രഹണം നടക്കുമ്പോൾ സൂര്യനെ ഒരു കാരണവശാലും നേരിട്ടു നോക്കരുത്. പിന്നെ എങ്ങനെ ഗ്രഹണം കാണും? ഗ്രഹണം
കാണാനുള്ള ഒരു സൗരക്കണ്ണട നമുക്കു സ്വയം നിർമിച്ചാലോ?
ആവശ്യമുള്ള വസ്തുക്കൾ
1. ഹാർഡ്ബോർഡ് അല്ലെങ്കിൽ ചാർട്ട് പേപ്പർ
2. സോളർ ഫിൽറ്റർ ഫിലിം (മൈലാർ ഷീറ്റ് എന്നറിയപ്പെടുന്ന പോളിത്തീൻ ഷീറ്റ് അല്ലെങ്കിൽ പ്രകാശം കടത്തിവിടുന്ന അലുമിനിയം പോളിത്തീൻ ഷീറ്റ് മൂന്നോ നാലോ ആയി മടക്കിയും ഉപയാഗിക്കാം. തോരണങ്ങളായി ഉപയോഗിക്കുന്ന വെള്ളി നിറത്തിലുള്ള പോളിത്തീൻഷീറ്റും ഉപയോഗിക്കാം. പോറൽ ഇല്ലാത്ത ഷീറ്റ് വേണം)
3. പശ
എങ്ങനെ നിർമിക്കാം?
1. ഡിസംബർ 23ലെ പഠിപ്പുരയിൽ തന്നിരിക്കുന്ന ഫ്രെയിം ചാർട്ട് പേപ്പറിലോ ഹാർഡ് ബോർഡിലോ ഒട്ടിച്ച ശേഷം വെട്ടിയെടുക്കണം
2. ഫ്രെയിമിന്റെ അതേ ആകൃതിയിൽ ചാർട്ട് പേപ്പർ അല്ലെങ്കിൽ ഹാർഡ് ബോർഡ് വെട്ടിയെടുക്കണം
3. ഇനി സോളർ ഫിൽറ്റർ ഫിലിം കണ്ണടയ്ക്കുള്ളിൽ വിടവ് വരാത്ത രീതിയിൽ ഒട്ടിക്കണം.
4. ഇനി കണ്ണട ഉപയോഗിച്ച് ഒരു ബൾബിലേക്കു നോക്കൂ. വിടവുണ്ടെങ്കിൽ വൃത്തിയായി ഒട്ടിച്ച് വിടവു മാറ്റി കണ്ണട ഉപയോഗിക്കാം
∙ ശ്രദ്ധിക്കൂ– തോരണങ്ങള്‍ കെട്ടാന്‍ ഉപയോഗിക്കുന്ന സില്‍വര്‍ പേപ്പര്‍ (വെള്ളി പോലെ തിളങ്ങുന്നത്) ഒരു ഷീറ്റ് മേടിക്കുക. ഈ ഷീറ്റിലുള്ള പദാര്‍ത്ഥം സോളാര്‍ ഫില്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കും. മൂന്നോ നാലോ പാളികള്‍ ഒരുമിച്ച് ചേര്‍ത്ത് വേണം ഫിൽറ്റർ നിർമിക്കാൻ. ഒരു 100W ബല്‍ബിലേക്ക് സില്‍വര്‍ പേപ്പറിന്റെ ഒരു പാളിയിലൂടെ നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ് അല്പം അവ്യക്തമാവുന്നത് കാണാം. ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍ പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. മൂന്നോ നാലോ പാളികള്‍ ആകുമ്പോഴേക്കും ഈ അവസ്ഥ എത്തിയിട്ടുണ്ടാകും. ഇനി ഇത് കൃത്യമായ അളവിൽ മുറിച്ചെടുത്ത് കണ്ണടയുടെ ഫ്രെയിമിൽ ഒട്ടിക്കാം
∙സോളർ ഫിൽറ്റർ കണ്ണട ഉപയോഗിച്ചു ഗ്രഹണം കാണുമ്പോൾപോലും ദീർഘനേരം വീക്ഷിക്കാതിരിക്കുക. ഇടവേളകൾ നൽകി വീക്ഷിക്കാം. ഓരോ തവണയും 5–6 സെക്കൻഡിൽ കൂടുതൽ നോക്കരുത്.
∙സൂര്യഗ്രഹണം കാണാനായി ഒരിക്കലും സൂര്യനെ നേരിട്ടു നോക്കരുത്. സോളാർ ഫിൽറ്റർ കണ്ണട ഉപയോഗിക്കാം. അല്ലെങ്കിൽ മലയാള മനോരമ പഠിപ്പുര പേജിൽ പറഞ്ഞു തന്ന ബോക്സ് പ്രൊജക്ടറോ (ഡിസംബർ 13) സൗര പ്രൊജക്ടറോ (നവംബർ 22) ഉപയോഗിക്കാം.