ഇവയൊക്കെ സത്യമോ? ആ ദുരൂഹതകൾക്കു പിന്നിൽ...
തയാറാക്കിയത്: ശ്രീപ്രസാദ്, അനിൽ ഫിലിപ്
ദുരൂഹത കൂർപ്പിച്ച ഒറ്റക്കൊമ്പ്
തൂവെള്ള നിറമുള്ള, ഒറ്റക്കൊമ്പുള്ള കുതിരയെപ്പോലുള്ള യൂണികോൺ എന്ന ജീവി ഗ്രീക്ക് പുരാണങ്ങളിലൂടെയാണ് ‘പേരെടുത്തത്’. ചിലതിനെ കണ്ടാൽ ആടിനെപ്പോലെയും തോന്നും. യൂണികോണിനെ സ്പർശിച്ചാൽ മനുഷ്യന്റെ പ്രശ്നങ്ങളും ദുരിതങ്ങളുംമെല്ലാം മാറി സന്തോഷം കൈവരുമെന്നാണു വിശ്വാസം. വിഷമുള്ള വസ്തുക്കളെപ്പോലും നിർവീര്യമാക്കാൻ യുണികോണിനു കഴിയുമെന്നു കരുതുന്നു. തലയിലെ ഒറ്റക്കൊമ്പാണ് അതിനെ വേറിട്ടു നിർത്തുന്നത്. കള്ളം പറയുന്നവരുടെ ഹൃദയത്തിലേക്ക് യൂണികോൺ ഒറ്റക്കൊമ്പു കുത്തിയിറക്കുമെന്ന വിശ്വാസവുമുണ്ട്.
യുണികോൺ ഭൂമിയിൽ ഉണ്ടായിരുന്നോ എന്ന കാര്യം ശാസ്ത്രലോകം നന്നായി പഠിച്ചിരുന്നു. യുണികോണിന്റെ അറിയാക്കഥകളും ശാസ്ത്രജ്ഞർ ഇഴകീറി പരിശോധിച്ചു. പക്ഷേ അവയൊക്കെ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ തള്ളിക്കളഞ്ഞിട്ടുമുണ്ട്. ജനിത പരിശോധനകൾ നടത്തിയെങ്കിലും തീർപ്പുകൽപിക്കാനായിട്ടില്ല. യുണികോണിന്റേതെന്നു കരുതി ശേഖരിച്ച തെളിവുകളെല്ലാം ഓകാപ്പി എന്ന മൃഗത്തിന്റേതായിരുന്നു എന്നാണ് കണ്ടെത്തൽ. ജിറാഫ്, സീബ്ര, കുതിര എന്നീ ജീവികളുടെ ശരീരഭാഗങ്ങൾ കൂടിച്ചേർന്നതു പോലെ തോന്നിപ്പിക്കുന്ന ഒരു ജീവിയാണ് ഓകാപ്പി.
പിടിതരാതെ മഞ്ഞുമനുഷ്യൻ
നേപ്പാളിലെയും ടിബറ്റിലെയും നാടോടിക്കഥകളിലെ ‘വീരപുരുഷ’നാണ് യതി. ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്നതായി പറയുന്നു. വെളുത്ത രോമങ്ങൾ നിറഞ്ഞ ഒരിനം ആൾക്കുരങ്ങാണ് ഈ മഞ്ഞുമനുഷ്യൻ എന്നാണ് പൊതുവേയുള്ള സങ്കൽപം. കയ്യിൽ വലിയ കല്ലുമായി പ്രത്യേകതരത്തിൽ അലറിക്കരഞ്ഞു യതി മഞ്ഞിലൂടെ നടക്കുന്നുവെന്നാണ് കഥകൾ. 19–ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് യതിക്കുറിച്ച് ലോകം കേട്ടുതുങ്ങിയത്. ഹിമാലയ യാത്രകൾ നടത്തിയ ആദ്യകാല സഞ്ചാരികൾക്ക് ‘യതിക്കഥകൾ’ പറയാനുണ്ടായിരുന്നു. അതിനും വളരെ മുൻപു തന്നെ ബുദ്ധഭിക്ഷുക്കൾ യതിയെക്കുറിച്ച് പറഞ്ഞിരുന്നു. ബ്രിട്ടിഷുകാരനായ ചാൾസ് ഹൊവാഡ് ബുറിയാണ് 1921ൽ എവറസ്റ്റ് പര്യവഷേണത്തിനിടയിൽ യതിയെ കണ്ടതായി ആദ്യം രേഖപ്പെടുത്തിയത്. റീൻഹോൾഡ് മെസ്നർ എന്ന ഗവേഷൻ യതിയെ കണ്ടെത്താൻ ഒട്ടേറെ യാത്രകൾ നടത്തി. സൈബീരിയ, മധ്യചൈന തുടങ്ങിയ പ്രദേശങ്ങളിലും യതിയുടെ സാന്നിധ്യമുള്ളതായി പലരും അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ യതിയുടേതെന്ന് വിശ്വസിക്കുന്ന കാൽപ്പാടുകൾ, രോമങ്ങൾ, അസ്ഥി, വിസർജ്യം എന്നിവ പരിശോധിച്ച ശാസ്ത്രലോകം മറ്റൊരു നിഗമനത്തിലെത്തി– യതി ഇല്ല; അതൊരു സങ്കൽപം മാത്രം. കുറച്ചുനാൾമുൻപ് മുൻപ് ഓക്സ്ഫഡ് സർവകലാശാലാ ഗവേഷകർ യതിയുടേതെന്ന് സംശയിക്കുന്ന ഒട്ടേറെ ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും അവയൊക്കെയും ഹിമക്കരടികളുടേതോ മറ്റേതെങ്കിലും ജീവികളുടേതോ ആണെന്ന് സ്ഥിരീകരിച്ചു.
ജയ്ഘട്ടിലെ നിഗൂഢ നിധി
രാജസ്ഥാനിലെ ജയ്ഘട്ട് കോട്ടയിലെ നിഗൂഢതയൊളിപ്പിച്ച നിധി ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. മുഗൾ രാജാവ് അക്ബറിന്റെ പ്രതിരോധ മന്ത്രി അഫ്ഗാനിസ്ഥാനിൽ ഒരു യുദ്ധവിജയത്തിനു ശേഷം തിരിച്ചുവരുന്നവഴി അവിടെനിന്നു കിട്ടിയ നിധി മുഴുവൻ ഇവിടെ ഒളിപ്പിച്ചുവെന്നാണു കരുതുന്നത്. അടിയന്തരാവസ്ഥ കാലത്ത് 1977ൽ ഈ നിധി കണ്ടെത്താൻ കേന്ദ്ര സർക്കാർ വ്യാപക പരിശോധന നടത്തുകയുണ്ടായി. കോട്ടയ്ക്കകത്തെ കുടിവെള്ള സംഭരണികളിൽ നിധി ഒളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു അനുമാനം.
ടാവോസിലെ ആ ശബ്ദം
കാലങ്ങളായി ശാസ്ത്രലോകത്തെ വട്ടംകറക്കുന്ന ഒരു സമസ്യയാണ് ന്യൂ മെക്സിക്കോയിലെ ടാവോസ് നഗരത്തിൽ കേൾക്കുന്ന ഒരു അജ്ഞാതമായ ശബ്ദം. ഡീസൽ എൻജിനുകൾ പുറപ്പെടുവിക്കുന്ന മുരൾച്ചയോട് സമാനമായ ഈ ശബ്ദം ഏതെന്നു തിരിച്ചറിയാൻ ഒട്ടേറെ ശബ്ദ പരീക്ഷണ ഉപകരണങ്ങൾ കൊണ്ടു ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. 1990ലാണ് ഈ ശബ്ദം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇഷ്ട ഭക്ഷണം കപ്പലും വിമാനവും
ദുരൂഹതകളുടെ ശവപ്പറമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമാണ് ബർമുഡ ട്രയാങ്കിൾ. കടന്നുപോകുന്ന വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകും എന്നു വിശ്വസിക്കപ്പെടുന്ന ഈ പ്രദേശം മരണക്കിണർ എന്ന പേരിലും കുപ്രസിദ്ധമാണ്. ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ ബർമുഡ, മിയാമി, പ്യൂർട്ടോ റിക്കോ പ്രദേശങ്ങൾക്കിടയിൽ 15 ലക്ഷം ചതുരശ്ര മൈലിൽ പരന്നു കിടക്കുന്ന പ്രദേശമാണ് ബർമുഡ ട്രയാങ്കിൾ. ബർമുഡ ത്രികോണത്തെക്കുറിച്ചുള്ള ദുരൂഹതകളിൽ ഏറെ പ്രചാരമുള്ളത് ഏഴര പതിറ്റാണ്ടുമുൻപുള്ള ഒരു സംഭവമാണ്. ലഫ്. ചാൾസ് ടെയ്‌ലർ എന്ന വൈമാനികന്റെ നേതൃത്വത്തിൽ 1945 ഡിസംബർ അഞ്ചിന് അഞ്ചു വിമാനങ്ങൾ ഈ പ്രദേശത്തുകൂടി പറന്നു. ‘ഫ്ലൈറ്റ് 19’ സംഘം എന്നറിയപ്പെട്ട അവർ കടലിനു മുകളിൽ അപ്രത്യക്ഷരായി. രക്ഷാപ്രവർത്തനത്തിനു പുറപ്പെട്ട വിമാനങ്ങളിൽ ഒന്നുപോലും തിരിച്ചെത്തിയതുമില്ല. ഇതുമായി ബന്ധപ്പെട്ട് പിന്നീട് കഥകൾ ഏറെ പരന്നു. എന്നാൽ ശാസ്ത്രീയമായ വിശദീകരണം മറ്റൊരു തലത്തിലാണ്. ടെയ്‍ലറുടെ പിഴവും ആദ്യമായി ഈ പ്രദേശത്തുകൂടി അവർ യാത്രചെയ്തതുമൂലമുള്ള പരിചയക്കുറവുമാണ് അപകടത്തിനു വഴിവച്ചത്. ഈ പ്രദേശവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകൾ കെട്ടിച്ചമച്ചതാണ്. പ്രവചിക്കാനാവാത്ത സ്വഭാവമാണ് ഇവിടുത്തെ കടലിന്റേത്. പെട്ടെന്ന് കടൽക്ഷോഭമുണ്ടാകുന്ന പ്രദേശം. ഇവിടെ അപ്രതീക്ഷിത കൊടുങ്കാറ്റും പേമാരിയും പതിവാണ്. തിരമാലകൾ ആയിരം അടി വരെ ഉയരാം. പോരെങ്കിൽ ശക്തമായ അടിയൊഴുക്കും. ആഴം കുറഞ്ഞ പ്രദേശം മുതൽ വലിയ ഗർത്തങ്ങൾ വരെ ഇവിടെ കടലിനടിയിലുണ്ട്. ഇതാണ് കപ്പലുകൾക്കും മറ്റും വിനയായി മാറുന്നത്.
അജ്ഞാത നഗരം ജ്ഞാനഗഞ്ച്
ജ്ഞാനഗഞ്ച് എന്ന അനശ്വരതയുടെ നഗരം– ഹിമാലയത്തിലെ ഏതോ ഒറ്റപ്പെട്ട താഴ്‌വരയിൽ നിഗൂഢമായ ഈ സ്ഥലമുണ്ടെന്നാണു വിശ്വാസം. ടിബറ്റൻ, ഇന്ത്യൻ പ്രാചീന കഥകളിൽ ഇങ്ങനെയൊരു സ്ഥലമുള്ളതായി പറയപ്പെടുന്നു. എന്നാൽ ഇതു സംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങളോ മറ്റു തെളിവുകളോ ഇല്ല. ശംബാള എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ലോകം നാശത്തിലേക്കു കൂപ്പുകുത്തുന്ന ഒരു യുദ്ധത്തിനൊടുവിൽ ഭൂമിയുടെ രക്ഷയ്ക്കായി ജ്ഞാനഗഞ്ചിലെ 25ാമത്തെ രാജാവ് എത്തുമെന്നാണ് ടിബറ്റൻ ബുദ്ധിസത്തിന്റെ വിശ്വാസം. ജ്ഞാനഗഞ്ചിന്റെ ദിശ ഏതെന്ന് എവിടെയും പറയുന്നില്ല. ജ്ഞാനത്തിന്റെ പരമാവസ്ഥയിൽ മാത്രമേ അവിടെ എത്താനാകൂ എന്നാണ് യോഗികൾ വിശ്വസിക്കുന്നത്. ജെയിംസ് ഹിൽട്ടൺ ഇതു സംബന്ധിച്ച് ഒരു നോവലും എഴുതിയിട്ടുണ്ട്.
ജതിങ്കയിലെ പക്ഷി ആത്മഹത്യ
പക്ഷികൾ കൂട്ടമായി ആത്മഹത്യ ചെയ്യുന്ന ഒരു ഗ്രാമം. അസമിലെ ജതിങ്ക എന്ന സ്ഥലത്താണ് ഇനിയും ഉത്തരംകിട്ടാത്ത ഈ പ്രതിഭാസം എല്ലാ വർഷവും ആവർത്തിക്കുന്നത്. നാട്ടുപക്ഷികളും ദേശാടന പക്ഷികളും കൂട്ടമായെത്തി സ്വയം കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും പാഞ്ഞു പറന്നുചെന്ന് ഇടിച്ച് ആത്മഹത്യ ചെയ്യുന്ന പ്രതിഭാസം ഇവിടെ തുടങ്ങിയിട്ട് നൂറുവർഷമെങ്കിലുമായെന്നു കരുതപ്പെടുന്നു. എല്ലാ വർഷവും സെപ്റ്റംബർ, നവംബർ മാസങ്ങളിലാണ് പക്ഷികളുടെ ഈ നിഗൂഢ ആത്മഹത്യകൾ നടക്കുന്നത്.
ശാസ്ത്രലോകത്തെ കറക്കും തളിക
ശാസ്ത്രകഥകളിലൂടെയും സിനിമകളിലൂടെയുമാണ് പറക്കുംതളിക എന്ന ആകാശവിസ്മയത്തിന്റെ ചിറകുവിരിഞ്ഞത്. ഫ്ലയിങ് ഡിസ്ക്, ഫ്ലയിങ് സോസർ എന്നൊക്കെ ഇതിനെ വിളിച്ചു. തെളിഞ്ഞ ആകാശത്തുകൂടി വലിയ തളികയുടെ രൂപത്തിൽ അതിവേഗം പറന്നുനീങ്ങുന്ന അന്യഗ്രഹവാഹനങ്ങളാണ് ഇവയെന്നാണ് സങ്കൽപം. ഭൂമിയുടെ രഹസ്യങ്ങൾ തേടിയെത്തുന്ന അന്യഗ്രഹജീവികളുടെ വാഹനങ്ങളായും ഇവ ചിത്രീകരിക്കപ്പെടുന്നു.ആകാശത്തെ അജ്ഞാത വസ്തുക്കളുടെ (UFO- Unidentified Flying Objects) കൂട്ടത്തിലാണ് ഇവയെ ഉൾപ്പെടുത്തുന്നത്. ഇവയെക്കുറിച്ചുള്ള പഠനങ്ങൾക്കായി ഒരു ദിനമുണ്ട്: രാജ്യാന്തര യുഎഫ്ഒ ദിനം (ജൂലൈ 2). 1952ൽ യുഎസ് എയർഫോഴ്സ് ആണ് പറക്കും തളികയെയും UFO ആയി വിശേഷിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പറക്കുംതളിക കണ്ടതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ നാട്ടിലും പറക്കും തളിക കണ്ടിട്ടുണ്ടെന്ന വാർത്തകളും ചിത്രങ്ങളുമൊക്കെ പ്രചരിച്ചിട്ടുണ്ട്. ലോകമെമ്പാടും നിന്നു കണ്ടെത്തിയ പറക്കുംതളിക ചിത്രങ്ങളിൽ ഭൂരിഭാഗവും വ്യാജ ചിത്രങ്ങളാണെന്നു പിന്നീട് തെളിഞ്ഞു. കുറേ ചിത്രങ്ങളൊക്കെ തെളിവില്ലാതെ അവശേഷിച്ചു.
പറക്കുംതളിക എന്ന സങ്കൽപത്തിന് പക്ഷേ ശാസ്ത്രീയ പിൻബലമില്ല. ഛിന്നഗ്രഹങ്ങളുടെയോ റോക്കറ്റുകളുടെയോ മിസൈലുകളുടെയോ അവശിഷ്ടങ്ങളോ കാലാവസ്ഥാനിർണയ ബലൂണുകളോ പട്ടങ്ങൾ, വിമാനങ്ങൾ തുടങ്ങിയ വസ്തുക്കളോ അതിവേഗം പറന്നുപോകുന്ന കാഴ്ച പലരും തെറ്റിദ്ധരിച്ചതാവാം എന്നു കരുതുന്നു.