ബഹിരാകാശത്ത് വല വിരിച്ച് ഗവേഷകർ; അവരുടെ ലക്ഷ്യമോ?

നവീൻ മോഹൻ

യുഎസിൽ നിന്ന് നാസ വകയും ഇന്ത്യയിൽ നിന്ന് ഐഎസ്ആർഒയിലൂടെയും റഷ്യയിൽ നിന്നു റോസ്കോസ്മോസ് വഴിയുമെല്ലാം ചറപറ സാറ്റലൈറ്റുകളും റോക്കറ്റുകളുമെല്ലാം ബഹിരാകാശത്തേക്കു വിടാറുണ്ട്. എല്ലാം തന്നെ ഒരു സമയം കഴിഞ്ഞാൽ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യും. ചിലതെല്ലാം താഴെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു വന്ന് കത്തിത്തീരും. മറ്റു ചിലത് ഇപ്പോഴും ബഹിരാകാശത്തു തന്നെ ചുറ്റിക്കറങ്ങുകയായിരിക്കും. കുഞ്ഞൻ നട്ടും ബോൾട്ടും മുതൽ കൂറ്റൻ റോക്കറ്റ് ബൂസ്റ്റർ വരെ ഇത്തരത്തിൽ ബഹിരാകാശത്തിലൂടെ ഒഴുകി നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള ബഹിരാകാശ മാലിന്യങ്ങളുടെ (സ്പെയ്സ് ഡെബ്രി) കണക്കെടുത്താൽ എണ്ണം അഞ്ചു ലക്ഷം കടക്കുമെന്നാണു ഗവേഷകർ പറയുന്നത്. ചില മാലിന്യങ്ങൾ മണിക്കൂറിൽ 30,000 മൈൽ വേഗത്തിലൊക്കെയാണു പായുന്നത്. അതായത് ഒരു വെടിയുണ്ടയേക്കാളും വേഗത്തിൽ. ഈ സ്പീഡിൽ പാഞ്ഞുചെന്ന് ‘മാലിന്യം’ ഒരു സാറ്റലൈറ്റിലിടിച്ചാൽമതി, അതിന്റെ പ്രവർത്തനം താറുമാറാകാൻ.

നേരത്തേ ഉൽക്കകളെയും ഛിന്നഗ്രഹങ്ങളെയുമൊക്കെയായിരുന്നു സ്പെയ്സ് ഡെബ്രി എന്നു വിളിച്ചിരുന്നത്. എന്നാൽ മനുഷ്യരുടെ വിക്ഷേപണങ്ങൾ കൂടിയതോടെ ഉൽക്കകളേക്കാൾ കൂടുതൽ മനുഷ്യനിർമിത മാലിന്യങ്ങളായി ബഹിരാകാശത്തു നിറയെ. ഈ മാലിന്യം എങ്ങനെ ഒഴിവാക്കാമെന്ന കൊണ്ടുപിടിച്ച ചർച്ചയിലാണു ഗവേഷകരെല്ലാം. അത്തരമൊരു ശ്രമത്തിൽ യുകെയിലെ സറേ സ്പെയ്സ് സെന്ററിലെ ഗവേഷകർ അടുത്തിടെ വിജയം കണ്ടു. ബഹിരാകാശ മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിനു പരീക്ഷിച്ചു വിജയിച്ച ആദ്യത്തെ പദ്ധതിയുമായി ഇവരുടെ ‘റിമൂവ് ഡെബ്രി’ സാറ്റലൈറ്റ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ചരിത്രം കുറിച്ച ആ പരീക്ഷണം. സംഗതി സിംപിളായിരുന്നു. ആകാശത്തു കൂടെ ഒഴുകി നടക്കുന്ന മാലിന്യങ്ങളം ഒരു വലയിട്ട് ഒറ്റപ്പിടിത്തമായിരുന്നു. എന്നിട്ടു വലിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തിക്കും. അവിടെവച്ച് സംഗതി സുരക്ഷിതമായി കത്തിത്തീരുകയും ചെയ്യും. മീൻപിടിക്കുന്നതു പോലൊരു പരിപാടിയെന്നു ചുരുക്കം.

പക്ഷേ പറയാൻ എളുപ്പമാണെങ്കിലും വർഷങ്ങളുടെ ഗവേഷണത്തിനും പ്ലാനിങ്ങിനുമൊടുവിലാണ് ബഹിരാകാശ വിദഗ്ധർ ഇതിൽ വിജയം കണ്ടത്. അതും ആദ്യഘട്ടം മാത്രം. ഇനിയും ഏതാനും ഘട്ടങ്ങൾ ബാക്കിയുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് റിമൂവ് ഡെബ്രി സാറ്റലൈറ്റ് ഗവേഷകർ ബഹിരാകാശത്തേക്ക് അയച്ചത്. സെപ്റ്റംബർ പതിനാറിനായിരുന്നു സ്പെയ്സ് ഡെബ്രിയെ വലയെറിഞ്ഞു പിടികൂടുന്നതിനുള്ള പരീക്ഷണം. അതുപക്ഷേ യഥാർഥ ബഹിരാകാശ അവശിഷ്ടമായിരുന്നില്ല. മറിച്ച് ഒരു ചെറുസാറ്റലൈറ്റ് (ക്യൂബ്സാറ്റ്) അവശിഷ്ടമാക്കി മാറ്റിയായിരുന്നു പരീക്ഷണം. ഇതും ഭൂമിയിൽ നിന്നു പരീക്ഷണത്തിനു വേണ്ടി അയച്ചതായിരുന്നു. ക്യൂബ്സാറ്റ് ഒരു ബലൂണുമായി ചേർത്ത് ബഹിരാകാശത്തേക്കു വിട്ടു. ഇതിനു പിന്നാലെ റിമൂവ് ഡെബ്രി സാറ്റലൈറ്റും പാഞ്ഞു. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്നായിരുന്നു ‘ഡെബ്രി’യുടെ യാത്ര. ക്യൂബ്സാറ്റിന്റെ ഏകദേശം ഏഴുമീറ്റർ അടുത്തെത്തിയപ്പോൾ റിമൂവ് ഡെബ്രിയിൽ നിന്ന് വല പുറത്തേക്കു തെറിച്ചു. അത് ബഹിരാകാശത്തിലൂടെ നേരെ ചെന്ന് ക്യൂബ്സാറ്റിനെ വലയിലാക്കി പിടിച്ചുകൊണ്ടുപോയി.

നൂറു കിലോഗ്രാം വരുന്ന സാറ്റലൈറ്റിൽ ബഹിരാകാശ അവശിഷ്ടങ്ങളെ കണ്ടെത്തി, പിടിച്ചെടുത്ത്, ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇതിലൊന്നു മാത്രമായ ‘നെറ്റ് എക്സ്പിരിമെന്റ്’ ആണ് ഇപ്പോൾ നടത്തിയത്. അവശിഷ്ടങ്ങളെ പിടികൂടാൻ വല വിരിയ്ക്കും മുൻപ് സാറ്റലൈറ്റിലെ ക്യാമറകൾ കൃത്യമായി തങ്ങളുടെ ‘ഇര’യുടെ സ്ഥാനം പിടിച്ചെടുത്തിട്ടുണ്ടാകും. വലയുടെ ചില ഭാഗങ്ങളിൽ ഭാരമേറിയ വസ്തുക്കൾ തൂക്കിയിട്ടിട്ടുണ്ട്. അതിനാൽത്തന്നെ ബഹിരാകാശ അവശിഷ്ടങ്ങളെ മീൻ പിടിക്കുന്നതു പോലെ ചുറ്റിക്കെട്ടിയങ്ങെടുക്കും. എന്നിട്ടു വലിച്ചു കൊണ്ടുപോയി ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തിച്ചു കത്തിച്ചും കളയും. റിമൂവ് ഡെബ്രി സാറ്റലൈറ്റുകൾ കൂടുതലായി നിർമിച്ചാൽ വളരെ ചെലവു കുറഞ്ഞ രീതിയിൽ ബഹിരാകാശ അവശിഷ്ടങ്ങൾ ഇല്ലാതാക്കാമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. എന്തായാലും രണ്ടു വർഷത്തിനകം ഈ സാറ്റലൈറ്റ് സകല സന്നാഹങ്ങളോടെയും ആകാശത്തു വലവിരിക്കുമെന്നാണ് സറേ സ്പെയ്സ് സെന്റർ നൽകുന്ന ഉറപ്പ്.

മത്തി വേണ്ട...അയല മതി; കാക്കയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു...