‌വിമാനങ്ങളിൽ ചിലന്തിനൂൽ ഉപയോഗിക്കുന്നത് എന്തിന്..?

ഫാ. ജോബി മലമേൽ CMI

ചിലന്തി വൈവിധ്യങ്ങളുടെ കലവറയാണു കേരളം. 45 കുടുംബങ്ങളിലായി 213 ജനുസ്സിൽപ്പെട്ട നാനൂറോളം ചിലന്തികളെ കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്വന്തമായി വലവിരിച്ച് ഇര പിടിക്കുന്ന, നട്ടെല്ലില്ലാത്ത ചെറുജീവികളാണ് ചിലന്തികൾ. എട്ടുകാലിൽ ഓടിയും ചാടിയും നടക്കുന്ന ഇക്കൂട്ടർക്ക് 6 മുതൽ 8 വരെ കണ്ണുകളുണ്ട്. ഭൂരിഭാഗം ചിലന്തികളുടെയും ആയുസ്സ് ഒരു വർഷമാണെങ്കിലും കടുവാ ചിലന്തികൾ 20 വർഷം വരെ ജീവിക്കാറുണ്ട്. ചിലന്തിനൂൽ ഉൽപാദിപ്പിക്കാനുള്ള സ്രവം സംഭരിച്ച നൂൽസഞ്ചി ഉദരത്തിൽ ഉണ്ട്. ചിലയിനം ചിലന്തികൾ ഇരകളെ വലയിലേക്ക് ആകർഷിച്ച് അകപ്പെടുത്തുന്നതിൽ വിരുതരാണ്. പൂക്കൾക്ക് സമാനമായ നിറങ്ങളുള്ള ചിലന്തികൾ പുമ്പാറ്റകളെയും ചെറു ഈച്ചകളെയും ഇത്തരത്തിൽ കബളിപ്പിക്കുന്നു. ഇത്തരം ചിലന്തികൾ വലയുടെ നടുവിലായി ഇരിപ്പുറപ്പിക്കും.

വലയുടെ അടിയിൽ പ്രത്യേകം തയാറാക്കിയ മാളത്തിൽ ഒളിച്ചിരുന്ന് ഇര വലയിൽ കുടുങ്ങുമ്പോൾ ഓടിവന്ന് അതിനെ അകപ്പെടുത്തുന്ന രീതിയും ചിലയിനം ചിലന്തികൾക്കുണ്ട്. വല നെയ്യാതെ ഇരയെ പിടിക്കുന്ന ചിലന്തികളും ഉണ്ട്. ചാട്ടക്കാരൻ ചിലന്തികൾ എന്നറിയപ്പെടുന്ന 'സാൾട്ടിസിഡെ' കുടുംബത്തിൽപ്പെട്ട ചിലന്തികളെയാണു കേരളത്തിൽ കൂടുതലായി കാണുന്നത്. കത്തിനിൽക്കുന്ന ബൾബുകൾപോലെ ക്രമീകരിച്ചിരിക്കുന്ന 2 വലിയ കണ്ണുകൾ ഉള്ള ഇവ പുൽച്ചാടിയെപ്പോലെ ചാടി നടന്ന് ഇരയെ പിടിക്കുന്നവയാണ്. കാഴ്ചയിൽ ഉറുമ്പുകളെപ്പോലെ തോന്നിക്കുന്നവരാണ് ഇക്കൂട്ടരിൽ കൂടുതലും. ഉറുമ്പുകളെ മാത്രം ഭക്ഷിച്ച് ജീവിക്കുന്ന ഇവർ ഉറുമ്പുകളാണെന്ന വ്യാജേന ഉറുമ്പുകളുടെ കൂട്ടിൽ താമസിക്കും. ഇടയ്ക്കെവിടെവെച്ചെങ്കിലും ശത്രുക്കളെ കാണാനിടയായാൽ ചത്തതുപോലെ മയങ്ങി കിടക്കും. തങ്ങളുടെ കൂട്ടത്തിലെ ഒരാൾ അപകടത്തിൽപ്പെട്ടു എന്ന ധാരണയിൽ എത്തുന്ന മറ്റ് ഉറുമ്പുകളെ ഇവർ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നു.

സ്‌പൈഡർ സിൽക്ക്
ചിലന്തികളുടെ ഉദരഭാഗത്തോടു ചേർന്നുള്ള 'സ്പിന്നററ്റ്‌സ്' എന്നറിയപ്പെടുന്ന നൂൽസഞ്ചിയിലാണ് ചിലന്തിനൂൽ (സ്‌പൈഡർ സിൽക്ക്) ഉൽപാദിപ്പിക്കുന്നതിനുള്ള സ്രവം സംഭരിച്ചിരിക്കുന്നത്. വല നെയ്യുന്നതിനും ഇര പിടിക്കുന്നതിനും ശത്രുക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നതിനും തങ്ങൾ ഇടുന്ന മുട്ട പൊതിഞ്ഞു സൂക്ഷിക്കുന്നതിനും വേണ്ടിയാണു ചിലന്തികൾ സാധാരണ നൂൽ ഉപയോഗിക്കുന്നത്. ദ്രാവകരൂപത്തിൽ സിൽക്ക് ഗ്രന്ഥികളിൽ നിന്നു പുറപ്പെടുകയും അന്തരീക്ഷത്തിലെത്തുമ്പോൾ ഖരരൂപത്തിലാവുകയും ചെയ്യുന്ന ചിലന്തിനൂൽ 'ഫൈബ്രോയിൻ' എന്ന പ്രോട്ടീൻ ആണ്. ചില പ്രത്യേക തരം വലിയ ചിലന്തികൾ ഉണ്ടാക്കുന്ന ചിലന്തിനൂൽ സ്റ്റീലിനെക്കാൾ കാഠിന്യവും ശക്തവുമായതുകൊണ്ട് 'ബയോസ്റ്റീൽ' എന്ന് അറിയപ്പെടുന്നു. രാവിലെ വലനെയ്യുന്ന ചിലന്തികൾ വലയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ നഷ്ടപ്പെടാതെ പുനരുൽപാദനം നടത്താൻ രാത്രിയിൽ വല അതേപടി ഭക്ഷിക്കുകയും പിറ്റേദിവസം രാവിലെ പുതിയ വല നിർമിക്കുകയും ചെയ്യുന്നു.

സാമ്പത്തിക പ്രാധാന്യം
സ്റ്റീലിനെക്കാളും നന്നായി വലിച്ചു നീട്ടാനുള്ള ചിലന്തിനൂലിന്റെ കഴിവ്, റബറിനെക്കാൾ ഉയർന്ന വിപുലീകരണ ശക്തി, കമ്പിളിരോമത്തെക്കാൾ നന്നായി വെള്ളം വലിച്ചെടുക്കാനുള്ള സാധ്യത, സ്വയം ജീർണിക്കാനുള്ള കഴിവ് തുടങ്ങിയ സവിശേഷതകൾ നൂതന ശാസ്ത്രസാങ്കേതികരംഗത്ത് ചിലന്തിനൂലിന്റെ സാമ്പത്തിക മൂല്യം കൂട്ടുന്നു. ശസ്ത്രക്രിയക്കു ശേഷം ഉണ്ടാകുന്ന മുറിവുകൾ തുന്നിച്ചേർക്കുന്നതിനും അസ്ഥിബന്ധമോ അല്ലെങ്കിൽ സന്ധിബന്ധമോ ഉൾപ്പെടുന്ന പ്രശ്‌നങ്ങളിൽ മാറ്റിവെക്കൽ ശസ്ത്രക്രിയയിലും മുറിവുകൾ പെട്ടെന്ന് ഉണങ്ങുന്നതിന് ഉപയോഗിക്കുന്ന ബാൻഡേജായും ഓക്‌സിജൻ കടത്തിവിടുന്ന ലെൻസുകൾ ഉണ്ടാക്കുന്നതിനും ചിലന്തിനൂൽ ഉപയോഗിക്കാറുണ്ട്. ഇതുകൂടാതെ ചെറിയ മൃദുവായ ആയുധങ്ങൾ, കയറുകൾ, വലകൾ എന്നിവ നിർമിക്കുന്നതിനും, പാരച്യൂട്ടിൽ കാണുന്ന ശക്തിയേറിയ ചരടുകൾ, വിമാനങ്ങൾ നിയന്ത്രണം വിട്ടു പോകാതിരിക്കാൻ അതിൽ ഉപയോഗിക്കുന്ന ചരടുകൾ, മൃദുലവും എന്നാൽ ശക്തിയേറിയതുമായ തുണിത്തരങ്ങൾ, കായികരംഗത്ത് ഉപയോഗിക്കുന്ന പ്രത്യേക വസ്ത്രങ്ങൾ, വാഹനങ്ങളിലെ എയർബാഗുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ബുള്ളറ്റ്പ്രൂഫുകൾ എന്നിവയുടെ നിർമാണത്തിനും ചിലന്തിനൂൽ ഉപയോഗിക്കാറുണ്ട്

ഔഷധ ഗുണം
ചിലന്തികളുടെ ഔഷധ ഗുണത്തെ കുറിച്ചു ധാരാളം കണ്ടുപിടുത്തങ്ങൾ ഇതിനോടകം ശാസ്ത്രലോകം നടത്തിയിട്ടുണ്ട്. ചിലന്തിനൂലിലും ചിലന്തിവിഷത്തിലും അടങ്ങിയിരിക്കുന്ന വിവിധങ്ങളായ പ്രോട്ടീനുകളുടെ പ്രവർത്തനം ആരോഗ്യരംഗത്തു കൂടുതൽ പ്രയോജനപ്പെടുത്താനുള്ള പരിശ്രമങ്ങൾ വിദേശരാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു. ചില ചിലന്തികൾ പുറപ്പെടുവിക്കുന്ന ചിലന്തിനൂൽ കീടങ്ങളെ ഉന്മൂലനം ചെയ്യാൻ ഉപയോഗിക്കുന്നു. ചില കടുവ ചിലന്തികളിൽനിന്നുമുള്ള (ഗ്രാമോസ്റ്റോല സ്പാറ്റുലേറ്റ) വിഷം ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നാണ്. ചോർപ്പ് വല (ഫണൽ വെബ്) നെയ്യുന്ന 'ഹോളൊലെന കെർട്ട' യെന്ന ചിലന്തിയുടെ വിഷം മസ്തിഷ്‌കാഘാതത്തിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്കും ചില ചിലന്തികളുടെ വിഷം ഉപയോഗിച്ചു വരുന്നു.

കൊടുമൺ ചിലന്തി അമ്പലം
പത്തനംതിട്ടയിലെ കൊടുമൺ എന്ന ഗ്രാമത്തിലെ പള്ളിയറ ദേവീക്ഷേത്രമാണ് ചിലന്തിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നത്. അമ്പലത്തിനടുത്തുളള ചിലന്തി കിണറിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാൽ ചിലന്തി വിഷം മൂലം ഉണ്ടാകുന്ന ത്വക്‌രോഗങ്ങൾ മാറും എന്നതാണ് വിശ്വാസം. ചിലന്തി വിഷമേൽക്കുന്ന ആളുകൾ വിവിധ നാടുകളിൽ നിന്നു രോഗസൗഖ്യത്തിനായി ഇവിടെ എത്തുന്നു. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളും കഥകളുമുണ്ട്. ചെന്നീർക്കര രാജവംശത്തിലെ നാടുവാഴിയും ‘ആശ്ചര്യ ചൂഡാമണി’ എന്ന സംസ്കൃത നാടകത്തിന്റെ കർത്താവുമായ ശക്തിഭദ്രനുമായി ബന്ധപ്പെട്ടതാണ് ഈ അമ്പലത്തിന്റെ ചരിത്രം.