കൂട്ടത്തോടെ വല നെയ്‌ത് എട്ടുകാലികൾ; ഇര കുടുങ്ങിയാൽ സംഭവിക്കുന്നത്..?
വലയിൽപ്പെടുന്ന പ്രാണികളെ തിന്നാണ് എട്ടുകാലി വിശപ്പടക്കുന്നതെന്ന് കൊച്ചുകൂട്ടുകാർക്കെല്ലാം അറിയാം. പക്ഷേ ആ വലയിലൂടെ നടക്കുന്ന എട്ടുകാലി എന്തുകൊണ്ടാണ് അതിൽ കുടുങ്ങാത്തത്? അതിനു കാരണം അവയുടെ നടത്തത്തിലെ പ്രത്യേകതയാണ്. ഇരകൾ കുടുങ്ങിയാൽ അവയ്ക്കു നേരെ അതിവേഗത്തിലായിരിക്കും എട്ടുകാലികളെത്തുക. വലയിലെ പശിമയുള്ള ഭാഗവുമായി എട്ടുകാലിയുടെ കാലിന് നേരിട്ടു സമ്പർക്കമുണ്ടാവുകയുമില്ല, മറിച്ച് കാൽപ്പാദത്തിലെ രോമങ്ങളായിരിക്കും വലയിൽ തട്ടുക.
ചില എട്ടുകാലികൾ വല നെയ്യുമ്പോൾ പശിമയുള്ളതും ഇല്ലാത്തതുമായ ഭാഗങ്ങളുണ്ടാകും അതിൽ. പശയില്ലാത്ത ഭാഗത്തിലൂടെ അതിന് ഇരയ്ക്കു നേരെ ചെല്ലാനുമാകും. എങ്കിലും സ്വന്തം വലയിൽ കുടുങ്ങുന്ന എട്ടുകാലികളുമുണ്ട്. ഇതൊഴിവാക്കാൻ കാലിലെ രോമങ്ങൾ പോലുള്ള ഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങൾ എല്ലായിപ്പോഴും വൃത്തിയാക്കും ഇവ. ചില എട്ടുകാലികൾ ഇര പിടിത്തത്തിന് ‘വൈദ്യുതി’ പ്രയോഗം വരെ നടത്തുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇരകളെ ഷോക്കടിപ്പിക്കുന്നതാണ് ഇവയുടെ രീതി. ഇങ്ങനെ എട്ടുകാലികളെപ്പറ്റിയുള്ള കൗതുകങ്ങൾ ഏറെയാണ്.
അടുത്തിടെ ഓസ്ട്രേലിയയിൽനിന്ന് അത്തരമൊരു കൗതുകവാർത്തയും ചിത്രവുമെത്തി. അവിടത്തെ അഡ്‌ലെയ്‌ഡിലുള്ള ഒരു പാർക്കിലെ നദീതീരത്ത് എട്ടുകാലി വലയുടെ ഒരു ‘ഷീറ്റ്’തന്നെ രൂപപ്പെട്ടതാണു വാർത്ത. ആയിരക്കണക്കിന് എട്ടുകാലികളാണ് പാർക്കിലെ ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് കൂട്ടത്തോടെ വല നെയ്തത്. ഷീറ്റ് വീവേഴ്സ് എന്നറിയപ്പെടുന്ന ഇവ പേരു പോലെത്തന്നെ വമ്പൻ വല നെയ്യുന്നതിൽ മിടുക്കരാണ്. Ostearius melanopygius എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവ കാഴ്ചയിൽ ഇത്തിരിക്കുഞ്ഞന്മാരാണ്. അതായത് ഒരു അരിമണിയേക്കാളും ചെറുത്. ഏകദേശം മൂന്നു മില്ലിമീറ്ററേയുള്ളൂ വലുപ്പം.
പക്ഷേ സ്വഭാവം ഉറുമ്പുകളുടേതാണ്. പരസ്പരം അത്രയേറെ ഐക്യമാണ്. വൻതോതിൽ കൂട്ടമായി വന്ന് പരസ്പരം ആശയവിനിമയം നടത്തി വല നെയ്യുന്നതാണ് ഇവയുടെ രീതി. എട്ടുകാലികളിൽ അപൂർവമാണ് ഈ രീതി. മാത്രവുമല്ല ഒരേ വിഭാഗത്തിൽപ്പെട്ട എട്ടുകാലികൾതന്നെ പരസ്പരം കണ്ടാൽ കടിച്ചു കീറുന്ന രീതിയാണുള്ളത്. അങ്ങനെയിരിക്കെ എട്ടുകാലികളിലെ ഐക്യത്തിന്റെ അടയാളം കൂടിയാവുകയാണ് ഈ കൂട്ട വല നെയ്യൽ. ഓസ്ട്രേലിയയിൽ മാത്രമല്ല ലോകത്തിന്റെ മിക്ക ഭാഗത്തും ഇവയെ കാണാമെന്നു ഗവേഷകർ പറയുന്നു.
മണി സ്പിന്നേഴ്സ് എന്നും ഇവയ്ക്കു പേരുണ്ട്. ഇവയുടെ വല നെയ്യുന്നതിന് ഉപയോഗിക്കുന്ന സിൽക്ക് വായുവിനേക്കാളും കനം കുറഞ്ഞതാണ്. അതിനാൽത്തന്നെ കാറ്റിൽപ്പെട്ട് എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാനാകും. പ്രാണികളും മറ്റും ഈ വലയിൽ കുടുങ്ങിയാൽ വലയുടെ ഒരു കഷ്ണം വെട്ടിയെടുത്ത് ഇരയെ മൂടുന്നതാണു രീതി. പിന്നീട് ആ നഷ്ടപ്പെട്ട വലയുടെ ഭാഗം തുന്നിച്ചേര്‍ക്കുകയും ചെയ്യും. ഹണ്ട്‌സ്മെൻ എന്നു പേരുള്ള ഇനം എട്ടുകാലികളും കൂട്ടത്തോടെ ജീവിക്കുന്നവയാണ്. പക്ഷേ അവ വല നെയ്യാറില്ല. പകരം കൂട്ടത്തോടെ മരങ്ങളിലാണ് കഴിയുക. ഇരകളെ കൂട്ടത്തോടെ ആക്രമിക്കുകയും ചെയ്യും. വുഡ് സ്പൈഡർ എന്നും പേരുണ്ട് ഇവയ്ക്ക്. കംപ്യൂട്ടർ ഗ്രാഫിക്സ് കാര്യമായി ഇല്ലാതിരുന്ന 1990കളിൽ അരക്ക്നോഫോബിയ എന്ന സിനിമയിൽ ഇവയെ യഥാർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്.