അദ്ഭുതങ്ങളൊഴിയുന്നില്ല ഈജിപ്തില്‍; ഫറവോയുടെ കല്ലറയില്‍ നിന്ന് ആ ‘തുളച്ചുകയറുന്ന നോട്ടം’
ഈജിപ്‌തെന്നു കേട്ടാല്‍ കുട്ടിക്കൂട്ടുകാരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക നിറയെ പിരമിഡുകളായിരിക്കും. പുരാതന കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന ഫറവോമാര്‍ അന്ത്യവിശ്രമം കൊള്ളുന്നയിടങ്ങളാണ് ഈ പിരമിഡുകള്‍. എന്നാല്‍ ഈജിപ്തിലെ ഏറ്റവും പഴക്കം ചെന്ന സ്മാരകങ്ങള്‍ പിരമിഡുകളല്ല എന്ന കാര്യം അറിയാമോ? ആ ക്രെഡിറ്റ് നൈൽ നദീതീരത്തുള്ള ഗിസയിലെ സ്ഫിന്‍ക്‌സിനാണ്. സിംഹത്തിന്റെ ശരീരവും മനുഷ്യന്റെ തലയുമുള്ള വിചിത്ര ജീവിയാണ് സ്ഫിന്‍ക്‌സ്. ഖാഫ്ര്‍ ഫറവോയുടെ കാലത്താണ് ഈജിപ്തിലെ ഏറ്റവും പഴക്കം ചെന്ന സ്ഫിന്‍ക്‌സ് നിര്‍മിക്കുന്നത്. അതായത് ബിസി 2558നും 2532നും ഇടയ്ക്ക്.
പിരമിഡുകളുടെ കാവല്‍ക്കാരായാണു പൊതുവെ സ്ഫിന്‍ക്‌സ് നിര്‍മിക്കുന്നത്. എന്നാല്‍ ദൈവതുല്യനായി മാറുന്നതിനായി ഖാഫ്ര്‍ കണ്ടെത്തിയ വഴിയാണ് ഈ സ്ഫിൻക്സെന്നാണു കരുതുന്നത്. സിംഹത്തിന്റെ തലയുള്ള സൂര്യദേവന്‍ സെഖ്‌മെത്തിനു തുല്യനാവുകയായിരുന്നത്രേ ഖാഫ്‌റിന്റെ ലക്ഷ്യം. ഇത്തരത്തില്‍ ഈജിപ്തിലെ പല ഭരണാധികാരികളും തങ്ങളുടെ മുഖച്ഛായയിലുള്ള സ്ഫിന്‍ക്‌സുകള്‍ പില്‍ക്കാലത്തു നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ഗിസയിലെ സ്ഫിന്‍ക്‌സായിരുന്നു ഇതില്‍ കേമന്‍. ഏകദേശം 73 മീ. വരും ഇതിന്റെ നീളം. 19 മീറ്റര്‍ വീതിയും. ഉയരമാകട്ടെ 20.21 മീറ്റര്‍ വരും. ഹാട്‌ഷെപ്‌സൂത് രാജ്ഞിയുടെ സ്ഫിന്‍ക്‌സും ഈജിപ്തില്‍ പ്രസിദ്ധമാണ്.
എന്നാല്‍ ഗവേഷണത്തിനിടെ ആര്‍ക്കിയോളജിസ്റ്റുകള്‍ക്കു നേരെ തുളഞ്ഞു കയറുന്ന നോട്ടവുമായി പുറത്തേക്കെത്തിയ ഒരു സ്ഫിന്‍ക്‌സാണ് ഇപ്പോള്‍ സംസാര വിഷയം. ഈജിപ്തിലെ സ്ഫിന്‍ക്‌സുകളുടെ കൂട്ടത്തിലേക്കു പുതുതായെത്തിയ ഈ പ്രതിമ പക്ഷേ മുന്‍ഗാമികളെപ്പോലെ വമ്പനൊന്നുമല്ല. ഈ സ്ഫിന്‍ക്‌സിന് ആകെയുള്ള ഉയരം 38 സെ.മീ. മാത്രമായിരുന്നു! ആയിരക്കണക്കിനു വര്‍ഷങ്ങളായി മണ്ണിനടിയില്‍ ഒളിച്ചിരുന്ന ഈ പ്രതിമ കണ്ടെത്തിയ വിവരം ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെയാണ് അറിയിച്ചത്. അസ്വാന്‍ ടൗണിനു സമീപമായി കണ്ടെത്തിയ കോം ഓംബോ ക്ഷേത്രത്തിലെ ഗവേഷണത്തിനിടെയായിരുന്നു കണ്ടെത്തല്‍.
ഉദ്ഖനനം നടക്കുന്നയിടത്തേക്ക് ഊറിയിറങ്ങിയിരുന്ന ഭൂഗര്‍ഭജലം വറ്റിക്കുന്നതിനിടെ സ്ഫിന്‍ക്‌സ് മണ്ണിനടിയില്‍ തെളിഞ്ഞു വരികയായിരുന്നു. എന്നാല്‍ ഇതിലെ മുഖം ആരുടേതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കാര്യമായ യാതൊരു കേടുപാടുകളുമില്ലാതെ ലഭിച്ചിട്ടുള്ളതിനാല്‍ ഇതിന്റെ ചരിത്രം തിരയാൻ പക്ഷേ എളുപ്പമാകും. മാത്രവുമല്ല കോം ഓംബോ ക്ഷേത്രത്തെപ്പറ്റി ഏകദേശ വിവരങ്ങള്‍ ഇതിനോടകം ഗവേഷകര്‍ക്കു ലഭിച്ചിട്ടുണ്ട്. രണ്ടു മാസം മുന്‍പാണ് ടോളമി അഞ്ചാമന്‍ രാജാവിന്റെ രണ്ടു പ്രതിമകള്‍ ക്ഷേത്രത്തില്‍ നിന്നു ലഭിച്ചത്. ഇവ കണ്ടെത്തിയ ക്ഷേത്രത്തിലെ തെക്കന്‍ മേഖലയില്‍ നിന്നാണിപ്പോള്‍ പുതിയ സ്ഫിന്‍ക്‌സും കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ബിസി 305നും 30നും ഇടയ്ക്കു ജീവിച്ചിരുന്ന ടോളമി രാജവംശത്തിലെ തന്നെ ആരുടേയോ ആണു പ്രതിമയെന്നും വ്യക്തമായിട്ടുണ്ട്. ടോളമി അഞ്ചാമന്റെ ഭരണകാലത്തെപ്പറ്റിയാകട്ടെ റോസെറ്റ എന്നറിയപ്പെടുന്ന പ്രശസ്ത ഫലകത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
ടോളമി അഞ്ചാമന്റെ ഭരണകാലത്തിനു ശേഷമാണ് കോം ഓംബോ ക്ഷേത്രം നിര്‍മാണം ആരംഭിച്ചത്. കല്ലറകളുടെ കാവല്‍ക്കാരാണു പൊതുവെ സ്ഫിന്‍ക്‌സുകള്‍. അങ്ങനെയെങ്കില്‍ ഏതു ടോളമി രാജാവിനു കാവലൊരുക്കാനായിരിക്കും ഈ സ്ഫിന്‍ക്‌സ് നിര്‍മിച്ചത്? അതിന്റെ മുഖം ആരുടേതായിരിക്കും? ഈജിപ്തിലെ നാഷനല്‍ മ്യൂസിയത്തിലേക്കു മാറ്റും മുന്‍പ് ഇതിന്റെയെല്ലാം ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പും ഗവേഷകരും.