ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദകരാക്കി മാറ്റിയ കഥ, Success story, Amul, Verghese Kurien, Padhippura, Manorama Online

ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദകരാക്കി മാറ്റിയ കഥ

തയാറാക്കിയത്:ടി.എം.നവനീത്

ഇന്ത്യൻ ക്ഷീരവിപ്ലവത്തിന്റെ പിതാവ്‍ വർഗീസ് കുര്യന്റെ ജന്മദിനമായ നവംബർ 26 ആണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്. പാലുൽപാദനത്തിൽ പിറകിൽ നിന്ന ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദകരാക്കി മാറ്റിയ കഥ.

1921 നവംബർ 26ന് കോഴിക്കോട്ടാണ് വർഗീസ് കുര്യൻ ജനിച്ചത്.

ചെന്നൈയിലെ ലയോള കോളജ്, ടാറ്റാ സ്റ്റീൽ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ പഠനശേഷം ബാംഗ്ലൂരിലെ ഇംപീരിയൽ കോളജിൽ ഡെയറി എൻജിനീയറിങ്ങിനു ചേർന്നു.

1949ൽ ഗുജറാത്തിലെ ഖേദ ജില്ലയിലെ ആനന്ദ് ഗ്രാമത്തിലെത്തിയ കുര്യൻ ‌ രാ‌ഷ്ട്രീയനേതാവ് ത്രി‌‌ഭുവൻദാസ് പട്ടേലുമായിച്ചേർന്ന് ഒരു സഹകര‌ണസംഘമുണ്ടാക്കി പാലും പാലുൽപന്ന‌ങ്ങളും വിപണിയിലെത്തിച്ചു. ഇത് പിന്നീട് ‘അമുൽ’ എന്ന ബ്രാൻഡായി മാറി.

എരുമപ്പാലിൽ നിന്നു പാൽപൊടി നിർമിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് അമുൽ വിപ്ലവം സൃഷ്ടിച്ചു. കുര്യന്റെ സുഹൃത്ത് എച്ച്.എം. ദയാലയാണ് ഇതു വികസിപ്പിച്ചത്. അതുവരെ പശുവിൻ പാലിൽ നിന്നു മാത്രമായിരുന്നു പാൽപ്പൊടി നിർമിച്ചിരുന്നത്.

പാൽ വിപണിയിൽ അമുൽ നേടിയ വിജയത്തിൽ ആകൃഷ്ടനായ അന്നത്തെ പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രി രാജ്യത്തെങ്ങും ക്ഷീര കർഷകരുടെ സഹകരണസംഘങ്ങൾ സ്ഥാപിക്കാനായി നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ് സ്ഥാപിച്ചു(NDDB). വർഗീസ് കുര്യനായിരുന്നു ആദ്യ ചെയർമാൻ.

1963ൽ റമോൺ മഗ്സസെ പുരസ്കാരം നേടി.

2012 സെപ്റ്റംബർ 9ന് അന്തരിച്ചു.

വർഗീസ് കുര്യന്റെ ആത്മകഥ– എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു (I too had a dream)

ലോക ക്ഷീരദിനം–ജൂൺ 1

ഓപ്പറേഷൻ ഫ്ലഡ്
∙ഇന്ത്യയിലെ പാലുൽപാദനം മെച്ചപ്പെടുത്താനായി വർഗീസ് കുര്യന്റെ നേതൃത്വത്തിൽ നാഷനൽ ഡയറി ഡവലപ്മെന്റ് ബോർഡ് 1970ൽ തുടക്കം കുറിച്ച പദ്ധതി.

∙പാലുൽപാദനത്തിൽ ഏറെ പിറകിൽ നിന്ന ഇന്ത്യയെ 1998ൽ ലോകത്തിലെ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമാക്കി മാറ്റാൻ പദ്ധതിക്കു സാധിച്ചു; ഒരു കോടി ക്ഷീരകർഷകർക്കു സ്ഥിരം വരുമാനം നേടിക്കൊടുക്കാനുമായി.

∙പാലുൽപന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്നത് അവസാനിപ്പിച്ചുവെന്നു മാത്രമല്ല വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനും തുടങ്ങി.

ലോകത്ത് ഏറ്റവും കൂടുതൽ പാലുൽപാദനം നടത്തുന്ന രാജ്യമാണ് ഇന്ത്യ –176.27 ദശലക്ഷം ടൺ പാൽ. ഇന്ത്യയുടെ ഉൽപാദനത്തിൽ പകുതിയിലേറെയും എരുമപ്പാലാണ്. യുഎസ്എ, ചൈന, പാക്കിസ്ഥാൻ എന്നീ രാ‍ജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

പശുവിൻപാൽ ഉൽപാദനത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.

Summary : Facts about solar eclipses