പൂത്താൽ വളർച്ച അവസാനിക്കുന്ന ആ ചെടി!

വി. യു. രാധാകൃഷ്ണൻ

അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയിലൂടെ നടത്തിയ പടയോട്ടം പ്രസിദ്ധമാണല്ലോ. ആ സംഘത്തിലെ ഭടന്മാർ ഒരു കണ്ടെത്തൽ നടത്തി. ഇന്ത്യയിൽ നാട്ടുകാരിൽ ചിലർ തേൻ പോലുള്ള പാനീയം ഒരു തണ്ടിൽനിന്നെടുക്കുന്നതിൽ വിദഗ്ധരാണത്രേ. തേനീച്ചകളുടെ സഹായമില്ലാതെ തേൻ ഉണ്ടാക്കുന്ന നാട്ടുകാരെ കണ്ടെത്തിയ അവർ, ലോകത്തിനു മുന്നിൽ ആ ചെടിയെ പരിചയപ്പെടുത്തി. സ്വന്തം കാണ്ഡത്തിൽ മധുനിറച്ചുവച്ച കരിമ്പ് ആയിരുന്നു ആ ചെടി. പഞ്ചസാരയും ശർക്കരയും കൽക്കണ്ടവും അടങ്ങുന്ന മധുരത്തിന്റെ രുചിഭേദങ്ങൾ കരിമ്പിന്റെ സംഭാവനയാണ്.

പുൽവർഗത്തിലെ അതികായൻ
Poaceae കുടുംബത്തിലെ Saccharum officinarum എന്ന ശാസ്ത്രനാമമുള്ള കരിമ്പിനെ Sugar Cane എന്ന് ഇംഗ്ലിഷിൽ വിളിച്ചുവരുന്നു. വയലറ്റ് കലർന്ന നിറമാണ് കാണ്ഡത്തിന്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്. പൂത്താൽ വളർച്ച അവസാനിക്കും. കരിമ്പിന്റെ തണ്ടുവെട്ടി നീരൂറ്റിയെടുത്ത്, വറ്റിച്ച് ഖരരൂപത്തിലുള്ള മധുരദ്രവ്യങ്ങൾ പലതും നിർമിക്കുന്നു. നേരിട്ടു പാനീയമാക്കിയും ക്രിസ്റ്റൽ രൂപങ്ങളാക്കിയും പലഹാരങ്ങൾ പലതും തയാറാക്കാം. ഉപോൽപ്പന്നങ്ങളെടുത്ത് ലഹരിവസ്തുക്കളും കാലിത്തീറ്റയും വരെ നിർമിക്കുന്നു. ലോകത്തെ വിവിധ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കാൻ കഴിയുന്നവയാണ് കരിമ്പ് ഉൽപന്നങ്ങൾ. ദക്ഷിണേഷ്യ, ന്യൂഗിനി എന്നിവിടങ്ങളാണു കരിമ്പിന്റെ ജന്മദേശങ്ങളായി പരിഗണിക്കുന്നത്.

ഉൽപന്നങ്ങൾ ഒട്ടേറെ

പഞ്ചസാര (Sugar)

കരിമ്പിൻനീര് തിളപ്പിച്ച് വിവിധ പ്രക്രിയകളിലൂടെ ക്രിസ്റ്റൽ രൂപത്തിലാക്കുന്നു. ഇരുണ്ട നിറമുള്ള ഈ ഖരരൂപത്തെ നിറശുദ്ധി ലഭിക്കാൻ വിവിധ വസ്തുക്കൾ ചേർത്താണു സംസ്കരിക്കാറുള്ളത്. ചായയിലും കാപ്പിയിലും മറ്റു പലഹാരങ്ങളിലും ചേർത്ത് ഉപയോഗിക്കുന്നു. രാസപരമായി ഇവ കാർബോഹൈഡ്രേറ്റുകളാണ്. മോണോസാക്കറൈഡ് (ഗ്ലൂക്കോസ്, ഫ്രക്ടോസ്), ഡൈസാക്കറൈഡ് (സൂക്രോസ്) എന്നീ വിഭാഗങ്ങൾ മധുരസ്വഭാവം കാണിക്കുന്ന ജൈവസംയുക്തങ്ങളാണ്.

ലോകത്തിന്റെ പഞ്ചസാരക്കിണ്ണം– ക്യൂബ

മൊളാസസ് കരിമ്പിൽനിന്നു പഞ്ചസാരയ്ക്കുള്ള ലായനി വേർതിരിച്ചെടുക്കുമ്പോൾ ലഭിക്കുന്ന കൊഴുത്ത ദ്രാവകമാണിത്. ഇതിൽ അടങ്ങിയ മാധുര്യം പലഹാരങ്ങളിൽ രുചി പകരാൻ ഉപയോഗിക്കുന്നു. വിവിധതരം മദ്യങ്ങൾ നിർമിക്കുന്നതിനും ഇതുപയോഗിക്കുന്നു.

ശർക്കര (Jaggery)
കരിമ്പിൻനീരിൽനിന്നു വേവിച്ചെടുത്തുതന്നെയാണ് ശർക്കരയും നിർമിക്കുന്നത്. പായസങ്ങളിൽ പ്രധാനമായും ഉപയോഗിച്ചുവരുന്ന ശർക്കര ഔഷധപ്രദവുമാണ്. മറയൂർ ശർക്കര, തെക്കൻ തിരുവിതാംകൂർ ശർക്കര എന്നിവയ്ക്ക് ജൈവസൂചക പദവി ലഭിച്ചിട്ടുണ്ട്. ശർക്കര നിർമാണത്തിൽ ഉപ്പു ചേർക്കുക പതിവാണ്. എന്നാൽ മറയൂർ ശർക്കരയ്ക്ക് ഇതു ചേർക്കാറില്ല. സക്കാരം എന്ന ഇംഗ്ലിഷ് വാക്കിൽനിന്നാണ് ശർക്കര എന്ന മലയാളപദം ഉണ്ടായതെന്നാണു കരുതുന്നത്.

കൽക്കണ്ടം
ഖണ്ഡ ശർക്കര എന്ന സംസ്കൃത വാക്കിൽനിന്നാണ് കൽക്കണ്ടം എന്ന പദത്തിന്റെ ഉദ്ഭവം. Rock sugar എന്ന് ഇംഗ്ലിഷിൽ അറിയപ്പെടുന്ന ഈ ഖരവസ്തു പഞ്ചസാര ലായനി ക്രിസ്റ്റലൈസ് ചെയ്താണ് ഉണ്ടാക്കാറുള്ളത്. ചുമയുൾപ്പെടെയുള്ള രോഗങ്ങൾക്ക് കൽക്കണ്ടം ഒന്നാന്തരം ഒൗഷധമാണ്.

ഇന്ധനം
ജ്യൂസ് എടുത്തശേഷമുള്ള അവശിഷ്ടങ്ങൾ, ഇല, വേര് എന്നിവ ഗ്രാമീണർ ഇന്ധനമാക്കി വിറകടുപ്പുകളിൽ കത്തിച്ചുവരുന്നു.

കരിമ്പിൻ ജ്യൂസ്
വേനൽക്കാലത്തു വഴിയോരത്തു കരിമ്പുതണ്ട് ചതയ്ക്കൽ യന്ത്രത്തിലൂടെ കടത്തിവിട്ട് പാനീയമാക്കി അരിച്ച് ദാഹശമനികൾ ഉണ്ടാക്കാറുണ്ട്. ധാതുസമ്പുഷ്ടമായ ഈ പാനീയം ഉത്തരേന്ത്യയിൽ പണ്ടേ ഉപയോഗിച്ചുവന്നു. കരിമ്പിന്റെ പച്ചരസം മാറ്റാന്‍ ഇഞ്ചി, ചെറു നാരങ്ങാനീര് എന്നിവ ചേർക്കാറുണ്ട്.

കാലിത്തീറ്റ
കരിമ്പിന്റെ ചണ്ടി (അവശിഷ്ടം) കാലിത്തീറ്റകൾക്കായി കർഷകർ ഉപയോഗിച്ചുവരുന്നു.

കരിമ്പ് പ്രശ്നോത്തരി
ഊർജ ആവശ്യങ്ങൾക്ക്, ഡീസലിൽ കരിമ്പിൽ നിന്നുൽപാദിപ്പിക്കുന്ന എഥനോൾ ചേർക്കുന്ന രീതി ആരംഭിച്ച രാജ്യം ?
ബ്രസീൽ
കേരളത്തിൽ കരിമ്പിൽ നിന്ന് പഞ്ചസാര നിർമിക്കുന്ന ഫാക്ടറി എവിടെ സ്ഥിതിചെയ്യുന്നു ?
പന്തളം
കരിമ്പ് ഉൽപാദനത്തിൽ മുന്നിൽനിൽക്കുന്ന രാജ്യം ?
ബ്രസീൽ
കരിമ്പു ഗവേഷണ കേന്ദ്രം കേരളത്തിൽ എവിടെയാണ് ?
തളാപ്പ്, കണ്ണൂർ
കോയമ്പത്തൂരിലെ കരിമ്പു ഗവേഷണ കേന്ദ്രം സ്ഥാപിതമായ വർഷം ?
1926
കരിമ്പിനെ ബാധിക്കുന്ന രണ്ടു രോഗങ്ങൾ ?
Redrot, Sugarcane Mosaic
ഇന്ത്യയിൽ ഏറ്റവും അധികം കരിമ്പുകൃഷിയുള്ള സംസ്ഥാനം ?
ഉത്തർപ്രദേശ്
ഏതു ഭൂപ്രകൃതിയാണ് കരിമ്പു കൃഷിക്ക് അനുയോജ്യം ?
ഉഷ്ണമേഖല
കരിമ്പു ഗവേഷണത്തിൽ ഏറെ സംഭാവനകൾ ചെയ്ത മലയാളി ശാസ്ത്രജ്ഞ ?
ഡോ. ഇ.കെ. ജാനകിയമ്മാൾ
ചരകസംഹിതയിൽ കരിമ്പിന്റെ സ്ഥാനമേതാണ്?
മൂത്രവർധകദ്രവ്യം

അത്യുൽപ്പാദനശേഷിയുള്ള കരിമ്പിനങ്ങൾ

തിരുമധുരം (മധുരം കൂടുതൽ)
മധുമതി (ചെംചീയൽ രോഗത്തിനെ ചെറുക്കാനാകുന്നത്)
മധുരിമ (വെള്ളക്കെട്ടിനെ അതിജീവിക്കാനാകുന്നത്)
മാധുരി (ചെംചീയൽ രോഗത്തിനെതിരെ പ്രതിരോധശേഷി)

വിശ്വാസത്തിൽ കരിമ്പ്
കാമദേവന്റെ വില്ല് നീലക്കരിമ്പുകൊണ്ടാണ് നിർമിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ഗംഗാ നദിയുടെ തടത്തിൽ നന്നായി വളരുന്ന കരിമ്പുചെടിക്ക് നമ്മുടെ നാട്ടാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഏറെ പ്രാധാന്യമുണ്ട്. പഞ്ചാമൃതം, നിവേദ്യങ്ങൾ എന്നിവ നിർമിക്കാൻ കരിമ്പു ചേർക്കുക പതിവാണ്. നവരാത്രി കാലങ്ങളിൽ വിദ്യാരംഭമണ്ഡപങ്ങൾ അലങ്കരിക്കാനും വിവാഹവേദികൾ നിർമിക്കാനും കരിമ്പുതണ്ടുകൾ നിർബന്ധമാണ്. അഷ്ടാംഗഹൃദയത്തിൽ യാഷ ശർക്കര ഉണ്ടാക്കുന്നതിന് ശർക്കര ആവശ്യമാണെന്ന് സൂചനയുണ്ട്. പായസം, അരവണ എന്നിവയുണ്ടാക്കുമ്പോഴും കരിമ്പു ചേർത്തുവരുന്നു.