അമ്പരപ്പിക്കുന്ന കണ്ടെത്തൽ; സൂര്യന്റെ പിന്നാലെ പോകുന്ന ‘സൂര്യകാന്തിച്ചെടി’!
കിഴക്കുദിച്ചു പടിഞ്ഞാറ് അസ്തമിക്കും വരെ സൂര്യനെ വിടാതെ പിന്തുടരുന്ന ഒരു ചെടിയെപ്പറ്റി കേട്ടിട്ടുണ്ടോ? കേൾക്കുക മാത്രമല്ല കൂട്ടുകാർ കണ്ടിട്ടും ഉണ്ടാകും. സൂര്യകാന്തിയെന്നാണ് ആ ചെടിയുടെ പേര്. സൂര്യപ്രകാശം എവിടെയാണോ അവിടേക്കു തിരിയാനുള്ള കഴിവുണ്ട് സൂര്യകാന്തിക്ക്. ഫോട്ടോട്രോപ്പിസം എന്നാണു ഗവേഷകർ ചെടികളുടെ ഈ കഴിവിനു നൽകിയിരിക്കുന്ന പേര്. സൂര്യനോട് കൂട്ടുകൂടുന്ന സൂര്യകാന്തിയുടെ ഈ സ്വഭാവം ഇപ്പോൾ ശാസ്ത്രലോകത്തിനും ഏറെ സഹായകരമായിരിക്കുകയാണ്.
പെട്രോളും ഡീസലും പോലുള്ള ഫോസിൽ ഇന്ധനങ്ങള്‍ കത്തിച്ച് അന്തരീക്ഷമാകെ കാർബൺ നിറയുകയാണല്ലോ. അതിനൊരു പരിഹാരമായി ഗവേഷകർ കണ്ടെത്തിയതാണ് സൗരോർജ പാനലുകൾ. ഇവയിൽ വന്നു പതിക്കുന്ന സൂര്യപ്രകാശം വൈദ്യുതോർജമാക്കി മാറ്റി സംഭരിക്കുന്നതാണു രീതി. പക്ഷേ സൂര്യനു നേരെ തിരിച്ചു വച്ചിരിക്കുന്ന സൗരോർജ പാനലുകളിൽ മാത്രമേ കാര്യക്ഷമമായി വൈദ്യുതോൽപാദനം നടക്കുകയുള്ളൂ. സൂര്യൻ സ്ഥാനം മാറിപ്പോകുന്നതിനനുസരിച്ച് ഊർജോൽപാദനവും കുറയും. ഇതിനുള്ള പരിഹാരവുമായാണ് സൂര്യകാന്തിച്ചെടി എത്തിയിരിക്കുന്നത്. സൂര്യകാന്തി എപ്രകാരമാണോ സൂര്യന്റെ ‘പിന്നാലെ’ പോയി ആവശ്യമുള്ള ഊർജം ശേഖരിക്കുന്നത് അതേ സ്വഭാവം തന്നെ സോളർ പാനലുകൾക്കും നൽകാനുള്ള ഗവേഷകരുടെ ശ്രമം വിജയിച്ചിരിക്കുകയാണ്.
അതായത്, സൂര്യൻ നീങ്ങുന്നതിനനുസരിച്ച് സോളർ പാനലും തിരിഞ്ഞുകൊണ്ടേയിരിക്കും. രാവിലെ മുതൽ വൈകുന്നേരെ വരെ ഒരേ അളവിൽ പാനലിൽ സൂര്യപ്രകാശം പതിക്കുകയും ചെയ്യും. നാനോടെക്നോളജി സാങ്കേതികത പ്രകാരമാണ് കലിഫോർണിയ സർവകലാശാല ഗവേഷകർ ഈ സോളർ പാനൽ നിർമിച്ചത്. ചെടിയുടെ തണ്ടു പോലെയാണ് ഇതിന്റെ രൂപം. എവിടെയാണോ കൂടുതൽ സൂര്യപ്രകാശമുള്ളത് അവിടേക്ക് ഈ ‘തണ്ട്’ തിരിയും. സൂര്യപ്രകാശം പരമാവധി സ്വീകരിച്ച് വൈദ്യുതോർജമാക്കി മാറ്റുകയും ചെയ്യും. ഇത്തരം ഒട്ടേറെ കുഞ്ഞൻ തണ്ടുകൾ ഒരുമിച്ചു ചേർത്ത് വിവിധ തരം സോളര്‍ പാനലുകൾ നിർമിക്കുകയും ചെയ്യാം.
സൂര്യകാന്തിച്ചെടിയുടെ സ്വഭാവം ‘കോപ്പിയടിച്ച്’ പ്രവർത്തിക്കുന്നതിനാൽ സൺബോട് (SunBOT) എന്നാണിതിനു പേരിട്ടിരിക്കുന്നത്. സൺഫ്ലവർ–ലൈക്ക് ബയോമമെറ്റിക് ഓംനിഡയറക്‌ഷനൽ ട്രാക്കർ എന്നതിന്റെ ചുരുക്കപ്പേരാണ് സൺബോട്. സംഗതി ഇതിനോടകം ചില സോളർ ഉപകരണങ്ങളിൽ പ്രയോഗിച്ചു വിജയിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ സോളർ പാനലുകളേക്കാൾ 400% അധികം കാര്യക്ഷമമാണ് ഇവയെന്നും ഗവേഷകർ പറയുന്നു. വീട്ടുവളപ്പിലും മറ്റും ചെടി നടുന്നതു പോലെ ഇത്തരം സോളർ പാനലുകൾ വച്ച് ഭാവിയിൽ വീട്ടാവശ്യത്തിനുള്ള വൈദ്യുതി ഉൽപാദിപ്പിക്കാൻ സൺബോട്ടുകൾ സഹായിക്കുമെന്നും ഗവേഷകരുടെ ഉറപ്പ്.
Summary : Sunflower like biometric omnidirectional tracker