അറിയാമോ? ശരിക്കും വില്ലന്മാരാ ‘നായകന്മാർ’!
വേലക്കാരനെ ‘മുതലാളീ മുതലാളീ...’ എന്നു വിളിച്ചുകൊണ്ടിരിക്കുന്ന ആളുടെ അടുത്തു വന്ന് ഒറിജിനൽ മുതലാളി ‘അതേയ്, ശരിക്കും മുതലാളി ഞാനാ...’ എന്നു പറഞ്ഞ പോലെയായിപ്പോയി ഇത്. ഇത്രയും നാൾ നായകന്മാരാണെന്നു കരുതിയിരുന്നവരെല്ലാം ഒറ്റയടിക്കു വില്ലന്മാരായി മാറിയിരിക്കുന്നു. അങ്ങനെയൊരു പഠനം പുറത്തുവന്നതാകട്ടെ യുഎസിലെ പെന്‍സിൽവാനിയ സർവകലാശാലയിൽ നിന്നും! സൂപ്പർ ഹീറോ സിനിമകളിൽ നമ്മളിതു വരെ കണ്ടുകൊണ്ടിരുന്ന സൂപ്പർമാനും അയൺമാനും ബാറ്റ്മാനും ക്യാപ്റ്റൻ അമേരിക്കയും തോറും ഹൾക്കുമൊക്കെയാണത്രേ ശരിക്കും വില്ലന്മാർ! സിനിമകളിലെ വില്ലന്മാരാകട്ടെ വെറും പാവത്താന്മാരും. അതെങ്ങനെ ശരിയാകും എന്ന് ആലോചിക്കാൻ വരട്ടെ. അതിനു മുൻപു ഗവേഷകർ കണ്ടെത്തിയ ചില കാര്യങ്ങൾ കേൾക്കാം.
സൂപ്പർഹീറോ സിനിമകളിൽ വില്ലന്മാരുണ്ടാക്കുന്ന അതിക്രമങ്ങളേക്കാൾ ഇരട്ടിയാണു നായകന്മാരുണ്ടാക്കുന്നത്. അതായത്, ‘അയൺമാനെ കണ്ടുപഠിക്ക്’ എന്ന് ആരെങ്കിലും കുട്ടികളോടു പറഞ്ഞാൽ, തിരിച്ച് നല്ല ഇടി കിട്ടിയാലും മറുത്ത് ഒരു വാക്കു പോലും മിണ്ടാനാകില്ല. കാരണം അയൺമാൻ നമ്മുടെ പിള്ളേർക്കെല്ലാം പഠിപ്പിച്ചു കൊടുക്കുന്നത് എങ്ങനെ നല്ല ഇടിയും തൊഴിയും കൊടുക്കാമെന്നും ചറപറ മാരകായുധങ്ങളുടെ പ്രയോഗവുമാണ്. സൂയിസൈഡ് സ്ക്വാഡ്, ബാറ്റ്മാൻ: ദ് കില്ലിങ് ജോക്ക്, ടീനേജ് മ്യൂട്ടന്റ് നിൻജ ടർട്ട്ൽസ്: ഔട്ട് ഓഫ് ദ് ഷാഡോസ്, എക്സ്മെൻ: അപ്പൊകാലിപ്സ്, ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ, ബാറ്റ്മാൻ Vs സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ്, ഡെഡ്പൂൾ, ഫന്റാസ്റ്റിക് ഫോർ, ആന്റ് മാൻ, അവഞ്ചേഴ്സ്–ഏജ് ഓൾ അൾട്രോൺ എന്നിങ്ങനെ 2015ലും 2016ലും പുറത്തിറങ്ങിയ 10 സൂപ്പർഹീറോ സിനിമകളാണ് ഇതിനു വേണ്ടി ഗവേഷകർ പരിശോധിച്ചത്.
ഇതിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം നായകനെന്നും വില്ലനെന്നും തരംതിരിച്ചു. എന്നിട്ട് ഓരോ കഥാപാത്രവും ചെയ്യുന്ന അക്രമ സംഭവങ്ങളെ തരംതിരിച്ചു രേഖപ്പെടുത്തി. അടി, ഇടി, വെട്ട്, കുത്ത്, ചീത്തവിളി, കണ്ണുരുട്ടിപ്പേടിപ്പിക്കൽ, ‘ഓഡ്റാ’ പോലുള്ള ഭീഷണിപ്പെടുത്തലുകൾ... അങ്ങനെ സകലതും പരിശോധിച്ചു. എല്ലാ നായകന്മാരും ആകെ 2191 അക്രമസംഭവങ്ങളിലായിരുന്നു പങ്കാളികളായിരുന്നത്. ‘പാവം’ വില്ലന്മാരാകട്ടെ വെറും 1724 എണ്ണത്തിലും! നായകന്മാർ മണിക്കൂറിൽ 23 അക്രമമെന്ന നിലയിലായിരുന്നു രംഗത്തിറക്കിയത്. വില്ലന്മാരാകട്ടെ 18 എണ്ണവും. ആൺ സൂപ്പർഹീറോകളാണ് വനിതകളേക്കാൾ കൂടുതൽ പ്രശ്നക്കാർ. പുരുഷന്മാർ മണിക്കൂറിൽ ശരാശരി 34 അക്രമങ്ങൾ നടത്തുമ്പോൾ വനിതകൾ വെറും ഏഴെണ്ണമേയുള്ളൂ.
ഇടിയാണ് സിനിമകളിലെ ഏറ്റവും പ്രധാന അക്രമം. മൊത്തം നായകന്മാരും വില്ലന്മാരും കൂടി 1620 അടിപിടി സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ വില്ലന്മാർ ആകെ 599 സംഭവങ്ങളിലേയുള്ളൂ. ബാക്കി 1021 എണ്ണത്തിലും അടിയുണ്ടാക്കുന്നതിൽ മുന്നിൽ സൂപ്പർഹീറോകളാണ്. മാരകമായ ആയുധങ്ങൾ ഉപയോഗിക്കുന്നതാണ് അക്രമങ്ങളിൽ രണ്ടാം സ്ഥാനത്ത്– 659 എണ്ണം. കെട്ടിടങ്ങളും മറ്റും നശിപ്പിക്കുന്നത്– 199, കൊലപാതകം 168, വിരട്ടൽ, പേടിപ്പിച്ചോടിക്കൽ തുടങ്ങിയ ‘കലാപരിപാടികൾ’ 144 എണ്ണം എന്നിങ്ങനെയാണു ശരാശരി കണക്ക്.
വില്ലന്മാർക്കു പക്ഷേ അടി കൂടുന്നതിനേക്കാൾ ഇഷ്ടം മാരകായുധങ്ങൾ പ്രയോഗിക്കാനാണ്. വില്ലന്മാരുടെ വക ആകെ 604 മാരകായുധപ്രയോഗങ്ങളാണു പത്തു സിനിമയിലും കൂടിയുള്ളത്. അടിപിടി സംഭവങ്ങൾ 599, പേടിപ്പിക്കലും വിരട്ടലും 237 മാത്രം. കെട്ടിടങ്ങളും മറ്റും നശിപ്പിക്കുന്നത് 191 എണ്ണമേയുള്ളൂ, കൊലപാതകമാകത്തെ 93 എണ്ണവും. ഇങ്ങനെയൊക്കെയാണെങ്കിലും ചീത്തപ്പേരു മുഴുവൻ വില്ലന്മാർക്കും! നായകന്മാരുടെ ഈ വില്ലത്തരം ഇതെല്ലാം കാണുന്ന കുട്ടികളെയും ബാധിക്കുമെന്നാണു ഗവേഷകർ പറയുന്നത്. സൂപ്പർഹീറോകളെ അനുകരിക്കാൻ കുട്ടികൾക്ക് ഇഷ്ടമായതിനാൽ ആ വഴിക്കുള്ള പ്രശ്നം വേറെ. ഈ സാഹചര്യത്തിൽ സിനിമ കാണുമ്പോൾ കുട്ടികൾക്കൊപ്പമിരുന്ന് ഏതാണു നല്ലത്, ഏതാണു ചീത്ത എന്നു രക്ഷിതാക്കൾ നിർബന്ധമായും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണമെന്നും ഗവേഷകർ പറയുന്നു.