ഭൂമിയിലുണ്ട് സൂപ്പർമാന്റെ ‘കോട്ട’; വ്യാളിപ്പല്ലു പോലുള്ള ക്രിസ്റ്റലുകൾക്കു പിന്നിലെന്ത്...?
കൊച്ചുകൂട്ടുകാർ സിനിമയിലും കോമിക് പുസ്തകങ്ങളിലും സൂപ്പർമാന്റെ കോട്ട കണ്ടിട്ടില്ലേ? ‘ഏകാന്തതയുടെ കോട്ട’ എന്നറിയപ്പെടുന്ന ആ സ്ഥലത്തിനു മറ്റു പല പ്രത്യേകതകളുമുണ്ട്. അതിലൊന്ന് ആ കോട്ടയുടെ ആകൃതിയാണ്. നിറയെ ക്രിസ്റ്റലുകൾ നിറഞ്ഞതാണത്. കുത്താൻ നിൽക്കുന്നതു പോലുള്ള ഒട്ടേറെ ക്രിസ്റ്റൽ രൂപങ്ങളുമുണ്ട് അവിടെ. ഭൂമിയിൽ കാണപ്പെടാത്ത സൺസ്റ്റോണ്‍ എന്ന ക്രിസ്റ്റലിനാലാണ് അതു നിർമിച്ചിരിക്കുന്നതെന്നാണ് ഒരു വാദം. ആർട്ടിക്കിലാണ് ഈ കോട്ടയുള്ളതെന്ന് ഒരു കൂട്ടർ, അതല്ല അന്റാർട്ടിക്കിലാണെന്നു വേറൊരു കൂട്ടർ. ആൻഡീസ് പർവതനിരകളിലാണെന്നും ആമസോൺ കാട്ടിലാണെന്നുമൊക്കെ വാദങ്ങളുണ്ട്. പക്ഷേ യഥാർഥത്തിൽ സൂപ്പർമാന്റെ അടുത്ത സുഹൃത്തുക്കൾക്കു മാത്രമേ ഈ കോട്ടയെപ്പറ്റി അറിയുകയുള്ളൂ.
ഈ സൂപ്പർമാൻ കോട്ടയ്ക്കു സമാനമായ ഇടങ്ങൾ ഭൂമിയിലുമുണ്ട്. മെക്സിക്കോയിലും സ്പെയിനിലുമാണത്. കൂട്ടത്തിൽ വലുപ്പമേറിയത് മെക്സിക്കോയിലെ നായ്ക്ക എന്ന ഗുഹയാണ്. പക്ഷേ രൂപത്തിലെ പ്രത്യേകത കാരണം ശ്രദ്ധേയമായത് സ്പെയിനിലെ ജിയോഡ് ഇൻ പുൽപ്പി എന്ന ഗുഹയാണ്. ഏകദേശം 20 വർഷം മുൻപാണ് ഒരു വെള്ളിഖനിക്കുള്ളില്‍ ഇത് ആദ്യമായി കണ്ടെത്തുന്നത്. ഗുഹയ്ക്കുള്ളിൽ ഏകദേശം 50 മീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്തും. വെളുത്തു കൂർത്ത ക്രിസ്റ്റലുകൾ നിറഞ്ഞ ഈ ഗുഹയെ വ്യാളിയുടെ വായിലെ പല്ലുകളോടാണു ഗവേഷകർ ഉപമിക്കുന്നത്. വെള്ളി ഖനനം പിന്നീടു നിർത്തിയെങ്കിലും ജിയോഡ് ഓഫ് പുൽപ്പിയെ ഗവേഷകർ വിട്ടില്ല. ഒട്ടേറെ പേർക്ക് ഒരേസമയം കയറിയിരിക്കാവുന്ന ആ ഗുഹയിലേക്കു പല രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പരിശോധനയ്ക്കെത്തി. എങ്ങനെയാണ് ഇവ രൂപപ്പെട്ടതെന്നാണു ഗവേഷകര്‍ക്ക് അറിയേണ്ടിയിരുന്നത്.
എക്കൽ അടിഞ്ഞു രൂപപ്പെടുന്ന അവസാദ ശിലകളിലും അഗ്നിപർവത സ്ഫോടന ഫലമായുണ്ടാകുന്ന ലാവ അടിഞ്ഞു കൂടിയുണ്ടാകുന്ന വോൾക്കാനിക് ശിലകളിലുമാണ് ഇത്തരം ക്രിസ്റ്റലുകൾ രൂപപ്പെടാറുള്ളത്. അതുകൊണ്ടാണ് ജിയോഡ് എന്ന പേരും. എന്തായാലും പുൽപ്പിയിലെ ജിയോഡിന്റെ രഹസ്യം കണ്ടെത്തിയേ അടങ്ങൂ എന്ന വാശിയിലായിരുന്നു ഗവേഷകർ. അങ്ങനെ ഗ്രനാഡ സർവകലാശാലയിലെ ഗവേഷകര്‍ ഈ ഗുഹയുടെ ചരിത്രം പുനഃസൃഷ്ടിച്ചെടുത്തു. ക്രിസ്റ്റലിലെ ധാതുക്കളുടെയും ഗുഹയിലെ മറ്റു രാസവസ്തുക്കളുടെയുമെല്ലാം സൂക്ഷ്മ പരിശോധനയിലൂടെയായിരുന്നു ഇത്. ക്രിസ്റ്റൽ ഗുഹയെ ചുറ്റിയുള്ള പ്രദേശത്തിന്റെ വിശദമായ മാപ്പും തയാറാക്കി.
അങ്ങനെ അന്വേഷണം ചെന്നെത്തി നിന്നത് ക്രിസ്റ്റലുകൾ നിർമിക്കപ്പെട്ടിട്ടുള്ള ജിപ്സം അഥവാ സെലെനൈറ്റ് എന്ന ധാതുവിലായിരുന്നു. തനിയെ ‘വളരുന്ന’ ഒരു സ്വഭാവക്കാരനായിരുന്നു ഈ ജിപ്സമെന്നായിരുന്നു കണ്ടെത്തൽ. ജിപ്സത്തിനു വളരണമെങ്കില്‍ ഉപ്പ് ലഭിച്ചു കൊണ്ടേയിരിക്കണം. ഈ ഉപ്പ് വന്നതാകട്ടെ ഒരു ആൻഹൈഡ്രൈറ്റ് വിഭജിച്ചും. ആൻഹൈഡ്രൈറ്റ് എന്നൊന്നും കേട്ട് നെറ്റിചുളിക്കേണ്ട. പ്രകൃതിയിൽ കാണപ്പെടുന്ന കാത്സ്യം സൾഫേറ്റ് എന്ന രാസവസ്തുവിന്റെ വെള്ളമില്ലാത്ത (ആൻഹൈഡ്രസ്) രൂപമാണിത്. ആൻഹൈഡ്രൈറ്റ് വിഭജിച്ച് ഉപ്പുണ്ടാകണമെങ്കിൽ ഏകദേശം 20 ഡിഗ്രി സെൽഷ്യസെങ്കിലുമായിരിക്കണം താപനില. ഖനിയുടെ ഉൾമേഖലയിൽ അത്രയേറെ ചൂടിനു സാധ്യതയുള്ളതിനാൽത്തന്നെ ജിപ്സം ക്രിസ്റ്റലുകൾ തുടർച്ചയായി രൂപപ്പെട്ടു കൊണ്ടേയിരുന്നുവെന്നാണു കണ്ടെത്തൽ.
പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കി. എന്നുമുതലാണ് ഈ ക്രിസ്റ്റലുകൾ ഇത്തരത്തിൽ രൂപപ്പെട്ടു തുടങ്ങിയത്? പലതരം പരീക്ഷണങ്ങളാൽ ഗവേഷകർ ഏകദേശം ഒരു നിഗമനത്തിലെത്തിയിട്ടുണ്ട്. 56 ലക്ഷം വർഷം മുൻപായിരിക്കണം ക്രിസ്റ്റലുകൾ രൂപപ്പെട്ടു തുടങ്ങിയതെന്നാണ് അത്. ജിയോളജി’ ജേണലിലുണ്ട് ഇതു സംബന്ധിച്ച വിശദമായ പഠനം. എന്തൊക്കെയാണെങ്കിലും സ്പെയിനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു ഈ കേന്ദ്രം. ഈ വർഷം ആദ്യമാണു പൊതുജനങ്ങൾക്കായി സർക്കാർ ജിയോഡ് ഓഫ് പുൽപ്പി തുറന്നുകൊടുത്തത്. ഒട്ടേറെ പേർ ഭൂമിയിലെ ഈ ‘സൂപ്പർമാൻ കോട്ട’ കാണാൻ എത്തുന്നുമുണ്ട്.