മുട്ടയിട്ട് ‘മുങ്ങും' പെൻഗ്വിൻ, നാലര വർഷം കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന നീരാളി !
പക്ഷികളും മൃഗങ്ങളുമൊക്കെ കുഞ്ഞുങ്ങളെ വളർത്തുന്നത് എങ്ങനെ?
വിടില്ല, നീരാളിക്കൈ
നീരാളികൾ ഒരുതവണ പതിനായിരക്കണക്കിനു മുട്ടകളിടും. ഇവ പല ഗ്രൂപ്പുകളായി തിരിച്ച് ശത്രുക്കളിൽനിന്നു സംരക്ഷിക്കുന്നത് അമ്മനീരാളി. ശുദ്ധവായുവും പോഷകങ്ങളും നൽകി അമ്മനീരാളി എപ്പോഴും മുട്ടകളുടെ അരികിലുണ്ടാകും. മുട്ടകൾ വിരിയുമ്പോഴേക്കും അമ്മ ക്ഷീണിച്ച് അവശയാകും. നാലര വർഷത്തോളം സംരക്ഷിക്കുന്ന കുഞ്ഞുങ്ങൾ പുറത്തുപോകാറാകുമ്പോൾ അമ്മനീരാളി കടലാഴങ്ങളിൽ മരണത്തിനു കീഴടങ്ങും. പൊന്നുമക്കൾക്കായുള്ള ജീവിതത്തിനിടെ ഇരപിടിക്കാൻ പോലും ആ അമ്മ മറന്നുപോയിരുന്നു
കൂട്ടുകൂടാനാ...
‘പിഞ്ചുകുഞ്ഞാന’ പിറക്കുമ്പോൾത്തന്നെ നൂറിലേറെ കിലോയാണ് ഭാരം! ജനിച്ചു വീഴുമ്പോൾ മുതൽ സഹായത്തിനു പിടിയാനകൾ (പെൺ) ഒപ്പമുണ്ടാകും. 2 വർഷം വരെ കുട്ടിയാന പാൽ കുടിക്കും; ദിവസം ഏതാണ്ട് 10 ലീറ്റർ വരെ. തീറ്റയെടുക്കൽ, ശത്രുക്കളെ ഓടിക്കൽ തുടങ്ങിയ വിഷയങ്ങളൊക്കെ കൂട്ടത്തിലെ പിടികൾ കുട്ടിയാനയെ പഠിപ്പിക്കും.
കുഞ്ഞ് ‘പിടി’യാണെങ്കിൽ ഈ കൂട്ടത്തോടൊപ്പം എന്നുമുണ്ടാകുമെങ്കിലും കൊമ്പൻമാർ (ആൺ) 12 വയസ്സ് ആകുമ്പോഴേക്കും ‘ബൈ ബൈ’ പറയും; ഒറ്റയ്ക്ക് അലഞ്ഞുതിരിയാൻ.
.
മുട്ടയിട്ട് ‘മുങ്ങും’
പെൻഗ്വിൻ ലോകത്തെ ‘ചക്രവർത്തി’മാരാണ് വലുപ്പക്കാരായ എംപറർ പെൻഗ്വിനുകൾ. ഏപ്രിലിൽ അന്റാർട്ടിക്കയിലെ ശൈത്യകാലത്തിന്റെ തുടക്കത്തിൽ മുട്ടയിട്ടാലുടൻ പെൺ പെൻഗ്വിനുകൾ ഒറ്റപ്പോക്കാണ്, 80 – 100 കിലോമീറ്റർ അകലെ സമുദ്രത്തിലേക്ക്. മുട്ട വിരിയിക്കേണ്ടത് ആൺ പെൻഗ്വിനുകളാണ്. 2 മാസം കഴിയുമ്പോഴേക്കും കുഞ്ഞുങ്ങൾ പുറത്തെത്തും.
ജൂലൈയോടെ പെൺ പെൻഗ്വിനുകൾ തിരികെയെത്തും; മത്സ്യങ്ങളുൾപ്പെടെ കടൽജീവികളെ അകത്താക്കി. ഭാഗികമായി ദഹിച്ച രൂപത്തിലുള്ള അത്തരം സാധനങ്ങൾ കുഞ്ഞുങ്ങൾക്കായി പുറത്തേക്കു തുപ്പും. തുടർന്ന് ആണുങ്ങൾ ഇരപിടിക്കാൻ പോകുമ്പോൾ കുഞ്ഞുങ്ങളെ പെൺ പെൻഗ്വിൻ നോക്കും. നാലോ അഞ്ചോ മാസങ്ങൾ കഴിയുമ്പോഴേക്കും കുഞ്ഞു പെൻഗ്വിനുകൾ ഇരപിടിക്കാറാകും.
അര‘യാനക്കളി’
പെൺ അരയന്നങ്ങൾ ഒരു തവണ 5 മുതൽ 7 വരെ മുട്ടകളിടും. വിരിയാൻ ഒരു മാസം സമയമെടുക്കും. പിറന്ന് 24 മണിക്കൂറിനുള്ളിൽ കുഞ്ഞ് അരയന്നങ്ങൾ നീന്താൻ പഠിക്കും. എന്നാലും അമ്മയുടെയും അച്ഛന്റെയും പുറത്തു കയറിയാണു സഞ്ചാരം. ഒരു വയസ്സ് ആകുമ്പോഴേക്കും കുഞ്ഞൻമാർ ‘പുറത്തുകയറ്റം’ നിർത്തി സ്വന്തമായി ജീവിക്കാൻ തുടങ്ങും.
അമ്മക്കുട്ടികൾ
ഇന്തൊനീഷ്യൻ മഴക്കാടുകളിൽ കാണുന്ന ഒറാങ്ഉട്ടാനാണ് ജന്തുവർഗത്തിൽ ഏറ്റവും ദീർഘമായ ബാല്യകാലമുള്ളത്. ആദ്യ 2 വർഷം അമ്മയെ ചുറ്റിപ്പറ്റിയാണു ജീവിതം.
അമ്മയുടെ പുറത്തു കയറിയുള്ള യാത്ര പ്രധാന വിനോദം. 2 വയസ്സായാൽ അമ്മയുടെ കൈപിടിച്ചു നടത്തം തുടങ്ങുമെങ്കിലും 8 വയസ്സു വരെ പാലുകുടി നിർത്തില്ല. പ്രായം 10 ആകുമ്പോഴേക്കും കുഞ്ഞുങ്ങൾ ഫ്രീയാകും. പ്രായപൂർത്തിയായി പ്രസവിച്ചു സ്വന്തം കുടുംബമൊക്കെ ആയാലും പെൺ ‘ഒറാങ്ഉട്ടികൾ’ അമ്മമാരെ കാണാനെത്താറുണ്ട്.