ഇല്ലാത്തൊരു ഭാവിയ്ക്കു വേണ്ടി എന്തിനാണ് പഠിക്കുന്നത്?
ജസ്റ്റിൻ മാത്യു
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സ്വീഡിഷ് പാർലമെന്റിനു മുൻപിൽ ‘കാലാവസ്ഥയ്ക്കു നീതിവേണം’ എന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാഡ് കയ്യിലേന്തി ഒരു പതിനാറുകാരി സമരം ചെയ്തു. എല്ലാ വെള്ളിയാഴ്ചകളിലുമായിരുന്നു അവളുടെ പോരാട്ടം. കാലാവസ്ഥാ വ്യതിയാനത്തിലൂടെ ലോകത്തെ ബാധിച്ചിരിക്കുന്ന മാഹാ വിപത്തിനെ ചെറുക്കാനാണ് അവൾ ലോകത്തോട് ആവശ്യപ്പെടുന്നത്. ഈ കൊച്ചു പരിസ്ഥിതി പ്രവർത്തകയുടെ പേര് ഗ്രെറ്റ തൻബർഗ് എന്നാണ്.
തന്റെ രാജ്യം പ്രതിദിനം പുറന്തള്ളുന്ന കാർബണിന്റെ അളവു കുറയ്ക്കണമെന്നതായിരുന്നു അവളുടെ പ്രധാന ആവശ്യം. ഗ്രെറ്റയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു ബ്രസീൽ, യുഗാണ്ട, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദ്യാർഥികളും കാലാവസ്ഥയ്ക്കു വേണ്ടി തെരുവിലിറങ്ങി. പഠനംമുടക്കി സ്കൂൾ യൂണിഫോമിൽ സമരം ചെയ്യുന്ന ഗ്രെറ്റയ്ക്കെതിരെ വിമർശനവുമുണ്ടായി. ഇല്ലാത്തൊരു ഭാവിക്കുവേണ്ടി ഞാനെന്തിനു പഠിക്കണം എന്നതായിരുന്നു അവളുടെ മറുചോദ്യം. ഇതേ രീതിയിൽ ലോകം മുന്നോട്ടുപോയാൽ തങ്ങളുടെ തലമുറയ്ക്കായി ഒന്നും അവശേഷിക്കില്ലെന്നും ഗ്രെറ്റ പറയുന്നു.
ബ്രിട്ടിഷ് ഹൗസ് ഓഫ് പാർലമെന്റിലും ഐക്യരാഷ്ട്ര സമിതിക്കു മുൻപിലും ലോകത്തിലെ പ്രധാന വേദികളിലുമെല്ലാം കാലാവസ്ഥ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ഗ്രെറ്റ പ്രസംഗിച്ചു. ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനും ഗ്രെറ്റയുടെ പേരു നിർദേശിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിലേക്കുള്ള അവളുടെ യാത്രകളെല്ലാം പായ്‌വഞ്ചിയിലാണെന്നതും ശ്രദ്ധേയമാണ്.
ആംനെസ്റ്റി ഇന്റർനാഷനലിന്റെ അംബാസഡർ ഫോർ കൺസൈൻസ് പുരസ്കാരം ഗ്രെറ്റയെ തേടിയെത്തി. കഴിഞ്ഞ ഡിസംബറിൽ യുഎന്നിന്റെ നേതൃത്വത്തിൽ പോളണ്ടിൽ നടന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമ്മേളനത്തിലും ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിലും ഗ്രെറ്റ തന്റെ ആശങ്കകൾ പങ്കുവച്ചു. ഗ്രെറ്റയുടെ പ്രസംഗങ്ങൾ ‘നോ വൺ ഈസ് ടൂ സ്മാൾ ടു മെയ്ക്ക് എ ഡിഫറൻസ്’ എന്ന പേരിൽ പുസ്തകമായിട്ടുണ്ട്. 2018ൽ ടൈം മാസിക പുറത്തിറക്കിയ, ലോകത്തെ സ്വാധീനിച്ച 100 കൗമാരക്കാരുടെ പട്ടികയിൽ ഗ്രെറ്റയുമുണ്ട്. സ്വീഡിഷ് ഓപ്പറ ഗായിക മാലേന ഏർമാന്റെയും നടൻ സ്വൻത തൻബർഗിന്റെയും മകളാണു ഗ്രെറ്റ.