ദേഹമാകെ രോമം, പേടിപ്പെടുത്തുന്ന വലുപ്പം, ഇവൻ ആന്ധ്രയിലെ ‘ഇന്ദ്രനീലക്കല്ല്’
വമ്പൻ വലുപ്പവും ദേഹത്തു മുഴുവൻ രോമവുമൊക്കെ കാണുമ്പോൾ ആരായാലും ഒന്നു പേടിച്ചുപോകും. അതാണ് ടറാൻചൂള (Tarantula) എന്ന എട്ടുകാലി. മനുഷ്യരൊക്കെ ഭൂമിയിൽ രൂപപ്പെടുന്നതിനു മുൻപേ തന്നെ, ദശലക്ഷക്കണക്കിനു വർഷങ്ങളായി ഇവ ഭൂമിയിലുണ്ട്. മറ്റു പല ജീവികള്‍ക്കും ഇതിനോടകം പരിണാമം സംഭവിച്ചെങ്കിലും അങ്ങനെ രൂപത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാത്ത ജീവി കൂടിയാണ് ടറാൻചൂള. കൊച്ചുകൂട്ടുകാർ സ്കൂളിൽ പരിണാമത്തെപ്പറ്റിയും കൗതുക ജീവികളെപ്പറ്റിയും പഠിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട എട്ടുകാലി വർഗത്തിലെ ജീവി കൂടിയാണിത്.
ടറാൻചൂള വിഭാഗത്തിൽ ഏകദേശം 700 ഇനം എട്ടുകാലികളുണ്ടെന്നാണു കണക്ക്. തെക്ക്, വടക്ക്, മധ്യ അമേരിക്കയിലെ മഴക്കാടുകളിലും ആഫ്രിക്കയിലുമെല്ലാം ഇവയെ കണ്ടെത്തിയിട്ടുണ്ട്. മണ്ണിൽ മാളം കുഴിച്ച് അതിലാണു ജീവിതം. കാഴ്ചയിൽ ഭീകരനാണെങ്കിലും മനുഷ്യനു കാര്യമായ ദോഷമൊന്നും ഇവയെക്കൊണ്ടു സംഭവിക്കാറില്ല. ഒരു തേനീച്ചയേക്കാളും വിഷം കുറവാണ് പല ടറാൻചൂള എട്ടുകാലികൾക്കും. പക്ഷേ കാട്ടിലൂടെ നടക്കുന്നതിനിടെ ഇവ ദേഹത്തുവന്നു വീണാൽ ആരായാലും അലറിക്കരഞ്ഞ് ഓടുമെന്നത് ഉറപ്പ്.
രാത്രിയിലാണ് ഇവ പ്രധാനമായും ഇര തേടുക. പാമ്പുകളെയും പല്ലികളെയും തവളകളെയും പക്ഷികളെയും തിന്നുന്ന ഗോലിയാത്ത് ടറാൻചൂളകളും കൂട്ടത്തിലുണ്ട്. പല നിറത്തിലുമുണ്ട് ഇവ. പക്ഷേ കൂട്ടത്തിൽ ഏറ്റവും കിടിലൻ നിറമുള്ള ടറാൻചൂള ഇന്ത്യയിലാണെന്ന കാര്യം കൂട്ടുകാർക്കറിയാമോ? തെക്കേ ഇന്ത്യയിലെ കാടുകളിൽ കണ്ടെത്തിയ നീല ടറാൻചൂളകളാണ് ആ താരങ്ങൾ. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. Poecilotheria ജീനസിൽ ഉൾപ്പെടുന്ന ടറാൻചൂളകളെല്ലാം പ്രത്യേകതരം നിറങ്ങൾക്കു പ്രശസ്തമാണ്. എന്നാല്‍ Poecilotheria metallica എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നവയാണു കൂട്ടത്തിൽ കേമൻ. അവയുടെ അസാധാരണ നീല നിറംതന്നെ കാരണം.
ഇന്ദ്രനീലക്കല്ലിന്റെ നീലനിറത്തിനു സമാനമാണ് ഇവയുടെ നിറമെന്നാണ് ഗവേഷകർ പറയുന്നത്. ആന്ധ്രപ്രദേശിലെ ഗൂട്ടിയിലാണ് നീല ടറാൻചൂളയെ ആദ്യമായി കണ്ടെത്തുന്നത്. അതിനാൽത്തന്നെ ‘ഗൂട്ടിയിലെ ഇന്ദ്രനീലക്കല്ല് പതിപ്പിച്ച ആഭരണം’ എന്ന വിശേഷണവും ഇവയ്ക്കുണ്ട്. എന്നാൽ യഥാർഥത്തിൽ ഇവയ്ക്ക് പൂർണമായും നീല നിറമല്ലെന്നും ഓരോരുത്തരും കാണുന്ന ആംഗിൾ അനുസരിച്ചു നിറം മാറിത്തോന്നുന്നതാണെന്നും ഗവേഷകർ പറയുന്നു. മയിലുകളിലും ചിലയിനം തുമ്പികളിലും ഈ നിറംമാറ്റം സംഭവിക്കാറുണ്ട്. ‘പീകോക്ക് ടറാൻചൂള’ എന്നും ഈ എട്ടുകാലിക്കു പേരുണ്ട്.
പൂർണ വളര്‍ച്ചയെത്തിയാൽ ഒരു നീല ടറാൻചൂളയ്ക്ക് 15–20 സെ.മീ വ്യാസമുണ്ടാകും. ബംഗാളിലെയും തെക്കേ ഇന്ത്യയിലെയും ഉഷ്ണ മേഖല കാടുകളാണു പ്രധാന ആവാസ കേന്ദ്രം. 12 വർഷം വരെ ജീവിക്കും. എന്നാൽ വനനശീകരണം ശക്തമായതോടെ ഇവയുടെ നിലനിൽപും ഭീഷണിയിലാണ്. മനുഷ്യർക്ക് അത്ര ഭീഷണിയില്ലെങ്കിലും മറ്റു ജീവികളെ സംബന്ധിച്ചിടത്തോളം കനത്ത വിഷമാണ് ഇവ പുറത്തിവിടുന്നത്. മനുഷ്യരിൽതന്നെ കടിയേറ്റ ഭാഗത്ത് വേദനയും തലവേദനയും ഒരാഴ്ചയോളം അമിത വിയർപ്പും സംഭവിക്കുമെന്നും പറയുന്നു. കാഴ്ചയിലെ ഭംഗി കാരണം 1990കളിൽ ഇവയെ വളർത്തുജീവിയായി കയറ്റുമതി വരെ ചെയ്തിട്ടുണ്ട്. എന്നാൽ വംശനാശഭീഷണി വന്നതോടെ അതു നിർത്തി. 2008 മുതൽ, അതീവ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണിവ.