ഇന്ത്യയുടെ ചരിത്രം മാറ്റിമറിച്ച അധ്യാപകനും ശിഷ്യരും
ബംഗാൾ പ്രവിശ്യയിലെ ജെസ്സോർ ജില്ലയിലുള്ള രാരുളിയിൽ 1861 ഓഗസ്‌റ്റ് രണ്ടിനാണ് അദ്ദേഹം ജനിച്ചത്. ബ്രഹ്‌മസമാജത്തോട് ആഭിമുഖ്യം പുലർത്തിയ ജന്മികുടുംബമായിരുന്നു അത്. കൽക്കട്ടയിലെ മെട്രൊപ്പൊലിറ്റൻ കോളജിൽ നിന്നു ഡിപ്ലോമ നേടിയ ശേഷം സ്‌കോളർഷിപ്പോടെ ഇംഗ്ലണ്ടിൽ നിന്നു ഡോക്‌ടറേറ്റ് നേടി. തിരിച്ചെത്തിയ അദ്ദേഹം കൽക്കട്ട പ്രസിഡൻസി കോളജിൽ അധ്യാപകനായി. മനസ്സില്ലാ മനസ്സോടെയാണ് ബ്രിട്ടിഷുകാർ അദ്ദേഹത്തിനു ജോലി കൊടുത്തത്. വെള്ളക്കാർ കയ്യടക്കിവച്ച തസ്‌തികയായിരുന്നെങ്കിലും റേയുടെ യോഗ്യത അവർക്ക് അവഗണിക്കാനാവുമായിരുന്നില്ല. എന്നിട്ടും ഇന്ത്യക്കാരനായതിന്റെ പേരിൽ കുറഞ്ഞ ശമ്പളമാണ് നൽകിയത്.
ബോസ്-ഐൻസ്റ്റൈൻ സമീകരണത്തിലൂടെ പ്രശസ്‌തനായ സത്യേന്ദ്രനാഥബോസും പോൾ ഡിറാക്-സാഹ സൂത്രവാക്യത്തിലൂടെ ശ്രദ്ധേയനായ മേഘനാദ് സാഹയുമെല്ലാം പ്രസിഡൻസി കോളജിൽ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. ‘ഐൻസ്റ്റൈനെ ഫോട്ടോൺ എണ്ണാൻ പഠിപ്പിച്ചയാൾ’ എന്നാണ് ജോൺ ഗ്രിബ്ബിൻ ഒരിക്കൽ സത്യേന്ദ്രനാഥ് ബോസിനെ വിശേഷിപ്പിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസായിരുന്നു മറ്റൊരു പ്രിയ ശിഷ്യൻ. വടക്കൻ ബംഗാളിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ദുരിതബാധിതരെ സഹായിക്കാനായി അദ്ദേഹം ബോസിനെ അയച്ചു. നേതാജി ഇക്കാര്യം തന്റെ ഡയറിയിൽ കുറിച്ചിരുന്നു.
‘ശാസ്‌ത്രത്തിനു കാത്തുനിൽക്കാം, പക്ഷേ സ്വരാജിനു കാത്തുനിൽക്കാനാവില്ല’ എന്നു പ്രഖ്യാപിച്ചുകൊണ്ട് റേ സ്വാതന്ത്യ്രപ്പോരാട്ടത്തിന് ഇറങ്ങി. ഗവേഷണത്തിലൂടെയും വ്യവസായ സംരംഭങ്ങളിലൂടെയും വിദേശഭരണത്തെ ചെറുക്കാനായിരുന്നു ശ്രമം. ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്‌ഥാപിച്ചുകൊണ്ട് ഈ ദിശയിൽ അദ്ദേഹം ഏറെ മുന്നോട്ടുപോയി. ശാസ്‌ത്രപാഠങ്ങൾ മാത്രമല്ല, സാമൂഹികനീതിയുടെ പാഠങ്ങളും അദ്ദേഹം വിദ്യാർഥികൾക്കു പകർന്നുനൽകി. അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും പോരാടി. തൊട്ടുകൂടായ്‌മയ്‌ക്കെതിരെ കലഹിച്ച റേ വിധവാ വിവാഹത്തെ പിന്തുണച്ചിരുന്നു. 1944 ജൂൺ 16ന് ആചാര്യ പി.സി.റേ ഓർമയായി.
ഡോ. എസ്. രാധാകൃഷ്ണൻ
നമ്മുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച തത്വചിന്തകനുമായ ഡോ. എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണല്ലോ അധ്യാപക ദിനമായി ആചരിക്കുന്നത്. ‘തത്വജ്ഞാനികളുടെ രാജാവ് ’ എന്നാണ് ബർട്രാൻഡ് റസ്സൽ ഡോ. രാധാകൃഷ്ണനെ വിശേഷിപ്പിച്ചത്. ചിന്തകൻ, വാഗ്മി, തന്ത്രജ്ഞനായ അംബാസഡർ, അധ്യാപക പ്രതിഭ, ഭരണനിപുണൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു.
1888 സെപ്റ്റംബർ അഞ്ചിന് തമിഴ്നാട്ടിലെ തിരുത്തണി എന്ന ഗ്രാമത്തിലാണ് രാധാകൃഷ്ണൻ ജനിച്ചത്. മദ്രാസ് പ്രസിഡൻസി കോളജ്, കൽക്കട്ട കോളജ്, ഓക്സ്ഫഡിലെ മാഞ്ചസ്റ്റർ കോളജ് എന്നിവിടങ്ങളിൽ അധ്യാപകൻ, ആന്ധ്ര സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല എന്നിവയുടെ വൈസ് ചാൻസലർ, ലീഗ് ഓഫ് നേഷൻസ് അംഗം, ഇന്ത്യൻ സർവകലാശാല കമ്മിഷൻ ചെയർമാൻ, യുനെസ്കോയിലെ ഇന്ത്യൻ പ്രതിനിധി, സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ സ്ഥാനപതി ഇങ്ങനെ 1952ൽ ഉപരാഷ്ട്രപതിയാകുന്നതിനു മുൻപ് ഡോ. രാധാകൃഷ്ണൻ വഹിച്ചിരുന്ന സ്ഥാനങ്ങൾ ഒട്ടേറെ.