ദേഷ്യം വന്നാൽ പച്ചനിറമാകും, രണ്ട് മീറ്റർ പൊക്കം; കുട്ടികളുടെ ജീവനാണ് ഹൾക്ക്
തയാറാക്കിയത്: അശ്വിൻ നായർ
ലോകമെമ്പാടും ആരാധകരുള്ള സൂപ്പർഹീറോ കൂട്ടമാണ് അവഞ്ചേഴ്സ്. 26നാണ് ഇവരുടെ പുതിയ ചിത്രം ‘എൻഡ്ഗെയിം’ റിലീസ്. അവഞ്ചേഴ്സിലെ പ്രമുഖരെ
പരിചയപ്പെടാം
തോർ
അവഞ്ചേഴ്സിലെ ഏറ്റവും കരുത്തൻ. അസ്ഗാർഡ് നഗരത്തിന്റെ അധിപനും നോഴ്സ് ദേവനുമായ ഓഡിന്റെ മകൻ. ഓഡിന്റെ ദത്തുപുത്രനായ ലോകിയാണു തോറിന്റെ പ്രധാന എതിരാളി.
പ്രത്യേകതകൾ
കഠിനശരീരം, സാധാരണ ആഘാതങ്ങളിലൊന്നും തോർ തളരില്ല. അതിമാനുഷനാണ് തോർ, ഒട്ടേറെ യുദ്ധമുറകളും നന്നായി അറിയാം.
യോനീർ
ആർക്കും തടുക്കാനാകാത്ത തോറിന്റെ ചുറ്റിക
നക്ഷത്രത്തിൽ നിർമിച്ചത്.
ശക്തമായ ഊർജവും കാറ്റും പുറത്തുവിടാൻ യോനീറിന് കഴിയും.
എറിഞ്ഞു കഴിഞ്ഞാൽ കൃത്യം നിർവഹിച്ച ശേഷം യോനീർ തോറിന്റെ കയ്യിൽ തന്നെ തിരികെയെത്തും.
അയൺമാൻ
അവഞ്ചേഴ്സിലെ സൂപ്പർ എൻജിനീയർ. പേര് ടോണി സ്റ്റാർക്ക്. നെഞ്ചിലേറ്റ ക്ഷതം മൂലമാണ് പ്രത്യേക സ്യൂട്ട് സ്റ്റാർക്ക് ധരിക്കുന്നത്. ഇതോടെ അയൺമാനായി മാറി. അവഞ്ചേഴ്സിലെ ഏറ്റവും ആരാധകരുള്ള കഥാപാത്രം.
ആര്‍ക് റിയാക്ടർ
ക്ഷതത്തിൽ നിന്നും ടോണിയുടെ ഹൃദയത്തെ രക്ഷിച്ച ഉപകരണം. അയൺമാൻ സ്യൂട്ടുകളുടെ ഊർജസ്രോതസ്സും ഇതുതന്നെ.പലേഡിയം ലോഹത്തിൽ നിർമിച്ചതാണ് ഇതിന്റെ ആദ്യ പതിപ്പ്.
അയൺമാൻ സ്യൂട്ട്
മാർക് വൺ എന്നായിരുന്നു ടോണി ആദ്യം നിർമിച്ച സ്യൂട്ടിന്റെ പേര്. ടൈറ്റാനിയത്തിൽ നിർമിച്ച സ്യൂട്ടിന് മണിക്കൂറില്‍ 2500 കിലോമീറ്റർ വേഗത്തിൽ പറക്കാം. ഈ സ്യൂട്ട് പിന്നീട് പരിഷ്കരിച്ചു
സ്റ്റാർക് ഇൻഡസ്ട്രീസ്
കോടികളുടെ ടേൺഓവറുള്ള സ്റ്റാർക് ഇൻഡസ്ട്രീസ് കമ്പനിയുടെ മേധാവിയാണ് ടോണി. 1939ൽ ടോണിയുടെ പിതാവ് ഹോവഡ് സ്റ്റാർക്കാണ് ഈ കമ്പനി
സ്ഥാപിച്ചത്.
ഷീൽഡ്
ടോണി സ്റ്റാർക്കിന്റെ അച്ഛൻ ഹോവഡ് സ്റ്റാർക്ക് നിർമിച്ചതാണ് ഷീൽഡ്. വൈബ്രേനിയം എന്ന സാങ്കൽപിക ലോഹം ഉപയോഗിച്ച് നിർമിച്ച ഈ ഷീൽഡിനു പലതരം ആയുധങ്ങളിൽ നിന്നുള്ള ആഘാതം തടയാനുള്ള കെൽപുണ്ട്.
ക്യാപ്റ്റൻ അമേരിക്ക
സൂപ്പർ സോൾജിയർ സെറം എന്ന പ്രത്യേകമരുന്ന് കുത്തിവച്ചതോടെയാണു സ്റ്റീവ് റോജേഴ്സ് എന്ന സാധാരണ യുവാവ് ക്യാപ്റ്റൻ അമേരിക്കയായി മാറിയത്. രണ്ടാം ലോകമഹായുദ്ധകാലത്താണു ക്യാപ്റ്റൻ അമേരിക്കയുടെ ഉദയം. സെറത്തിന്റെ ഫലമായി അതിമാനുഷ കരുത്തും സ്റ്റാമിനയും ക്യാപ്റ്റൻ അമേരിക്കയ്ക്കു ലഭിച്ചു. വെടിയുണ്ടകളെക്കാൾ വേഗത്തില്‍ ഓടാൻ ക്യാപ്റ്റനു
നിഷ്പ്രയാസം കഴിയും.
സൂപ്പർവില്ലൻ താനോസ്
അവഞ്ചേഴ്സിലെ ഏറ്റവും ശക്തനായ വില്ലൻമാരിലൊരാൾ. ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ താമസിക്കുന്ന എറ്റേണൽ ഗോത്രത്തിലാണു താനോസിന്റെ ജനനം. അതിനാൽ താനോസിനു മരണമില്ല. താനോസ് പൂർണശക്തി നേടുന്നതും ലോകത്തിലെ പകുതിപ്പേരുടെ ജീവനെടുക്കുന്നതുമാണു മാർവലിന്റെ അവസാനം പുറത്തിറങ്ങിയ അവഞ്ചേഴ്സ് ചിത്രമായ ഇൻഫിനിറ്റി വാറിന്റെ ക്ലൈമാക്സ്.
ക്യാപ്റ്റൻ മാർവൽ
അവഞ്ചേഴ്സ് സിനിമാപരമ്പരയിൽ അധികം തലകാണിച്ചിട്ടില്ലെങ്കിലും അടുത്ത ചിത്രമായ എൻഡ്ഗെയിമിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്ന കഥാപാത്രമാകും ക്യാപ്റ്റൻ മാർവൽ അഥവാ കരോൾ ഡെൻവേഴ്സ്. അതിമാനുഷ കരുത്തുള്ള വനിത. ശബ്ദത്തിന്റെ ആറിരട്ടി വേഗത്തിൽ പറക്കാനുള്ള കഴിവും ഏഴാമിന്ദ്രിയവും ഇതിൽപ്പെടും.
ഹൾക്ക്
ആണവശാസ്ത്രം അരച്ചുകലക്കിക്കുടിച്ച ഡോ. ബ്രൂസ് ബാനർക്ക് ഗാമാ വികിരണം ഏറ്റതോടെ ഒരു പ്രശ്നം സംഭവിച്ചു. പിന്നീട് ദേഷ്യപ്പെടുമ്പോളൊക്കെ പച്ചനിറമുള്ള
ഭീമാകാരജീവിയായി ബ്രൂസ് മാറി. പ്രശസ്തനായ ഹൾക്കിന്റെ ജനനം അങ്ങനെയാണ്. ഹൾക്ക് എന്ന കഥാപാത്രം കണ്ണുംമൂക്കുമില്ലാതെ പ്രവർത്തിക്കുന്ന ഒന്നാണെങ്കിലും ഹൾക്കിന്റെ അപരവ്യക്തിത്വമായ ബ്രൂസ് ബാനർ അങ്ങനെയല്ല. ഒരു ബുദ്ധിപരീക്ഷയ്ക്കും അളക്കാനൊക്കാത്ത ഐക്യു നിലവാരമാണ്
ബ്രൂസിനുള്ളത്.
പ്രത്യേകതകൾ
രണ്ട് മീറ്ററിലധികമാണ് ഹള്‍ക്കിന്റെ പൊക്കം.
ഹൾക്ക് ആയിക്കഴിഞ്ഞാൽ തൊലിക്കട്ടി കൂടുന്നതിനാൽ സാധാരണ വെടിയുണ്ടകൾക്കൊന്നും ബ്രൂസിനെ തൊടാൻ സാധിക്കില്ല.
അമിതവേഗത്തിൽ ചാടിയോടാൻ ഹൾക്കിന് പ്രത്യേക കഴിവാണ്.
തന്നെയുമല്ല നല്ല ദേഷ്യത്തിലാണെങ്കിൽ ഒരു ചെറിയ മലയൊക്കെ പൊക്കിയെടുത്ത് എറിയുന്നത് നിസാരമാണ്
Summary : Avengers, Iron Man, Hulk, Caption America, Caption Marvel