ഹിറ്റലറുടെ ക്രൂരതകൾക്ക് ഇരയായി ആൻ, ആ കഥ ലോകത്തോടു പറഞ്ഞ് ‘കിറ്റി’
തയാറാക്കിയത്: ഐറിൻ എൽസ ജേക്കബ്.
ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരികളിലൊരാളായ ഹിറ്റ്ലറുടെ ചെയ്തികളെപ്പറ്റി ലോകത്തോടു പറഞ്ഞു കൊടുത്തത് ആരെന്നറിയുമോ? ‘കിറ്റി’. ഡയറിക്കുറിപ്പുകളിലൂടെ ലോകപ്രശസ്തയായ ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ പ്രിയ കൂട്ടുകാരിയായിരുന്ന ഡയറി. പതിമൂന്നാം ജന്മദിനത്തിൽ ആനിന് അച്ഛൻ സമ്മാനിച്ച ഡയറിയാണ് ലോകത്തെ പിടിച്ചുലച്ച ചരിത്ര രേഖയായത്.
1929 ജൂൺ 12ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലായിരുന്നു ആൻഫ്രാങ്കിന്റെ ജനനം. ജർമനിയിൽ നാത്‌സി പാർട്ടി വളരുകയും ജൂതവിദ്വേഷം ശക്തമാവുകയും ചെയ്തതോടെ മറ്റനേകം ജൂത കുടുംബങ്ങൾക്കൊപ്പം ആൻ ഫ്രാങ്കിനും കുടുംബത്തിനും വീടും നാടും ഉപേക്ഷിച്ച് പോകേണ്ടി വന്നു. ആൻ ഫ്രാങ്കിന് 4 വയസ്സുള്ളപ്പോൾ കുടുംബം ഹോളണ്ടിലേക്കു ചേക്കേറി. ജർമൻ പട്ടാളം അവിടം കീഴടക്കുന്നതു വരെയേ അവരുടെ സന്തോഷം നീണ്ടു നിന്നുള്ളൂ. പട്ടാളത്തിന്റെ നിയന്ത്രണം ശക്തമായതോടെ ആനിനും ചേച്ചിക്കും ജൂത വിദ്യാർഥികൾക്കു മാത്രമായുള്ള സ്കൂളിലേക്കു മാറേണ്ടി വന്നു. അച്ഛന്റെ വ്യാപാരവും മുടങ്ങി.ജൂത വംശത്തിൽ പെട്ടവരെ തിരഞ്ഞു പിടിച്ചു ഹിറ്റ്ലറുടെ പട്ടാളം ‘കോൺസൻട്രേഷൻ ക്യാംപു’കളിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയതോടെ ആനിനും കുടുംബത്തിനും ഒളിച്ചു താമസിക്കാതെ വഴിയില്ലെന്നായി.
നെഞ്ചുലയ്ക്കുന്ന കഥകൾ
അച്ഛൻ ഓട്ടോ ഫ്രാങ്ക് ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ മുകളിൽ ബുക്ക് ഷെൽഫ് കൊണ്ടു മറച്ച രണ്ട് ചെറിയ അറകളായിരുന്നു അവരുടെ ഒളിത്താവളം. അവിടെ വച്ചാണ് ആനിന് തന്റെ പ്രിയപ്പെട്ട ‘കിറ്റി’യെ കിട്ടുന്നത്. സ്വാതന്ത്ര്യമില്ലാത്ത ആ ഇടുങ്ങിയ ലോകത്തിരുന്ന് ആൻ വിശേഷങ്ങളെല്ലാം കിറ്റിയെന്ന ഡയറിക്കൂട്ടുകാരിയോട് പറഞ്ഞു തുടങ്ങി. പട്ടിണി കൊണ്ടു ബുദ്ധിമുട്ടുന്ന ജീവിതം, പട്ടാളം ഒളിത്താവളം കണ്ടെത്തുമോയെന്ന ഭയം, അമ്മയോടും ചേച്ചിയോടുമുള്ള പിണക്കങ്ങൾ, അറയ്ക്കുള്ളിലെ എലിക്കുഞ്ഞുങ്ങൾ.. എല്ലാറ്റിനുമുപരി അടുത്ത ഒക്ടോബറിലെങ്കിലും സ്കൂളിൽ പോയി പഠിക്കാനാകുമെന്ന മോഹം. ഇതെല്ലാം ആൻ ഡയറിയിൽ കുറിച്ചിട്ടു. പുറത്തേക്കിറങ്ങാനാവാതെ കഴിഞ്ഞ കാലത്ത് ഡയറിയായിരുന്നു അവളുടെ ആശ്വാസം. ചിന്തകളും വികാരങ്ങളും എഴുതി വയ്ക്കാൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ ഞാൻ ശ്വാസംമുട്ടി മരിക്കുമായിരുന്നു എന്ന് ആൻ ഡയറിയിൽ എഴുതി.
പക്ഷേ, ആനിന്റെ പ്രതീക്ഷകളൊന്നും നടന്നില്ല. 1944 ൽ ജർമൻ പട്ടാളത്തിന്റെ പിടിയിലകപ്പെട്ട് കോൺസൻട്രേഷൻ ക്യാംപിൽ അടിമപ്പണിക്ക് നിയോഗിക്കപ്പെടുമ്പോൾ 15 വയസ്സ് മാത്രമായിരുന്നു ആനിന്റെ പ്രായം. ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ ടൈഫസ് രോഗം ബാധിച്ച് അവൾ മരണത്തിനു കീഴടങ്ങി.
മരണശേഷം ഒളിത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ആനിന്റെ ഡയറിക്കുറിപ്പുകൾ കണ്ടെത്തിയത്. വംശീയ വിദ്വേഷത്തിന്റെ നേർച്ചിത്രങ്ങൾ പകര്‍ത്തിയ ആ കുറിപ്പുകൾ വൈകാതെ പ്രസിദ്ധീകരിക്കപ്പെട്ടു. ‘ഡയറി ഓഫ് എ യങ് ഗേൾ’ എന്ന പേരിൽ പ്രശസ്തമായ ആ കുറിപ്പുകൾ അറുപതിലേറെ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു.
ഡയറിയെഴുത്ത് ഒരു ചെറിയ കാര്യമല്ലെന്ന് മനസിലായില്ലേ? ദിവസവും പതിവ് തെറ്റാതെ ചെയ്യുന്ന കാര്യങ്ങളൊഴിച്ച് നിങ്ങളുടെ ചിന്തകളും കൊച്ചു കൊച്ചു നിരീക്ഷണങ്ങളുമൊക്കെ എന്നും എഴുതിവച്ചാലോ? പ്രിയപ്പെട്ട ഡയറിക്ക് ഒരു പേരുമിടാം. എന്ത് രസമായിരിക്കുമല്ലേ. മറന്നു പോയ വിശേഷങ്ങളെല്ലാം നമ്മൾ മറന്നാലും ഡയറി മറക്കുകയുമില്ല. കഥയും കാര്യവുമൊക്കെ പറയാൻ കൈക്കുമ്പിളിൽ ഒരാൾ!