കിലോഗ്രാമിന് 25,000 രൂപയുള്ള സിവെറ്റ് കോഫി!,  History, Tea, Coffee, Civet coffee, Manorama Online

കിലോഗ്രാമിന് 25,000 രൂപയുള്ള സിവെറ്റ് കോഫി!

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ട് പാനീയങ്ങളാണ് കാപ്പിയും ചായയും. ഇവയെക്കുറിച്ച് കൂടുതലറിയാം.

കാപ്പി
റൂബിയേസി സസ്യകുടുംബത്തിൽപെടുന്ന കാപ്പിയുടെ ശാസ്ത്ര നാമം കോഫിയ അറബിക്ക (Coffea Arabica). ജന്മദേശം ഇത്യോപ്യയിലെ കാഫ്ഫാ (Kaffa). കോഫി എന്ന പേര് കാഫ്ഫായിൽ നിന്നാണു വന്നത്. കാപ്പിയിലെ ആൽക്കലോയ്ഡ് കഫീൻ (Cafeine).

പേരുകൾ
ചൈനയിൽ കയ്ഫെ (Kai Fey), ജപ്പാനിൽ കേഹി (Kehi), ഫ്രാൻസിൽ കഫേ (Cafe), ജർമനിയിൽ കഫീ (Kaffee).

ചിക്കറി
ചിക്കറി ചേർത്ത കാപ്പിയാണ് ഫ്രഞ്ച് കാപ്പി. കമ്പോസിറ്റെ സസ്യവംശത്തിൽപെട്ട ചിക്കറിയുടെ ശാസ്ത്രീയനാമം സിക്കോറിയം ഇന്റിബസ് (Cichorium Intybus). ഇതിന്റെ കിഴങ്ങ് പൊടിച്ച് കാപ്പിപ്പൊടിയിൽ ചേർക്കും.

യെമൻ വഴി ഇന്ത്യയിൽ
യെമനിൽനിന്ന് ബാബാബുദാൻ എന്ന സഞ്ചാരിയാണ് ഇന്ത്യയിലേക്ക് 1670–ൽ കാപ്പിച്ചെടികൾ കൊണ്ടുവന്നതെന്നു കരുതുന്നു. കർണാടകയിലെ ചിക്കമഗളൂരുവിലാണ് അന്ന് കാപ്പി നട്ടുവളർത്തിയത്.

ഭൗമസൂചികാപദവി
അടുത്ത കാലത്ത് ഭൗമസൂചികാ പദവി ലഭിച്ച കാപ്പിയാണ് വയനാടൻ റോബസ്റ്റ. കർണാടകയിലെ കൂർഗ് അറബിക്ക, ചിക്കമഗളൂരുവിലെ അറബിക്ക, വിശാഖപട്ടണത്തെ അരക്കുവാലി അറബിക്ക എന്നിവയ്ക്കും ഇതോടൊപ്പം ഈ നേട്ടം ലഭിച്ചു.

സിവെറ്റ് കോഫി
ഒരുതരം മരപ്പട്ടിയാണ് സിവെറ്റ്. പഴുത്ത കാപ്പിക്കുരു ഇവ ഭക്ഷിക്കും. അതിന്റെ വിസർജ്യത്തിൽ ദഹിക്കാതെ വരുന്ന കാപ്പിക്കുരു സംസ്കരിച്ചെടുത്ത് ഉണ്ടാക്കുന്നതാണ് സിവെറ്റ് കോഫി. കാപ്പിക്കുരു ഇവയുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ കടന്നുവരുമ്പോൾ സവിശേഷ ഫ്ലേവറുണ്ടാകുന്നതാണ് ഈ കാപ്പിയുടെ പ്രത്യേകത. കർണാടകയിലെ കൂർഗിൽ ഇത് ഉൽപാദിപ്പിക്കുന്നുണ്ട്. കൂർഗ് ലുവാക് കോഫി എന്നാണു പേര്. കിലോഗ്രാമിന് 25,000 രൂപവരെയാണ് സിവെറ്റ് കോഫിയുടെ വില.

കൂടുതലാവണ്ട
ലോകത്ത് ഒരു ദിവസം 300 കോടി കപ്പ് കാപ്പി കുടിക്കുന്നു എന്നാണ് കണക്ക്. കഫീൻ പരിമിതമായ അളവിൽ കഴിച്ചാലാണ് ഉന്മേഷം ലഭിക്കുന്നത്. കൂടിയാൽ പ്രശ്നമാകും.

ചായ തന്നെ
ടേൺസ്ട്രോമിയേസി (Ternstroemiaceae) എന്ന സസ്യകുടുംബത്തിൽപെട്ട തേയിലയുടെ ശാസ്ത്രീയ നാമം കമേലിയ സൈനൻസിസ് (Camelia Sinensis) എന്നാണ്. ലോകത്ത് ഏറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന പാനീയമാണ് ചായ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2500 മീറ്റർവരെ ഉയരമുള്ള പ്രദേശങ്ങളാണ് തേയിലക്കൃഷിക്ക് അഭികാമ്യം.

മൂന്ന് തരം
വ്യാവസായികാടിസ്ഥാനത്തിൽ തേയിലയെ മൂന്നായി തിരിച്ചിരിക്കുന്നു. കറുത്ത തേയില (Black Tea) യാണ് ഏറ്റവും കൂടുതൽ. ആകെ തേയില ഉൽപാദനത്തിന്റെ 76%. സാധാരണയായി നാം കുടിക്കാനുപയോഗിക്കുന്നത് ഇതാണ്. തേയില പൂർണമായും കിണ്വനം (Fermentation) നടത്താതെ പച്ചനിറത്തിലുള്ളതാണ് പച്ചത്തേയില (Green Tea). ഊലോങ് ചായ (Oolong Tea) ഇവയ്ക്കു രണ്ടിനും ഇടയിൽ വരും. ഇതും ഭാഗികമായി സംസ്കരിച്ചതാണ്.

ഷെൻനോങ്
ചൈനീസ് ചക്രവർത്തിയായിരുന്ന ഷെൻനോങ്ങിന്റെ കാലത്താണു ചായ കണ്ടുപിടിച്ചതെന്നു പറയപ്പെടുന്നു. വെള്ളം തിളപ്പിച്ചുകൊണ്ടിരുന്നപ്പോൾ അതിൽ ഒരില പറന്നുവന്നു വീണു. വെള്ളം തവിട്ടു നിറത്തിലുമായി. ഈ വെള്ളം അൽപം രുചിച്ചപ്പോൾ ചക്രവർത്തിക്കു തോന്നിയ സവിശേഷതയാണത്രേ ചായയുടെ പിറവിക്കു പിന്നിൽ. ചായ പിന്നീട് ജപ്പാനിലെത്തി. തേയിലയ്ക്കു ജപ്പാനിൽ ഏറെ പ്രചാരം നൽകിയ യെയ്സൂ എന്ന സെൻ ബുദ്ധിസ്റ്റിനെ ‘തേയിലയുടെ പിതാവാ’യി വിശേഷിപ്പിക്കുന്നു.

സിൽവർ ടിപ്സ്
ചില പ്രത്യേകതരം തേയിലച്ചെടികളിൽ അനുയോജ്യമായ തണുപ്പും കാലാവസ്ഥയും ഒത്തുവരുമ്പോൾ അതിന്റെ കൊളുന്തിനും ചില സവിശേഷതയുണ്ടാവും. ഇത്തരം ഒരിനമാണ് സിൽവർ ടിപ്സ്. കിലോഗ്രാമിന് 15000 രൂപവരെയാണ് ഇതിന്റെ വില. ഈ തേയില കൊളുന്തുകൾ ഉണക്കുമ്പോൾ വെള്ളിനിറമുണ്ടാകുന്നതുകൊണ്ടാണ് ഇവയെ സിൽവർ ടിപ്സ് എന്നു വിളിക്കുന്നത്. മറ്റൊരു സവിശേഷ തേയിലയാണ് ബ്ലാക്ട്വിർ.

അമേരിക്ക മുന്നിൽ
കാപ്പി ഉപഭോഗത്തിൽ ലോകത്ത് അമേരിക്കയാണു മുന്നിൽ. ഉൽപാദനത്തിൽ അഞ്ചിൽ നാലു ഭാഗവും മധ്യ, തെക്കേ അമേരിക്കയിലാണ്. കാപ്പി ഉൽപാദനത്തിൽ മുന്നിലുള്ള രാജ്യം ബ്രസീൽ. ഇന്ത്യയ്ക്ക് 6–ാം സ്ഥാനം. ഇന്ത്യയിൽ കർണാടകത്തിലാണ് കൂടുതൽ കാപ്പികൃഷി. രണ്ടാം സ്ഥാനത്തു കേരളവും തമിഴ്നാടും. കേരളത്തിൽ വയനാടാണ് കാപ്പികൃഷിയിൽ മുന്നിൽ.

മുന്നിൽ ഇന്ത്യ
ലോകത്ത് തേയില ഉൽപാദനത്തിൽ മുന്നിലുള്ള രാജ്യം ഇന്ത്യയാണ്. ചൈന, ശ്രീലങ്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും തേയില ഉൽപാദനവും കയറ്റുമതിയും ഉണ്ട്. ഇന്ത്യയിൽ കേരളം, അസം എന്നിവിടങ്ങളിലാണ് മുഖ്യമായും കൃഷി ചെയ്യുന്നത്.