ഭക്ഷണച്ചെലവ് 248 കോടി, സ്നേക്ക് വൈൻ, 61 കോടിയുടെ വാച്ചുകൾ; കിമ്മിന്റെ ശീലങ്ങൾ
അൻസു അന്ന ബേബി
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വാർത്ത വായിക്കുമ്പോൾ ആകെ നിഗൂഢത ഫീൽ ചെയ്യാറില്ലേ? ലേശം ക്ഷീണത്തിലാണെന്ന വാർത്തകൾക്കൊപ്പം കിമ്മിന്റെ ശീലങ്ങളും ചൂടൻ ചർച്ചയാണ്.
കിമ്മിന്റെ ഒരു വർഷത്തെ ഭക്ഷണച്ചെലവ് എത്രയെന്നോ; 248 കോടി രൂപ! സ്നേക്ക് വൈൻ, ഡെൻമാർക്കിലെ പന്നിയിറച്ചി, ചൈനയിലെ തണ്ണിമത്തൻ, ജപ്പാനിലെ മത്സ്യം, സ്വീഡനിലെ വെണ്ണ തുടങ്ങിയവയാണ് ഇഷ്ടവിഭവങ്ങൾ. 2016ൽ ബ്രസീലിൽനിന്നു കാപ്പിപ്പൊടി എത്തിക്കാൻ ചെലവിട്ടത് 65 കോടി.
ഏകദേശം 48 ലക്ഷം രൂപയുടെ മുപ്പതിലേറെ പിയാനോകളും 61 കോടി രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകളും കിമ്മിനുണ്ട്.
ഉത്തര കൊറിയയിൽ പൊണ്ണത്തടി കോടീശ്വരൻമാരുടെ ലക്ഷണമായി കരുതുന്നതിനാൽ കിം ബോധപൂർവം ശരീരഭാരം കൂട്ടുന്നതാണെന്നു പറയുന്നു. 2016ൽ 130 കിലോ ആയിരുന്നു ഭാരം.
ക്രൂരമായ ശിക്ഷാ നടപടികൾക്കു കുപ്രസിദ്ധനാണ് കിം. വീട്ടിലുണ്ടായ തീപിടിത്തത്തിൽ തന്റെ ഫോട്ടോ നശിച്ചെന്നാരോപിച്ച് ഒരു കുടുംബത്തെ മുഴുവൻ കിം തൂക്കിക്കൊന്നെന്നു റിപ്പോർട്ടുണ്ടായിരുന്നു. തന്റെ പിതാവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാത്ത ഉത്തര കൊറിയക്കാരെ 6 മാസമാണ് കിം ലേബർ ക്യാംപിൽ തടവിനു ശിക്ഷിച്ചത്. ദക്ഷിണ കൊറിയൻ ടിവി ചാനൽ കണ്ടതിനു 2 വർഷത്തിനിടെ തൂക്കിക്കൊന്നത് 130 പേരെ.
ഉത്തര കൊറിയയിൽ എന്തിനുമേതിനും വിലക്കാണ്. ഇന്റർനെറ്റ് ഉപയോഗിക്കരുത്, വിദേശപത്രങ്ങൾ വായിക്കരുത്, രാഷട്രത്തലവന്റെ ചിത്രമുള്ള ഒരു വസ്തുവും മടക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്... പട്ടിക നീളുന്നു. ബ്ലൂ ജീൻസിനും വിലക്കുണ്ട്; അമേരിക്കൻ ഫാഷനാണത്രെ!