മൂർഖൻതലകൾ ചേർത്തുവച്ച മോതിരം; നിധിപ്പെട്ടിയിൽ ഒളിച്ചിരുന്ന രഹസ്യങ്ങൾ
കൂട്ടുകാർ സ്നേട്ടിഷേം നിധിപ്പെട്ടിയെപ്പറ്റി കേട്ടിട്ടുണ്ടോ? വർഷങ്ങൾ പഴക്കമുള്ള ഒരു നിധിയാണത്. കൃത്യമായിപ്പറഞ്ഞാൽ എഡി 155ൽ ഒരു ആഭരണ നിർമാതാവ് ഉപയോഗിച്ചതെന്നു കരുതുന്ന പെട്ടി. 1985ലാണ് ഇത് ഇംഗ്ലണ്ടിലെ സ്നേട്ടിഷേമിനടുത്ത് നോർഫക് ഗ്രാമത്തിൽ നിന്നു കണ്ടെത്തുന്നത്. പുരാവസ്തു ഗവേഷകരെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന കണ്ടെത്തലായിരുന്നു അത്. ഒരു കളിമൺ പാത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു പെട്ടി. ഏകദേശം 17.5 സെന്റിമീറ്ററായിരുന്നു പെട്ടിയുടെ ഉയരം. അതിനകത്തുണ്ടായിരുന്നതാകട്ടെ സ്വർണത്തിലും വെള്ളിയിലും തീർത്ത ആഭരണങ്ങളും പലതരം വിലയേറിയ രത്നക്കല്ലുകളും.
റൊമാനോ–ബ്രിട്ടിഷ് മാതൃകയിലുള്ള ആഭരണങ്ങളായിരുന്നു അവ. എഡി 43ൽ റോമാക്കാർ ബ്രിട്ടൻ ആക്രമിച്ചു കീഴ്പ്പെടുത്തിയിരുന്നു. ബ്രിട്ടനിൽ നിലനിന്നിരുന്നതും റോമാക്കാർ വഴി എത്തിയതുമായ നിർമാണരീതികൾ കൂട്ടിച്ചേർത്തു നിർമിച്ചതാണ് റൊമാനോ–ബ്രിട്ടിഷ് മാതൃകയിലുള്ള ആഭരണങ്ങൾ. വെള്ളിയിൽ തീർത്ത 82ഉം, ചെമ്പിൽ തീർത്ത 27ഉം നാണയങ്ങളായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. വിലയേറിയ കല്ലുകളിൽ പലതരം കൊത്തുപണികൾ നടത്തിയത് 117 എണ്ണം. ഇതോടൊപ്പം പലതരത്തിലുള്ള മോതിരങ്ങളും സ്വർണക്കഷ്ണങ്ങളും. ബ്രിട്ടിഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ഇവയെല്ലാം.
ഈ ആഭരണങ്ങൾ നിർമിച്ച അതേയാളിന്റെ കരവിരുതിൽ തീർത്ത മറ്റൊരു മോതിരമാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. രണ്ടു മൂർഖൻ പാമ്പിന്റെ തല ചേർത്തുവച്ച രൂപത്തിലുള്ള മോതിരമാണ് ബക്കിങ്ങാംഷയറിനു സമീപത്തു നിന്നു കണ്ടെത്തിയത്. ഇത്തരത്തിലുള്ള ആഭരണങ്ങള്‍ സ്നേട്ടിഷാമിലെ നിധിപ്പെട്ടിയിലും ധാരാളം കണ്ടെത്തിയിരുന്നു. ഏതോ പണക്കാരന്റെ മോതിരമാണിതെന്നാണു കരുതുന്നത്. കാരണം അന്നത്തെ കാലത്ത് പാമ്പിന്റെ ആകൃതിയിലുള്ള മോതിരം സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു. അതൊരു ആഭരണമായിട്ടല്ല മന്ത്രത്തകിടായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്.
പാമ്പുകൾക്കു പ്രത്യേക കഴിവുണ്ടെന്നും ‘പോസിറ്റീവ് എനർജി’ നല്‍കാനാകുമെന്നെല്ലാം അന്നുള്ളവർ കരുതിയിരുന്നത്. രോഗങ്ങൾ മാറാനും പുനർജനിക്കാനുമെല്ലാം ഇതു സഹായിക്കുമെന്നായിരുന്നു വിശ്വാസം. ഇതനുസരിച്ച് കല്ലു പതിപ്പിച്ചതും വെള്ളിയും സ്വർണം കെട്ടിയതുമെല്ലാമായ പാമ്പുമോതിരങ്ങൾ ധനികർ ഉപയോഗിച്ചിരുന്നു. പാവപ്പെട്ടവരാകട്ടെ ചെമ്പുകൊണ്ടും. പക്ഷേ സ്നേട്ടിഷാമിലെ നിധിപ്പെട്ടി ലഭിച്ചതിൽ നിന്നുമാറി ഏറെ ദൂരെ എയ്ൽസ്ബറിയിലെ ഒരു വയലിൽ നിന്നാണു പുതിയ പാമ്പുമോതിരം ലഭിച്ചതെന്നതാണു പുരാവസ്തു ഗവേഷകരെ കുഴക്കുന്നത്. ബ്രിട്ടനിൽ നിന്നു പൊതുജനത്തിനു ലഭിക്കുന്ന വിലയേറിയ വസ്തുക്കൾ പോർട്ടബിൾ ആന്റിക്വിറ്റീസ് സ്കീം വഴി സർക്കാർ സംരക്ഷിക്കുന്നുണ്ട്. അതിന്റെ ഡേറ്റബേസിലൊന്നും ഇത്തരത്തിലൊരു പാമ്പുമോതിരം കാണാത്തതും അതിന്റെ വില കൂട്ടുന്നു. 2018 മാർച്ചിൽ കണ്ടെത്തിയ മോതിരം നിധിയായി കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മൂല്യം നിർണയിക്കുന്നതിനു മുൻപുതന്നെ മോതിരം വാങ്ങാൻ ബ്രിട്ടനിലെ മ്യൂസിയങ്ങളിലൊന്നു മുന്നോട്ടു വന്നുകഴിഞ്ഞു.
Summary : Snettisham Iron Age hoards