തലയ്ക്കു മുകളിൽ മഴ പോലെ എട്ടുകാലികൾ; പതിനാലുകാരൻ എടുത്ത ഞെട്ടിക്കുന്ന വിഡിയോ!
എത്ര വലിയ ധൈര്യശാലിയാണെങ്കിലും ദേഹത്തിലൂടെ ഒരെട്ടുകാലി നടന്നു പോയാൽ ‘അയ്യോന്റമ്മോ’ എന്നും നിലവിളിച്ചോണ്ട് പലരും ഓടും. അതിനെ പെട്ടെന്നു തന്നെ കൈകൊണ്ടു തട്ടിക്കളയുകയും ചെയ്യും. എട്ടുകാലിയോടുള്ള ഭയത്തിന് അരക്ക്നോഫോബിയ എന്നാണു പേരുതന്നെ. അങ്ങനെയാണെങ്കിൽ നൂറുകണക്കിന് എട്ടുകാലികൾ ആകാശത്തു നിന്നു മഴ പോലെ പെയ്താൽ എങ്ങനെയുണ്ടാകും? ഞെട്ടിക്കുന്ന അത്തരമൊരു കാഴ്ചയുടെ വിഡിയോ പുറത്തു വന്നത് ബ്രസീലിൽ നിന്നായിരുന്നു. ആദ്യ കാഴ്ചയിൽ മഴ പോലെ എട്ടുകാലികൾ പൊഴിയുകയാണെന്നു തോന്നും. പക്ഷേ സൂക്ഷിച്ചൊന്നു നോക്കിയാൽ മനസ്സിലാകും, അതു മഴയായിരുന്നില്ല മറ്റൊരു തന്ത്രമായിരുന്നെന്ന്.
ആകാശത്തു വലകെട്ടി അതിൽ തൂങ്ങിക്കിടന്നിരുന്ന എട്ടുകാലികളെയാണു മഴയെന്നു പലരും സംശയിച്ചത്. പത്തു സെക്കൻഡോളം മാത്രമേ വിഡിയോയ്ക്കു ദൈർഘ്യമുള്ളൂ. ആകാശത്തു കറുത്ത പൊട്ടുകൾ പോലെ എന്തോ കിടക്കുന്നതാണു ദൃശ്യത്തിൽ. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് അവ എട്ടുകാലികളാണെന്നു തിരിച്ചറിഞ്ഞത്. ബ്രസീലിൽ തെക്കൻ സംസ്ഥാനമായ മിനാസ് ഗെറായ്സിൽ നിന്നായിരുന്നു വിഡിയോ. പതിനാലു വയസ്സുകാരനായ ജൊവോ പെഡ്രോ ഫൊൻസേകയാണു തന്റെ മൊബൈലിൽ ഈ കാഴ്ച പകർത്തിയത്. ജനുവരി നാലിന് ഫെയ്സ്ബുക്കില്‍ പോസ്റ്റും ചെയ്തു. അധികം വൈകാതെ അത് ആരോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. അതോടെ രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പെടെയാണു സംഭവം വാർത്തയാക്കിയത്.
എന്നാൽ ബ്രസീലിലെ തെക്കൻ പ്രദേശത്ത് ഇതൊരു സാധാരണ സംഭവമാണെന്നാണു പ്രദേശവാസികൾ പറയുന്നത്. വേനൽക്കാലത്തു കൊടുംചൂടാകുമ്പോഴാണു സാധാരണ ഈ പ്രതിഭാസം സംഭവിക്കാറുള്ളത്. Parawixia bistriata എന്ന തരം എട്ടുകാലികളാണ് ഇതിനു പിന്നിൽ. കുഞ്ഞന്മാരായ ഇവ കൂട്ടമായി ജീവിക്കുന്ന സ്വഭാവക്കാരാണ്. പലപ്പോഴും ആയിരക്കണക്കിന് എട്ടുകാലികൾ ചേർന്നാണു വല നെയ്യാറുള്ളത്. സന്ധ്യയോടെ ഇവ ആകാശത്ത് വളരെ കനം കുറഞ്ഞ വല കെട്ടും. കനം കുറവായതിനാൽത്തന്നെ മനുഷ്യന്റെ കണ്ണുകൾക്കു പോലും ഇവയെ തിരിച്ചറിയാനാകില്ല. ഏകദേശം നാലുമീറ്റർ വീതി വരും ഈ വലയ്ക്ക്. ഒരു പ്രദേശം മുഴുവൻ ഇത്തരത്തിൽ ‘ആകാശവല’ കെട്ടിക്കഴിഞ്ഞ് ഇവ സ്വന്തം വാസസ്ഥലത്തേക്കു പോകും. രാത്രി മുഴുവൻ പിന്നെ കാത്തിരിപ്പാണ്.
നേരം വെളുക്കുമ്പോഴേക്കും വല നിറയെ പ്രാണികളും കൊതുകുകളും മറ്റും പെട്ടിട്ടുണ്ടാകും. ചിലപ്പോൾ കുഞ്ഞൻ പക്ഷികളും വലയിൽ പെടാറുണ്ട്. എട്ടുകാലികൾ ഓരോന്നായി രാവിലെത്തന്നെ വലകളിലേക്കിറങ്ങി ഈ പ്രാണികളെ ശാപ്പിടും. കുശാലായ സദ്യയോടെ ഒരു ദിവസം തുടങ്ങാനാകുമെന്നു ചുരുക്കം. വലയുടെ അടുത്തു നിന്നുള്ള ദൃശ്യവും മറ്റൊരു വിഡിയോയിലൂടെ പുറത്തുവന്നിരുന്നു. അതിൽ എട്ടുകാലികളുടെ യഥാർഥ രൂപം അറിയാവുന്ന വിധം അടുത്തു നിന്നുള്ള ദൃശ്യങ്ങളുമുണ്ട്. ഇവ സാധാരണ ഗതിയിൽ മനുഷ്യർക്ക് യാതൊരു അപകടവും ഉണ്ടാക്കാറില്ല. പ്രാണികളെയും കൊതുകുകളെയും തിന്നു ഗുണമേറെ ചെയ്യുന്നുമുണ്ട്. പക്ഷേ ഇവ ആകാശത്തു കൂട്ടത്തോടെ തൂങ്ങിക്കിടക്കുന്നതു കാണുമ്പോൾ മാത്രം ചെറിയൊരു പേടി തോന്നും. ബ്രസീലുകാർക്കാകട്ടെ ഈ കാഴ്ച ശീലമായി, ബാക്കിയുള്ളവർക്കാകട്ടെ കൗതുകവും!