കടുവയെ കാണാൻ കാട് കയറി;  ഒടുവിൽ ചാങ് ഫെങ്ങിന് സംഭവിച്ചത് !, Tiger, the short story, Li Fu Yen, Padhippura,, Manorama Online

കടുവയെ കാണാൻ കാട് കയറി; ഒടുവിൽ ചാങ് ഫെങ്ങിന് സംഭവിച്ചത് !

ജസ്റ്റിൻ മാത്യു

ലീ ഫു യെൻ എഴുതിയ കഥകളൊക്കെ ചൈനയിലെ ക്ലാസിക്കുകളായാണു കണക്കാക്കുന്നത്. ലീയുടെ സൃഷ്ടികളിൽ പ്രാധാന്യം ഏറിയതാണു ‘കടുവ’ എന്ന ചെറുകഥ. ഭാവനയും ‌‌യാഥാർഥ്യവും ഇടകലർന്നാണു കഥയുടെ സഞ്ചാരം. വടക്കു ദേശത്തുനിന്നു ഫൂകിയൻ പ്രവിശ്യയിലൂടെ നടക്കുകയാണ് കഥാനായകനായ സഞ്ചാരി. പേര് ചാങ് ഫെങ് ഫൂകിയൻ. ആ സഞ്ചാരത്തിന്റെ പ്രധാന ഉദ്ദേശ്യം ഫൂകിയൻ കാടുകളിലെ കടുവയെ കാണുക എന്നതാണ്.

ഒരു സത്രത്തിൽ വിശ്രമിക്കാൻ കയറുന്ന ചാങ് ഫെങ് ഭൃത്യനെ അവിടെ നിർത്തിയിട്ട് തനിയെ കടുവയെ കാണാൻ പുറപ്പെടുന്നു. യാത്രാ മധ്യേ ഉറക്കം വന്ന ചാങ് മുന്നിൽ കണ്ട പുൽത്തകിടിയിൽ കിടന്നുറങ്ങി. ആതൊരു മാന്ത്രിക പുൽത്തകിടി ആയിരുന്നു. ആ വിവരം ചാങ് അറിയുന്നില്ല. നേരം സന്ധ്യ മയങ്ങുന്നതുവരെ ആ ഉറക്കം നീണ്ടു. ഉണർന്നപ്പോൾ തന്നിൽ എന്തൊക്കെയോ മാറ്റം. കൈകൾക്കും കാലുകൾക്കും വലിയ ശക്തി കൈവന്നിരിക്കുന്നു. ദേഹമാസകലം രോമവും. അത്ഭുതത്തോടെ അയാൾ ആ സത്യം മനസ്സിലാക്കി. അയാൾ ഒരു കടുവയായി മാറിയിരിക്കുന്നു.

ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു ചെന്ന കടുവയെ കണ്ടതും എല്ലാവരും പേടിച്ച് ഓടാൻ തുടങ്ങി. ചിലർ ആക്രമിക്കാനും മുതിർന്നു. പാവം കടുവ എന്തു ചെയ്യണമെന്നറിയാതെ കാട്ടിൽ ഒളിച്ചിരുന്നു. വിശപ്പു സഹിക്കാൻ വയ്യാതായി. അങ്ങനെ കിടക്കുമ്പോഴാണ് അടുത്ത പട്ടണത്തിലെ മേയറായ ചെങ് ഹ്യൂവും സംഘവും ആ വഴി വന്നത്. കടുവ അവരുടെ മുന്നിലേക്കു വന്നു. എല്ലാവരും ചിതറിയോടി.

ചെങ് ഹ്യൂം കടുവയുടെ മുന്നിൽ അകപ്പെട്ടു. അയാളെ കടുവ അകത്താക്കി. പിന്നീട് കടുവയ്ക്കു കുറ്റബോധം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി. അയാൾ മാനസികമായി തകർന്നു. എങ്ങനെയെങ്കിലും മനുഷ്യനായി മാറണം. അങ്ങനെ അയാൾ മാന്ത്രിക പുൽത്തകിടിക്കടുത്തു വീണ്ടുമെത്തി. തന്നെ പഴയ മനുഷ്യനാക്കണം എന്നാവശ്യപ്പെട്ട് അയാൾ തകിടിയിൽ കിടന്നു. അത്ഭുതമെന്നു പറയണ്ട അയാൾ മനുഷ്യനായി.

വർഷങ്ങൾ കടന്നു പോയി. ഹ്വായ് നഗരത്തിലെ സുഹൃത്തുക്കൾ ചാങ് ഫെങ് ഫൂകിയനെ ഒരു വിരുന്നു സൽക്കാരത്തിനു വിളിച്ചു. വിരുന്നിനിടെ ചാങ് നന്നായി മദ്യപിച്ചു. അപ്പോഴാണ് കൂടിയിരിക്കുന്നവർക്കിടയിൽ നിന്ന് ഒരു നിർദേശം ഉയർന്നത്. കേൾവിക്കാരെ അതിശയിപ്പിക്കുന്ന എന്തെങ്കിലും അനുഭവം വിരുന്നുകാർ അവിടെ അവതരിപ്പിക്കണം. അതുവരെ ആരോടും പറയാതെ ഉള്ളിൽ സൂക്ഷിച്ചിരുന്ന കടുവയുടെ അനുഭവം ചാങ് എല്ലാവരോടുമായി പറഞ്ഞു.

കഥ കേട്ടുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ ചാടി എഴുന്നേറ്റു. കടുവ കൊന്നുതിന്ന മേയറുടെ മകനായിരുന്നു അയാൾ. അച്ഛനെ കൊന്നവനെ കൊല്ലാനായി അയാൾ കത്തിയുമായി പാഞ്ഞു. എന്നാൽ അവിടെക്കൂടിയവർ അയാളെ തടഞ്ഞു.

അച്ഛനെ കൊന്നതു ചാങ് അല്ലെന്നും ചാങ്ങിനെ ആവേശിച്ച കടുവയായിരുന്നു എന്നും അവർ ആ ചെറുപ്പക്കാരനോടു പറഞ്ഞു. കുറേനേരം തർക്കിക്കുകയും ശകാരിക്കുകയും ചെയ്തെങ്കിലും ഒടുവിൽ ആ ചെറുപ്പക്കാരൻ ചാങ്ങിനോടു ക്ഷമിച്ചു.