മെറ്റൽ ഡിറ്റക്ടറുകൾ ശബ്ദിച്ചു; കുഴിച്ചു നോക്കിയവർക്കു കിട്ടിയത് അപൂർവ ‘നിധികൾ’
നദിയിൽ വീണ മഴുവിനു പകരം മരംവെട്ടുകാരനു സ്വര്‍ണവും വെള്ളിയും കൊണ്ടുള്ളവ സമ്മാനമായി നൽകിയ വനദേവതയുടെ കഥ കൊച്ചുകൂട്ടുകാർക്കെല്ലാവർക്കും അറിയാം. അതുപോലൊരു മഴു കിട്ടിയ കഥ ഇപ്പോൾ വന്നിരിക്കുന്നത് ബ്രിട്ടണിൽ നിന്നാണ്. സംഗതി സ്വർണമല്ലെങ്കിലും അതിനേക്കാളും ഏറെ വിലപ്പെട്ടതാണ്. അതിനാൽത്തന്നെ ഇതിനെ നിധിയായി കണക്കാക്കി മ്യൂസിയത്തിൽ സൂക്ഷിക്കാനാണു സർക്കാർ തീരുമാനം. ബ്രിട്ടണിലെ വെയ്‌ൽസിലുള്ള സ്വാൻസിയിൽ നിന്നാണ് ഒട്ടേറെ പേർക്കു മഴു ഉൾപ്പെടെയുള്ള ‘നിധി’ ലഭിച്ചത്.
മെറ്റൽ ഡിറ്റക്ടറുമായി പരിശോധനയ്ക്കിറങ്ങിയതായിരുന്നു പലരും. ഇവിടെ ഇത്തരത്തിൽ നിധി തിരയുന്നതു പലർക്കും ഒരു ഹരവുമാണ്. അതിനാൽത്തന്നെ സ്വാൻസി മ്യൂസിയവും വേണ്ട സഹായമെല്ലാം നല്‍കുന്നുണ്ട്. കണ്ടെത്തുന്ന പുരാവസ്തുക്കൾ മ്യൂസിയത്തിനു കൈമാറും. പരിശോധനയിൽ വിലമതിക്കാനാകാത്തതാണെന്നു തെളിഞ്ഞാൽ 1996ലെ ‘ട്രഷർ ആക്ട്’ പ്രകാരം ഇവ പിന്നെ സർക്കാരിനു കീഴിലായിരിക്കും. 2010 മുതൽ സ്വാൻസിയിൽ നടന്ന ‘നിധിവേട്ട’യിൽ ലഭിച്ച സംഗതികൾ മ്യൂസിയത്തിലെത്തുന്ന വിവരം കഴിഞ്ഞ ദിവസമാണ് അധികൃതർ പുറത്തുവിട്ടത്. ഇതിലൊന്ന് 3000 വര്‍ഷം പഴക്കമുള്ള മഴുവാണ്.
മോതിരങ്ങളും മാലയിലിടുന്ന പതക്കവും വാളും അരിവാളുമെല്ലാം ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട്. സ്വാൻസിയുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ഗംഭീര കണ്ടെത്തലുകളാണ് ഇവയെന്നാണു മ്യൂസിയം അധികൃതർ പറയുന്നത്. 2011ല്‍ സ്വാൻസി ബേയിൽ നിന്നാണ് വെള്ളിപ്പതക്കം ലഭിക്കുന്നത്. ഗാരി മേയ് എന്ന വ്യക്തിക്ക് ഇതോടൊപ്പം രണ്ടു മോതിരങ്ങളും ലഭിച്ചു. രണ്ടും 13, 14 നൂറ്റാണ്ടുകളിലേതാണെന്നാണു കരുതുന്നത്. നേരത്തേയും ഗാരിയുടെ തിരച്ചിലിൽ വെങ്കലയുഗത്തിലെയും റോമൻ കാലഘട്ടത്തിലെയും വസ്തുക്കൾ ലഭിച്ചിട്ടുണ്ട്. പതക്കം ലഭിച്ചത് മണ്ണിനടിയില്‍ അധികം ആഴത്തിലല്ലാതെയാണ്. ഇപ്പോൾ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ വേലിയേറ്റ സമയത്ത് മോതിരം കടലെടുത്തേനെയെന്നും ഗാരി പറയുന്നു.
2013ലാണ് സ്വർണ മോതിരം ലഭിക്കുന്നത്. അതിൽ പത്തു ശതമാനത്തിലേറെ സ്വർണമായിരുന്നു. റോമൻ അക്ഷരത്തിൽ I wish it better എന്നും എഴുതിയിരുന്നു. പതിനേഴാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ആ മോതിരം കണ്ടെത്തിയത് റൊണാൾഡ് സാൻഡേഴ്സ് എന്ന വ്യക്തിയായിരുന്നു. അതും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ. സ്വാൻസിയിലെ ഒരു വയലിൽ നിന്നാണ് 2015 ഡിസംബറിൽ വെങ്കലയുഗത്തിലെ അഞ്ച് വസ്തുക്കൾ ലഭിക്കുന്നത്. അതിൽ ഉൾപ്പെട്ടതായിരുന്നു മഴുവും വാൾക്കഷ്ണങ്ങളുമെല്ലാം. അവയാകട്ടെ വെറും 25 സെ.മീ. ആഴത്തിലായിരുന്നു ഒളിച്ചിരുന്നത്.
ഒൻപതു സെ.മീ. ആഴത്തില്‍ നിന്ന് ഒരു വെള്ളിമോതിരം ലഭിക്കുന്നത് 2016 ജൂലൈയിലായിരുന്നു. പത്തു ശതമാനം വെള്ളി അടങ്ങിയ മോതിരം 15-16 നൂറ്റാണ്ടിൽ നിന്നാണെന്നാണു കരുതുന്നത്. ബ്രിട്ടണിലെ ജീവിതരീതിയും പഴയകാല ഫാഷനുമെല്ലാം മനസ്സിലാക്കിയെടുക്കാൻ ഏറെ സഹായിക്കുന്നതാണ് ഈ കണ്ടെത്തലുകളെല്ലാം. ഇത്തരത്തിലുള്ള വസ്തുക്കൾ പലരുടെയും ശേഖരത്തിലും കാണും. അതിനാൽത്തന്നെ ജനങ്ങളെ സ്വാൻസി മ്യൂസിയത്തിലേക്കു ക്ഷണിക്കുകയാണ് അധികൃതർ.