യമാഷിതയുടെ സ്വർണപ്പെട്ടി; ലോകമഹായുദ്ധകാലത്തെ നിധി കുഴിച്ചിട്ട ദ്വീപിൽ സംഭവിക്കുന്നത്...!
ഒരു കഥ കാരണം ആകെ പൊറുതിമുട്ടിയിരിക്കുകയാണ് ഫിലിപ്പീൻസിലെ പനയ് ദ്വീപിലുള്ളവർ. കഥയല്ല അതു നടന്ന സംഭവമാണെന്ന് വിശ്വസിക്കുന്നവർ ഇന്നുമുണ്ട്. അവരുടെ പ്രവൃത്തി കാരണം ഇപ്പോൾ സ്വന്തം കിടപ്പാടം തന്നെ നഷ്ടമാകുമോ എന്ന പേടിയിലാണു പനയ് ദ്വീപുനിവാസികൾ. ഒരു നിധിക്കഥയാണ് ഇവിടത്തെ പ്രശ്നക്കാരൻ. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഒരു ജാപ്പനീസ് ജനറൽ കോടിക്കണക്കിനു രൂപ മൂല്യമുള്ള സ്വർണം പെട്ടിയിലാക്കി പനയ് ദ്വീപിൽ കുഴിച്ചിട്ടിട്ടുണ്ടെന്നാണു കഥ. ഇതു പല തലമുറ കൈമറിഞ്ഞ് യഥാർഥ സംഭവം പോലെയായി. ഇപ്പോഴും ദ്വീപിന്റെ പല ഭാഗത്തും നിധി തേടി ഖനനം നടക്കുകയാണ്. പക്ഷേ ഇനിയും ഖനനം തുടർന്നാൽ മണ്ണൊലിപ്പുണ്ടാവുകയും കരയിടിയുകയും ചെയ്ത് പനയ് നിവാസികളുടെ വീടുകൾ നഷ്ടമാകുന്ന അവസ്ഥയാകുമെന്നാണു വിദഗ്ധർതന്നെ പറയുന്നത്. പ്രദേശവാസികൾ ഇതുസംബന്ധിച്ചു പരാതിയും നൽകിക്കഴിഞ്ഞു.
10 പേർ ചേർന്ന് ഏകദേശം 1000 ചതുരശ്ര മീറ്റര്‍ വരുന്ന പ്രദേശത്തു നടത്തുന്ന ഖനനമാണ് ഇപ്പോൾ ഭീഷണിയായിരിക്കുന്നത്. ഒരു വർഷമായി ഇവർ ഒരു പ്രത്യേക പ്രദേശം മുഴുവൻ വേലി കെട്ടിത്തിരിച്ച് കുഴിയെടുക്കുന്നു. ഇതിനു സർക്കാരിന്റെ അനുമതിയുണ്ടെന്നും അവർ പറയുന്നു. പൊലീസിനെപ്പോലും അടുപ്പിക്കാതെയാണ് ഖനനം. നിലവിൽ പരാതി നൽകിയിരിക്കുന്ന ഗ്രാമം ഒരു കുന്നിന്റെ താഴ്‌വരയിലാണ്. നേരത്തേതന്നെ അവിടെ മണ്ണിടിച്ചിൽ സംബന്ധിച്ച പരാതി ഉയർന്നിരുന്നു. ഇപ്പോൾ പ്രശ്നം രൂക്ഷമായെന്നാണ് റിപ്പോർട്ട്. കുന്നിടിഞ്ഞു വീണാൽ സമീപത്തെ ഒൻപതു വീടുകൾ മണ്ണിനടിയിലാകും. ഈ സാഹചര്യത്തിൽ സംഭവത്തെപ്പറ്റി അന്വേഷിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
യമാഷിതയുടെ സ്വർണപ്പെട്ടി എന്നാണ് ഈ നിധി അറിയപ്പെടുന്നത്. ജാപ്പനീസ് ജനറലായിരുന്ന തൊമോയുകി യമാഷിതയുടെ പേരിലാണിത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലത്ത് ഫിലിപ്പീൻസിലെ ജാപ്പനീസ് കമാൻഡറായിരുന്നു അദ്ദേഹം. യുദ്ധകാലത്ത് തെക്കുകിഴക്കൻ ഏഷ്യയിൽനിന്നു കൊള്ളയടിച്ച സ്വർണവും മറ്റു വിലപിടിച്ച വസ്തുക്കളും കുഴിച്ചിടുന്നതിന് നേതൃത്വം നൽകിയത് യമാഷിതയാണെന്നാണു പറയപ്പെടുന്നത്. 1945 സെപ്റ്റംബറിൽ യുഎസിനു മുന്നിൽ ജപ്പാൻ കീഴടങ്ങുന്നതുവരെ ഇതു തുടർന്നു. പിടിയിലായ അദ്ദേഹത്തെ 1946ല്‍ വധശിക്ഷയ്ക്കു വിധിച്ചതോടെ സ്വർണനിധിയെപ്പറ്റിയുള്ള വിവരങ്ങളും ഇല്ലാതായി. ഒട്ടേറെ പുസ്തകങ്ങളുടെ രചനയ്ക്കു കാരണമായിട്ടുണ്ട് ഈ നിധി. കോടിക്കണക്കിനു ഡോളർ വിലമതിക്കുന്നതാണിതെന്നും പറയപ്പെടുന്നു.
താൻ കണ്ടെത്തിയ നിധി ഫിലിപ്പീൻസ് പ്രസിഡന്റ് ഫെര്‍ഡിനാന്റ് മാർക്കോസ് തട്ടിയെടുത്തെന്നു കാണിച്ച് നിധിവേട്ടക്കാരനായ റോജെലിയോ റോക്‌സസ് യുഎസ് കോടതിയെ സമീപിച്ചിരുന്നു. 17 വർഷത്തെ നിയമപോരാട്ടത്തിനു ശേഷം 2005ൽ റോക്സസിന് 1.3 കോടി ഡോളർ നഷ്ടപരിഹാരത്തിനും വിധിയായി. എന്നാൽ ഫിലിപ്പീൻസിലെ ചരിത്രാധ്യാപകൻ റിക്കാർഡോ ജോസിനു പറയാനുള്ളത് മറ്റൊരു കഥയാണ്. 1943ൽതന്നെ ജപ്പാന് സമുദ്രത്തിന്മേലുള്ള ആധിപത്യം നഷ്ടമായിരുന്നു. അതിനാൽത്തന്നെ യുദ്ധത്തിന്റെ അവസാനകാലത്ത് ഫിലിപ്പീൻസിലെത്തി സ്വർണം കുഴിച്ചുമൂടിയെന്നതു ചിന്തിക്കാൻ പോലുമാകില്ല! എന്നാൽ എഡി 1600കളിൽ ചൈനീസ് കടൽക്കൊള്ളക്കാരനായ ലിമാഹോങ് കുഴിച്ചിട്ട നിധിയാണ് പിൻക്കാലത്ത് ജപ്പാന്റേതെന്ന പേരിൽ പ്രചരിച്ചതെന്നും കഥകളുണ്ട്. ഫിലിപ്പീന്‍സിലെ പങ്കാസിനാൻ മേഖലയിലാണ് ഇതുസംബന്ധിച്ച കഥകൾ. ഫിലിപ്പീൻസിലെ സ്പാനിഷ് അധിനിവേശകാലത്ത് മെക്സിക്കോയിൽ നിന്നുള്ള സ്വർണം ഒളിപ്പിച്ചത് പനയ്‌യിലാണെന്നും കഥയുണ്ച്. എന്തൊക്കെത്തന്നെയാണെങ്കിലും യമാഷിതയുടെ നിധിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും കഥകളിലേറെയുമുറങ്ങുന്നത്. അത് ഉറക്കം കളയുന്നതാകട്ടെ ഒരു മുഴുവൻ ഗ്രാമത്തിന്റെയും...
Summary : Treasure hunters search for Yamashita's gold on Philippines island