ആഘോഷിക്കപ്പെടാതെ പോയ ആദിവാസി സമരനായകർ!
ബിജീഷ് ബാലകൃഷ്ണൻ
ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ ആദിവാസികൾ നടത്തിയ പോരാട്ടങ്ങൾ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ആഘോഷിക്കപ്പെട്ടില്ല. ഈ സ്വാതന്ത്ര്യദിനത്തിൽ ആദിവാസി സമരനായകരിൽ ചിലരെ പരിചയപ്പെടാം.
കാടകങ്ങൾ കാഹളങ്ങൾ
‘നിങ്ങൾ എനിക്കൊപ്പം വരൂ, വിദേശപ്പരിഷകളുടെ വെടിയുണ്ടകളെ ഞാൻ വെള്ളമാക്കി മാറ്റാം’എന്ന് ഉറക്കെ പ്രഖ്യാപിച്ചതു ധീരനായ പോരാളി ബിർസാ മുണ്ടയായിരുന്നു. ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനു നേരെ നെഞ്ചുവിരിച്ചുനിന്ന സ്വാതന്ത്ര്യസമരനായകൻ. ആദിവാസികൾക്കു പോരാട്ടത്തിന്റെ ഉശിരു പകർന്ന ബിർസയ്‌ക്ക് മുഖ്യധാരാ ചരിത്രപുസ്‌തകങ്ങളിൽ അർഹിക്കുന്ന ഇടം കിട്ടിയില്ല. ഇതൊരാളുടെ മാത്രം കാര്യമല്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും തീക്ഷ്‌ണമായ ഏടുകളിൽ ചിലത് എഴുതിച്ചേർത്തത് ആദിവാസികളുടെ ചോരകൊണ്ടാണ്.
ഛത്തീസ്‌ഗഡിൽ 1774–79 കാലത്തു ബ്രിട്ടിഷുകാർക്കെതിരെ നടത്തിയ ഹൽബാ കലാപത്തെയാണ് ആദ്യത്തെ പ്രധാനപ്പെട്ട ആദിവാസി പ്രക്ഷോഭമായി വിശേഷിപ്പിക്കുന്നത്. സാന്താൾ, കോളി, ലുഷായ്, ഭീൽ, മുണ്ട, കുറിച്യർ, ഗോണ്ട്, നാഗാ വിഭാഗങ്ങളിലെല്ലാം പെട്ട ആദിവാസികൾ പല കാലങ്ങളിലായി ബ്രിട്ടിഷ് മേൽക്കോയ്‌മയ്‌ക്കു നേരെ ശബ്‌ദമുയർത്തി.
വനവിഭവങ്ങൾ കൊള്ളയടിച്ചും നിർബന്ധിതമായി കപ്പം പിരിച്ചും ബ്രിട്ടിഷുകാർ നാടിനെ ഞെക്കിപ്പിഴിഞ്ഞപ്പോൾ അതിനെതിരെ കാടകങ്ങളിൽ മുഴങ്ങിയ സ്വാതന്ത്ര്യകാഹളങ്ങൾ ഏറെയുണ്ട്. സായിപ്പിനു മുന്നിൽ നാട്ടുരാജാക്കൻമാർ കവാത്തു മറന്നപ്പോൾ കാടിനും നാടിനും കാവലായവർ. തലയ്‌ക്കൽ ചന്തുവിനെയും ഖാജ്യാ നായിക്കിനെയും താന്ത്യാ ഭീലിനെയും ഹോന്യ കേംഗ്ലെയെയും പോലുള്ള പോരാളികൾ. ഇവരിൽ പലരെയും പിടികൂടാനും വധിക്കാനും ബ്രിട്ടിഷുകാർക്കായതു ചതിയിലൂടെയാണ്. ഉറ്റവരെ ഒറ്റുകാരാക്കുന്ന സാമ്രാജ്യത്വ തന്ത്രമാണ് അവർ പയറ്റിയത്. കാടിനെ ഉള്ളംകയ്യിലെന്നപോലെ അറിയുന്നവരെ പോരാട്ടത്തിലൂടെ കീഴടക്കുക എളുപ്പമല്ലെന്ന പാഠം ബ്രിട്ടിഷുകാർ അപ്പോഴേക്കും പഠിച്ചിരുന്നു.
ആഘോഷിക്കപ്പെടാതെ പോയ, സ്വാതന്ത്ര്യസമരത്തിലെ ആദിവാസി സമരനായകരിൽ ചിലരെ നമുക്കു പരിചയപ്പെടാം.
ബിർസാ മുണ്ട
‘രാജ്‌ഞിയുടെ സാമ്രാജ്യം അവസാനിക്കട്ടെ, ഞങ്ങളുടെ സാമ്രാജ്യം വരട്ടെ’എന്നു പ്രഖ്യാപിച്ച വിപ്ലവകാരിയാണു ബിർസാ മുണ്ട. ഇന്നത്തെ ജാർഖണ്ഡ് സംസ്‌ഥാനത്തുള്ള ഉലിഹാതു എന്ന ഗ്രാമത്തിൽ സുഗുണാ മുണ്ടയുടെയും കാർമിയുടെയും മകനായി 1875 നവംബർ 15നാണ് ബിർസ ജനിച്ചത്. ചാൽക്കഡിനടുത്തു ബാംബയിലായിരുന്നു ജനനം എന്നും വാദമുണ്ട്. എല്ലാ ആദിവാസി കുട്ടികളെയും പോലെ ആടിനെ മേയ്‌ച്ചും മുളന്തണ്ടൂതിയും ബിർസ വളർന്നു. മിഷൻ സ്‌കൂളിൽ ചേർന്നു പഠിച്ച് അപ്പർ പ്രൈമറി പരീക്ഷ പാസായെങ്കിലും ആദിവാസി വിരുദ്ധതയെ ചോദ്യം ചെയ്‌തതിന്റെപേരിൽ അവിടെനിന്നു പുറത്താക്കപ്പെട്ടു.
ബ്രിട്ടിഷുകാർ നടപ്പിലാക്കിയ വനനിയമം ആദിവാസികളെ അവരുടെ ആവാസവ്യവസ്‌ഥയിൽനിന്ന് അകറ്റിനിർത്തുന്നതായിരുന്നു. വനവിഭവങ്ങൾ ശേഖരിക്കാൻപോലും അനുവാദമില്ലാതായതോടെ ജീവിതം വഴിമുട്ടി. ഇതിനുപുറമേയായിരുന്നു കൊടുത്താലും തീരാത്ത കരങ്ങൾ. ജനനത്തിനും മരണത്തിനും ബ്രിട്ടിഷുകാർക്കു കരം കൊടുക്കേണ്ട സ്‌ഥിതി. ഇതുകണ്ട് അടങ്ങിയിരിക്കാൻ ബിർസാ മുണ്ടയ്‌ക്ക് ആകുമായിരുന്നില്ല. ബ്രിട്ടിഷ് നിയമങ്ങൾക്ക് എതിരെ സർവശക്‌തിയുമെടുത്തു പ്രതിഷേധിക്കാൻ ബിർസ ആഹ്വാനം ചെയ്‌തു.
ബ്രിട്ടിഷുകാർ ബിർസയെയും അച്‌ഛനെയും പിടികൂടി രണ്ടുവർഷം തടവിനും നാൽപതു രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. ശിക്ഷ അനുഭവിച്ചിട്ടും ബിർസയുടെ മനസ്സു മാറിയില്ല. പോരാട്ടത്തിന്റെ പാത വിടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഗോണ്ട് മേഖലയിൽ ചേർന്ന യോഗത്തിൽവച്ച് ബിർസ ആദിവാസികളുടെ സ്വയംഭരണം പ്രഖ്യാപിച്ചു. വിരലിലെ രക്‌തം നെറ്റിയിൽ തൊട്ട് ആദിവാസി വിമോചനത്തിനായി പ്രതിജ്‌ഞയെടുത്തു.
ബിർസയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ എളുപ്പത്തിൽ അടിച്ചമർത്താമെന്നുള്ള ബ്രിട്ടിഷ് സൈന്യത്തിന്റെ വിചാരം വിലപ്പോയില്ല. 1899 ഡിസംബർ 25നു ബ്രിട്ടിഷ് സൈന്യത്തിനു നേരെ ബിർസയുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായി. 1900 ജനുവരി ഒന്നിനു ബ്രിട്ടിഷുകാർ പകരം വീട്ടി. റാഞ്ചിയിലെ ആദിവാസി ഗ്രാമങ്ങൾ വളഞ്ഞ് അവർ കൂട്ടക്കുരുതി നടത്തി. ബ്രിട്ടിഷുകാരുടെ തോക്കുകൾക്കു മുന്നിൽ എതിർത്തുനിൽക്കാൻ വില്ലും കവണയും മാത്രമേ അവരുടെ കയ്യിലുണ്ടായിരുന്നുള്ളൂ. ശക്‌തമായ ചെറുത്തുനിൽപിനൊടുവിൽ ബിർസയും കൂട്ടാളികളും കീഴടങ്ങി. 1900 ജൂൺ ഒൻപതിന് ഇരുപത്തിയഞ്ചാം വയസ്സിൽ ബിർസാ മുണ്ടയുടെ ജീവിതം അവസാനിച്ചു. കോളറ പിടിച്ചു മരിച്ചെന്നായിരുന്നു ബ്രിട്ടിഷ് വാദമെങ്കിലും വിഷം കൊടുത്തു കൊന്നെന്നാണു ജനങ്ങൾ വിശ്വസിച്ചത്.
ഖാജ്യാ നായ്‌ക്ക്
ബ്രിട്ടിഷുകാർക്ക് എതിരെ പോരാടാൻ വിവിധ ആദിവാസി ഗോത്രങ്ങളെ ഒരുമിപ്പിച്ച പോരാളിയാണു ഖാജ്യാ നായ്‌ക്ക്. ഒരുകാലത്ത് ബ്രിട്ടിഷ് പൊലീസിൽ ഉന്നത പദവി വഹിച്ചിരുന്ന അദ്ദേഹം 1857ലെ സ്വാതന്ത്ര്യസമര കാലത്ത് ഉത്തരേന്ത്യ ബ്രിട്ടിഷ് അധിനിവേശത്തിനെതിരെ ഉണർന്നെണീറ്റപ്പോൾ അതിന്റെ ഭാഗമായി.
ഗോത്രപ്പോരാളികളുടെ സൈന്യം രൂപീകരിച്ച ഖാജ്യ ബ്രിട്ടിഷുകാരെ പ്രകോപിപ്പിച്ചു. മധ്യപ്രദേശിലെ സേന്ത്വാ മേഖല കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ബോംബെയിലേക്കു കൊണ്ടുപോകുകയായിരുന്ന സർക്കാർ ഖജനാവു കൊള്ളയടിക്കാൻപോലും ഖാജ്യ ധൈര്യം കാണിച്ചു. വനവിഭവങ്ങൾ കൊള്ളയടിക്കുകയും ആദിവാസികളെ പിഴിഞ്ഞൂറ്റുകയും ചെയ്യുന്ന ഇംഗ്ലിഷ് ഈസ്‌റ്റ് ഇന്ത്യാ കമ്പനിക്കും ബ്രിട്ടിഷ് ഭരണാധികാരികൾക്കും ആദിവാസികൾ കൊടുത്ത താക്കീതായിരുന്നു അത്.
മഹാരാഷ്‌ട്രയിലും മധ്യപ്രദേശിലുമായി ആദിവാസികൾ നടത്തിയ ഒളിയുദ്ധത്തിനു മുന്നിൽ ബ്രിട്ടിഷ് സൈന്യം പകച്ചുനിൽക്കുകയായിരുന്നു. അവർക്ക് അപരിചിതമായിരുന്നു കാടിന്റെ മറപറ്റിയുള്ള ചടുലനീക്കങ്ങൾ. സാത്‌പുര പർവതം കേന്ദ്രീകരിച്ചു ഭീൽ ആദിവാസികൾ നടത്തിയ നീക്കങ്ങൾക്കു ശക്‌തമായ മറുപടി നൽകാനാകാതെ ബ്രിട്ടിഷ് സൈന്യം കുഴങ്ങി.
1858 ഏപ്രിലിൽ ഖാജ്യയുടെ സൈന്യത്തെ ബ്രിട്ടിഷുകാർ വളഞ്ഞ് ആക്രമിച്ചു. തങ്ങൾക്ക് അലോസരമായവരെ അവസാനിപ്പിക്കാൻതന്നെയായിരുന്നു ബ്രിട്ടിഷുകാരുടെ നീക്കം. നൂറുകണക്കിനുപേർ രക്‌തസാക്ഷികളായി. തോറ്റുകൊടുക്കാൻ ഖാജ്യയ്‌ക്കു മനസ്സില്ലായിരുന്നു. ഒന്നാംസ്വാതന്ത്ര്യസമരത്തിന്റെ ജ്വാല അണയാൻ തുടങ്ങിയിട്ടും ഖാജ്യയും കൂട്ടരും കീഴടങ്ങാൻ തയാറായില്ല. ഒരുതരത്തിലുള്ള വ്യവസ്‌ഥകളുമില്ലാതെ മാപ്പു നൽകാൻ ബ്രിട്ടിഷുകാർ ഒരുക്കമായിരുന്നിട്ടും അനുസരണയോടെ നിന്നുകൊടുക്കാൻ അദ്ദേഹത്തിനു സമ്മതമായിരുന്നില്ല. ഒടുവിൽ ഖാജ്യയുടെ കൂട്ടാളിയെ വശത്താക്കിയ ബ്രിട്ടിഷ് സൈന്യം, അദ്ദേഹം ഉറങ്ങിക്കിടക്കുമ്പോൾ വെടിവച്ചുകൊല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ ശിരസ്സു ഛേദിച്ച ബ്രിട്ടിഷുകാർ മരത്തിൽ കെട്ടിത്തൂക്കി.
ഹോന്യ കേംഗ്ലെ
മഹാരാഷ്‌ട്രയിലെ പുണെയിൽ ഭൂമിയുടെ ഉടമസ്‌ഥതയുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തിനു നേതൃത്വം കൊടുത്തതു ഹോന്യ കേംഗ്ലെയായിരുന്നു. ജൻമിമാർക്കും വൻകിട വ്യാപാരികൾക്കും അവർക്കു കുട പിടിച്ച ബ്രിട്ടിഷ് ഭരണത്തിനും എതിരായിരുന്നു ഹോന്യയുടെ പോരാട്ടം.
കേംഗ്ലെ ഗോത്രത്തിൽ കോളി വിഭാഗത്തിൽപെട്ടയാളായിരുന്നു ഹോന്യ. മലമടക്കുകളിൽ കഴിഞ്ഞുകൊണ്ട് അദ്ദേഹം പോരാടി. ജൻമിമാരുടെ കൈവശമുണ്ടായിരുന്ന വായ്‌പാരേഖകൾ പിടിച്ചെടുത്തു ഹോന്യയും സംഘവും തീയിട്ടു നശിപ്പിച്ചു. എതിർത്തുനിന്നവരെ ആക്രമിക്കാനും വീടുകൾക്കു തീയിടാനും അവർ മടിച്ചില്ല. ഹോന്യയുടെ തലയ്‌ക്ക് 1000 രൂപ വിലയിട്ടിട്ടും ബ്രിട്ടിഷുകാർക്ക് അദ്ദേഹത്തെ തൊടാനായില്ല. പ്രത്യേക സേന തന്നെ രൂപീകരിച്ചാണ് ഒടുവിൽ പിടികൂടിയത്. ഹോന്യയെ ബ്രിട്ടിഷുകാർ തൂക്കിലേറ്റി. ഇന്നും ഹോന്യ കേംഗ്ലെ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചുള്ള അനശ്വരകഥകൾ ആദിവാസികൾക്കിടയിൽ പ്രചാരത്തിലുണ്ട്.
താന്ത്യാ ഭീൽ
ബ്രിട്ടിഷുകാർ കുറ്റവാളിയെന്നു വിശേഷിപ്പിച്ച താന്ത്യാ ഭീലിനെ പാവപ്പെട്ട മനുഷ്യർ ‘താന്ത്യാ മാമാ’ എന്നു സ്‌നേഹത്തോടെ വിളിച്ചു. അവർക്കുവേണ്ടിയായിരുന്നു താന്ത്യാ ബ്രിട്ടിഷ് ഖജനാവുകൾ കൊള്ളയടിച്ചതും ആയുധമെടുത്തതും. 1842ൽ മധ്യപ്രദേശിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
ജൻമിയെ എതിർത്തതിന്റെപേരിൽ അന്യായമായി ജയിലിൽ കഴിയേണ്ടിവന്ന താന്ത്യ ഗത്യന്തരമില്ലാതെ നാടുവിട്ടുപോയിട്ടും പീഡനം തുടർന്നു. ജയിൽ ചാടിയ അദ്ദേഹം ബ്രിട്ടിഷ് ഭരണത്തിനും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ നിരന്തരമായി പോരാടി. താന്ത്യയുടെ പോരാട്ടങ്ങളെ തുടർന്ന് ആദിവാസികൾക്കെതിരായ ആക്രമണങ്ങൾ കുറഞ്ഞു. അവർ അദ്ദേഹത്തെ വീരനായകനായി ആരാധിച്ചു. ആദിവാസികളെ തൊട്ടാൽ മറുപടി തരിക താന്ത്യയായിരിക്കുമെന്നൊരു ഭീതി ഭൂപ്രഭുക്കൻമാർക്ക് ഉണ്ടായി. ബ്രിട്ടിഷുകാർ അദ്ദേഹത്തെ പിടികൂടാൻവച്ച കെണികൾ പലതും പാഴായി.
താന്ത്യയെ പിടികൂടുന്നവർക്കു 10500 രൂപയോ 100 ഏക്കർ ഭൂമിയോ നൽകുമെന്നു ബ്രിട്ടിഷ് സർക്കാർ പ്രഖ്യാപിച്ചു. ഇതിൽ പ്രലോഭിതനായ ഗണപത് സിങ് എന്നയാൾ അദ്ദേഹത്തെ ഒറ്റുകയായിരുന്നു. 1889ൽ അദ്ദേഹത്തെ ബ്രിട്ടിഷുകാർ തൂക്കിക്കൊന്നു.
റാണി ഗയ്‌ഡിൻലൂ
ബ്രിട്ടിഷുകാരെ കെട്ടുകെട്ടിക്കാനായി പോരാടിയ ധീരയാണു ഗയ്‌ഡിൻലൂ. 1915ൽ മണിപ്പുരിലായിരുന്നു ജനനം. 13–ാം വയസ്സിൽ ഹേരക എന്ന മതപരമായ പ്രസ്‌ഥാനത്തിൽ ചേർന്നു. പിന്നീട് ഇതു ബ്രിട്ടിഷുകാർക്ക് എതിരെ പോരാട്ടം നയിക്കുന്ന രാഷ്‌ട്രീയപ്രസ്‌ഥാനമായി.
റോങ്‌മെയ് നാഗാ ആദിവാസി നേതാവ് ജദോനാഥിന്റെ ശിഷ്യയായിരുന്നു ഗയ്‌ഡിൻലൂ. ബ്രിട്ടിഷുകാർ അദ്ദേഹത്തെ തൂക്കിലേറ്റിയതോടെ പോരാട്ടത്തിന്റെ ചുമതല ആ പെൺകുട്ടിക്കായി. മലനിരകളിലിരുന്ന് അവർ ബ്രിട്ടിഷുകാർക്ക് എതിരെ ഒളിപ്പോരു നടത്തി. അമിതമായി കരം ഈടാക്കി കർഷകരെ ചൂഷണം ചെയ്യുന്നതിനെതിരെ അവർ പ്രതികരിച്ചു. കൃഷിഭൂമി വെറുതെ ഒഴിച്ചിടാനുള്ള ഗയ്‌ഡിൻലൂയുടെ ആഹ്വാനത്തെ, കൃഷിക്കു കരം കൊടുത്തു മുടിഞ്ഞ ജനം സ്വീകരിച്ചു.
1932 ഒക്‌ടോബറിൽ ഗയ്‌ഡിൻലൂ അറസ്‌റ്റ് ചെയ്യപ്പെട്ടു. ജീവപര്യന്തം തടവാണു കോടതി വിധിച്ചത്. 1937ൽ ഷില്ലോങ് ജയിലിൽവച്ച് ജവാഹർ ലാൽ നെഹ്‌റു ഗയ്‌ഡിൻലൂയെ കണ്ടു. നെഹ്‌റുവാണ് ‘റാണി’ എന്ന വിശേഷണം നൽകിയത്. ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം കിട്ടിയതിനുശേഷമാണ് ജയിൽമോചിതയായത്. രാഷ്‌ട്രം പത്മഭൂഷൺ നൽകിയാണ് ഈ ധീരയായ പോരാളിയെ ആദരിച്ചത്. 1993 ഫെബ്രുവരി 17നു റാണി ഗയ്‌ഡിൻലൂ ഓർമയായി.
ബാബുറാവു ശേഡ്‌മാകെ
ബ്രിട്ടിഷ് ഭരണകൂടത്തിനെതിരെ അവസാനശ്വാസംവരെ പോരാടിയ ആദിവാസി സമരനായകനാണു ബാബുറാവു പുലേശ്വർ ശേഡ്‌മാകെ. ഗോണ്ട് ആദിവാസി വിഭാഗത്തിൽപെട്ട ബാബുറാവു മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോളി ജില്ലയിലെ അഹേരിയിൽ 1833 മാർച്ച് 12ന് ആണു ജനിച്ചത്.
ആദിവാസികളുടെയും കർഷകരുടെയും ഭൂമി അന്യാധീനപ്പെടുന്ന അവസ്‌ഥ ബാബുറാവുവിൽ രോഷമുയർത്തി. ബനിയകളും ജൻമികളും വലിയ കരം ഈടാക്കുകയും വിഭവങ്ങൾ കൊള്ളയടിക്കുകയും മാത്രമല്ല തൊടുന്യായങ്ങൾ പറഞ്ഞു ഭൂമി കൈവശപ്പെടുത്തുകയും ചെയ്‌തു. ബ്രിട്ടിഷുകാർ പിടിമുറുക്കുന്നതിനനുസരിച്ച് ആദിവാസികളുടെ ജീവിതം ദുസ്സഹമായിവന്നു. ഭൂപ്രഭുക്കൻമാരുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ആദിവാസികൾക്കു നൽകി ബാബുറാവു പോരാട്ടത്തിന്റെ വഴിയിലേക്ക് ഇറങ്ങി.
1857ലെ സ്വാതന്ത്ര്യസമരകാലത്ത്, അദ്ദേഹം അഞ്ഞൂറോളം വരുന്ന ആദിവാസി യുവാക്കളെ ചേർത്തു സൈന്യമുണ്ടാക്കി ബ്രിട്ടിഷുകാർക്കെതിരെ പോരാടാൻ ഇറങ്ങി. ഇക്കാര്യം അറിഞ്ഞ ചന്ദ്രാപ്പുർ ഡപ്യൂട്ടി കലക്‌ടർ ക്രിക്‌ടൺ ആദിവാസി സേനയെ അമർച്ച ചെയ്യാൻ ബ്രിട്ടിഷ് സൈന്യത്തെ അയച്ചെങ്കിലും പരാജയമായിരുന്നു ഫലം. മറ്റൊരു സംഘത്തെക്കൂടി ക്രിക്‌ടൺ അയച്ചെങ്കിലും ബാബുറാവുവിന്റെ സേന അവരെയും പരാജയപ്പെടുത്തി. ഇതിനിടെ വെങ്കട്‌റാവു ശേഡ്‌മാകെയുടെ നേതൃത്വത്തിലുള്ള ആദിവാസിസേനയും കൂടെച്ചേർന്നതു ബാബുറാവുവിനു കരുത്തേകി.
ബാബുറാവുവിന്റെ സേന ചിഞ്ച്‌ഗുഡിയിലെ ബ്രിട്ടിഷ് ക്യാംപ് ആക്രമിച്ച് ഉദ്യോഗസ്‌ഥരെ കൊലപ്പെടുത്തി. ഇതോടെ പരിഭ്രാന്തനായ ക്രിക്‌ടൺ ബാബുറാവുവിനെ ഏതുവിധേനയും ഇല്ലാതാക്കാൻ ശ്രമിച്ചു. ബാബുറാവുവിന്റെ സൈന്യം റാണി ലക്ഷ്‌മീബായിയുടെ രാജ്യത്തെക്കൂടി ആക്രമിച്ചേക്കാമെന്ന ധാരണ പരത്തുന്നതിൽ ബ്രിട്ടിഷുകാർ വിജയിച്ചു. ഇതു വിശ്വസിച്ച റാണി ബാബുറാവുവിനെ പിടികൂടാൻ തീരുമാനിച്ചു. റാണിയുടെ നീക്കം അറിയാതിരുന്ന ബാബുറാവിന് ഇതിനെതിരെ മുൻകരുതലെടുക്കാനും കഴിഞ്ഞില്ല. 1858 സെപ്‌റ്റംബർ 18ന് അദ്ദേഹം അറസ്‌റ്റ് ചെയ്യപ്പെട്ടു. ഒക്‌ടോബറിൽ ഒരു തുറന്ന മൈതാനത്തുവച്ചു ബാബുറാവുവിനെ തൂക്കിലേറ്റി.
തലയ്‌ക്കൽ ചന്തു
ബ്രിട്ടിഷ് ഭരണത്തിന് എതിരായി ദക്ഷിണേന്ത്യയിൽ ഉണ്ടായിട്ടുള്ള ആദ്യകാല സമരങ്ങളിൽ പ്രധാനപ്പെട്ടതാണു പഴശ്ശി കലാപം. പഴശ്ശി രാജയെ പിന്തുണച്ച കുറിച്യ സൈന്യത്തിന്റെ തലവനായിരുന്നു തലയ്‌ക്കൽ ചന്തു. അദ്ദേഹത്തിന്റെയും എടച്ചേന കുങ്കന്റെയും നേതൃത്വത്തിൽ 175 പേരടങ്ങിയ സംഘം 1802 ഒക്‌ടോബർ 11നു പനമരത്തെ ബ്രിട്ടിഷ് കോട്ട പിടിച്ചെടുത്തു. പോരാട്ടത്തിനിടെ ബ്രിട്ടിഷ് കമാൻഡിങ് ഓഫിസറായിരുന്ന ക്യാപ്‌റ്റൻ ഡിക്കിൻസണും ലെഫ്.മാക്‌സ്‌വെല്ലും അടക്കം ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ചന്തുവിനെ പിടികൂടാനുള്ള ബ്രിട്ടിഷ് നീക്കങ്ങൾ പരാജയപ്പെട്ടുകൊണ്ടേയിരുന്നു. വയനാടൻ കാടുകളിൽ ചന്തു നടത്തിയ ഒളിപ്പോർ എതിരാളികൾക്ക് അപരിചിതമായിരുന്നു. ഒടുവിൽ 1805 നവംബർ 15നു ഗൂഢമായ നീക്കത്തിലൂടെ ബ്രിട്ടിഷുകാർ ചന്തുവിനെ പിടികൂടി. പനമരത്തെ കോളിമരച്ചുവട്ടിൽവച്ച് ബ്രിട്ടിഷുകാർ അദ്ദേഹത്തെ വധിച്ചു.