ലോക ക്രിക്കറ്റ് ചരിത്രത്തിൽ തൃപ്പൂണിത്തുറയ്ക്ക് എന്തുകാര്യം?
ടെസ്‌റ്റ് ക്രിക്കറ്റും രാജ്യാന്തരഏകദിന ക്രിക്കറ്റും അരങ്ങേറ്റം നടത്തിയത് മെൽബണിലാണ്. എന്നാൽ നിയന്ത്രിത ഓവർ ക്രിക്കറ്റ് (Limited Over Cricket) എന്ന വിനോദത്തിന് തുടക്കമിട്ടത് തൃപ്പൂണിത്തുറ എന്ന കൊച്ചു നഗരമാണ്. തൃപ്പൂണിത്തുറയും അവിടുത്തെ ഒട്ടോളിപ്പറമ്പും ലോക ക്രിക്കറ്റ് ഭൂപടത്തിൽ സ്‌ഥാനം നേടികയിട്ട് ഏഴു പതിറ്റാണ്ട്. ഒട്ടോളിപ്പറമ്പ് പിന്നീട് പാലസ് ഓവലായി. ലോകം സ്വപ്‌നം കാണുന്നതിനുമുൻപെ തൃപ്പൂണിത്തുറ നിയന്ത്രിത ഓവർ ടൂർണമെന്റിന് വേദിയൊരുക്കി –പൂജ നോക്കൗട്ട് ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ടൂർണമെന്റ് എന്ന പേരിൽ.
കൊച്ചി രാജകുടുംബത്തിലെ യുവതലമുറ ആരംഭിച്ച പ്രിൻസ് ക്ലബ്ബാണ് പൂജാ ക്രിക്കറ്റിന്റെ തുടക്കക്കാർ. 1950ൽ തൃപ്പൂണിത്തുറ പ്രിൻസസ് ക്ലബിന്റെ എക്‌സിക്യുട്ടീവ് യോഗത്തിൽ കൊച്ചി രാജകുടുംബാംഗമായ കെ. വി. കേളപ്പൻ തമ്പുരാൻ മുന്നോട്ടുവച്ച നിർദേശമാണു പരിമിത ഓവറിൽ ക്രിക്കറ്റ് എന്ന ആശയത്തിനു ജൻമം നൽകിയത്. 1951ലാണ് ആദ്യ പൂജ ടൂർണമെന്റ് നടന്നത്. ആതിഥേയരായ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബും കോട്ടയം ക്രിക്കറ്റ് ക്ലബ്ബും ഏറ്റുമുട്ടിയ ഫൈനലിൽ ആതിഥേയർ വിജയിച്ചു.
തൃപ്പൂണിത്തുറയിൽ കളിച്ചിട്ടുള്ള രാജ്യാന്തര താരങ്ങൾ ഏറെ– ഗുണ്ടപ്പ വിശ്വനാഥ്, മുഹമ്മദ് അസ്‌ഹറുദ്ദീൻ, രാഹുൽ ദ്രാവിഡ്, സയിദ് കിർമാനി, ബി. ചന്ദ്രശേഖർ, കെ. ശ്രീകാന്ത്, അനിൽ കുംബ്ലെ, അരുൺലാൽ, ബ്രിജേഷ് പട്ടേൽ, വെങ്കിടേഷ് പ്രസാദ്, റോബിൻ സിങ്, ടിനു യോഹന്നാൻ, എസ്. ശ്രീശാന്ത്.
തയാറാക്കിയത്: അനിൽ ഫിലിപ്പ്